തിരുവല്ല നഗരസഭയിലെ കുത്തകവാര്‍ഡില്‍ സിപിഎമ്മിന് പരാജയം; വാര്‍ഡ് എന്‍ഡിഎ പിടിച്ചതിന് പിന്നാലെ ബ്രാഞ്ച് അംഗം അടക്കം മൂന്നു പേരെ പുറത്താക്കിയതായി പോസ്റ്ററുകള്‍; പ്രതികരിക്കാതെ ഏരിയാ നേതൃത്വം

ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേരെ സിപിഎം പുറത്താക്കിയതായി പോസ്റ്ററുകള്‍

Update: 2025-12-18 15:49 GMT

തിരുവല്ല: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. സിപിഎം സ്ഥാനാര്‍ഥിയെ കാലുവാരിയെന്നാരോപിച്ച് മുന്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേരെ സിപിഎം പുറത്താക്കിയതായി പോസ്റ്ററുകള്‍. കാല്‍നൂറ്റാണ്ട് കാലമായി സിപിഎമ്മിന്റെ പ്രതിനിധികള്‍ മാത്രം വിജയിച്ചിരുന്ന നഗരസഭയിലെ 28-ാം വാര്‍ഡ് കാവുംഭാഗത്ത് സിപിഎമ്മിനേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്താക്കലിന് ഇടയാക്കിയത്.

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കാവുംഭാഗം ബി ബ്രാഞ്ച് അംഗവുമായ രവി പ്രകാശ് ( ഗണപതി കുന്നമ്പില്‍), ഭാര്യ സജിനി പ്രകാശ്, പ്രവര്‍ത്തകനായ ബിബിന്‍ ( കണ്ണന്‍, വാളം പറമ്പില്‍) എന്നിവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തന ഭാഗമായി സിപിഎമ്മില്‍ നിന്നും പുറത്താക്കിയതായി കാട്ടി വ്യാപകമായാണ് കാവുംഭാഗം ജങ്ഷനില്‍ അടക്കം പോസ്റ്ററുകള്‍ അടക്കം പതിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ അപ്രമാദിത്വമുള്ള വാര്‍ഡില്‍ സി. മത്തായി ആയിരുന്നു ഇക്കുറി മത്സരിച്ചത്. മത്തായിക്ക് 412 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് കാവുംഭാഗം 69 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വാര്‍ഡില്‍ നിന്നും വിജയിച്ചു കയറുകയായിരുന്നു. സിപിഎമ്മിന് അനുകൂലമായ നായര്‍ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മറിച്ചു നല്‍കി എന്നതാണ് മൂവര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണം. ഇതിന്റെ ഭാഗമായാണ് ബ്രാഞ്ച് കമ്മിറ്റി നടപടിയെടുത്തത്. എന്നാല്‍ സിപിഎം ഏരിയ നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറായിട്ടില്ല.

Tags:    

Similar News