കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുറിനെ പുറത്താക്കിയതില്‍ കടുപ്പിച്ചു ബംഗ്ലാദേശ്; രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു; ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യം; ഇന്ത്യയുമായുള്ള ക്രിക്കറ്റ്ബന്ധം കടുത്ത പ്രതിസന്ധിയില്‍
ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് സര്‍ക്കാര്‍ നിരോധനം
ധാക്ക: ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കടുത്ത പ്രതിസന്ധിയിലേക്ക്. ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് പ്രകാരം, ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സംപ്രേഷണങ്ങളും പ്രൊമോഷനുകളും രാജ്യത്ത് അനിശ്ചിതകാലത്തേക്ക് തടഞ്ഞു.
അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഐപിഎല്‍ സംബന്ധിച്ച എല്ലാ സംപ്രേഷണങ്ങളും പ്രചാരണ പരിപാടികളും കവറേജുകളും ഉടനടി പ്രാബല്യത്തില്‍ വരുംവിധം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയുമാണ് ഈ തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.
ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കിയത്. യുക്തിസഹമായ കാരണങ്ങളില്ലാതെയാണ് ഈ നടപടിയെന്ന് ബംഗ്ലാദേശ് അധികൃതര്‍ ആരോപിക്കുന്നു. സുരക്ഷാ കാരണങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുന്‍നിര്‍ത്തി ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായി തങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (BCB) തീരുമാനിച്ചു.'ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനത്തിന് യുക്തിപരമായ ഒരു കാരണവുമില്ല, ഇത് ബംഗ്ലാദേശിലെ ജനങ്ങളെ ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും രോഷാകുലരാക്കുകയും ചെയ്തിരിക്കുന്നു,' സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ICC) കത്തു നല്‍കിയിരിക്കുകയാണ്.
ഇന്ത്യയിലെ ചില രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് താരത്തെ ഒഴിവാക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഒരു താരത്തിന് പോലും സുരക്ഷ നല്‍കാന്‍ കഴിയാത്ത രാജ്യത്തേക്ക് മുഴുവന്‍ ടീമിനെയും അയക്കാന്‍ കഴിയില്ല' എന്ന് ബിസിബി ഡയറക്ടര്‍ ഖാലിദ് മഷൂദ് പൈലറ്റ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാര്‍ത്താവിനിമയ മന്ത്രാലയം നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി ബംഗ്ലാദേശിലെ ജനങ്ങളെ പ്രകോപിപ്പിച്ചതായും വിഷമിപ്പിച്ചതായും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ലെന്നും ഇത്തരം നടപടികള്‍ ഇന്ത്യയുടെ അന്തസ്സിന് കളങ്കമാണെന്നും ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു.
