സ്വര്‍ണപ്പാളി മോഷണത്തിലും സര്‍ക്കാര്‍ 'നമ്പര്‍ വണ്‍'; തുറന്നടിച്ച് ഞെട്ടിപ്പിക്കുന്ന ജി. സുധാകരനെ കൊണ്ട് സഹികെട്ട് സി.പി.എം; തരംതാഴ്ത്തലിലും പരസ്യ ശാസനയിലും തളരാതെ മുന്‍ ദേവസ്വം മന്ത്രി; കോണ്‍ഗ്രസ് വേദിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഗൗരവമെന്ന് വിലയിരുത്തല്‍; നേതാവിന്റെ നാവിന്റെ മൂര്‍ച്ചയില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്ക് സാധ്യത
ജി സുധാകരന് എതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് സാധ്യത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെതിരെ സി.പി.എം കര്‍ശന നടപടിയെടുക്കാന്‍ സാധ്യത. സ്വര്‍ണ്ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയതില്‍ നമ്മള്‍ നമ്പര്‍ വണ്‍ ആണെന്നും നടക്കുന്ന വൃത്തികേടുകളിലെല്ലാം മുന്‍പന്തിയിലാണെന്നും കോണ്‍ഗ്രസ് വേദിയില്‍ സുധാകരന്‍ പറഞ്ഞതാണ് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിക്കുന്നത്. തരംതാഴ്ത്തലും രണ്ടുതവണ ശാസനയും നേരിട്ട ജി. സുധാകരനെതിരെ ഇനിയെന്തു നടപടി ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണ്ണപ്പാളി വിവാദമായപ്പോള്‍ മുന്‍കാല ചരിത്രം കൂടി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുന്‍ ദേവസ്വം മന്ത്രിയായിരുന്ന തന്നെക്കൂടി അതില്‍ ഉള്‍പ്പെടുത്താനുള്ള ഗൂഢനീക്കം നടന്നെന്നാണ് വിലയിരുത്തലിലാണ് ജി. സുധാകരന്‍.
ആലപ്പുഴയില്‍ കെ.പി.സി.സി സാംസ്‌കാരിക സാഹിതിയുടെ ക്യാമ്പില്‍ പങ്കെടുക്കവേയാണ് സര്‍ക്കാരിനെതിരെ ജി. സുധാകരന്‍ ആഞ്ഞടിച്ചത്. കേരളം എല്ലാത്തിലും നമ്പര്‍ വണ്‍ ആണെന്നു മത്സരിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. പറയുന്നതു കൊണ്ടായില്ല. ഇവിടെ എന്തൊക്കെ വൃത്തികേടുകള്‍ നടക്കുന്നു. അതിലും മുന്‍പന്തിയിലാണ്. സ്വര്‍ണ്ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്പര്‍ വണ്ണാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വേദിയില്‍ നിന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച സുധാകരന്റെ നടപടി അതീവ ഗൗരവത്തോടെയാണ് സി.പി.എം കാണുന്നത്. സ്വര്‍ണ്ണപ്പാളി വിവാദം ഉണ്ടായപ്പോള്‍ മുതല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടായി സംഭവത്തെ ചിത്രീകരിക്കാന്‍ സുധാകരന്‍ മന:പൂര്‍വ്വം ശ്രമിക്കുന്നതായും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കണമെന്ന അഭിപ്രായം ചില നേതാക്കള്‍ക്കിടയില്‍ ഉയരുന്നത്.
മുതിര്‍ന്ന നേതാവായ ജി. സുധാകരന് പാര്‍ട്ടി അച്ചടക്ക നടപടികള്‍ പുതുതല്ല. താക്കീത്, ശാസന, പരസ്യ ശാസന, തരംതാഴ്ത്തല്‍, സസ്‌പെന്‍ഷന്‍, അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍ എന്നിങ്ങനെയാണ് സി.പി.എമ്മിലെ അച്ചടക്ക നടപടിയുടെ ആരോഹണക്രമം. ഇതില്‍ പരസ്യ ശാസനയും തരംതാഴ്ത്തലും സുധാകരന്‍ നേരിട്ടുകഴിഞ്ഞു. രണ്ടുതവണയും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു നടപടി. 2002 ല്‍ പാര്‍ട്ടി പിടിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി വിഭാഗീയത ആരോപിച്ച് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയായിരുന്നു. എന്നാല്‍, അടുത്ത സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിലേക്കു തിരികെയെത്തിയ സുധാകരന്‍ ആലപ്പുഴ ജില്ലയിലെ ഏതിരാളികളില്ലാത്ത നേതാവായി ഉയര്‍ന്നു. വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന സുധാകരന്‍ കളംമാറി പിണറായി പക്ഷത്തായതോടെ ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയില്‍ വിഎസിന്റെ സ്വാധീനം നഷ്ടമായി തുടങ്ങി. വിഭാഗീയത വലിയ പ്രശ്‌നമായിരുന്ന കാലത്ത് സുധാകരന്റെ നിലപാടുകള്‍ക്കനുസരിച്ചായിരുന്നു പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സഞ്ചാരം.
പിണറായിയോടുള്ള അടുപ്പം സംഘടനാ രംഗത്തും പാര്‍ട്ടിയിലും സുധാകരനെ കരുത്തനാക്കി. വിഎസ് മന്ത്രിസഭയില്‍ മന്ത്രിയായി. ഒന്നാം പിണറായി സര്‍ക്കാരിലും സുപ്രധാന വകുപ്പ് ലഭിച്ചു. സുധാകരന്‍- തോമസ് ഐസക് പോര് പാര്‍ട്ടിയില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്കിടയാക്കിയെങ്കിലും സുധാകരനായിരുന്നു പാര്‍ട്ടിയില്‍ പരിഗണന. ഒരു തവണകൂടി അമ്പലപ്പുഴ സീറ്റ് പ്രതീക്ഷിച്ച സുധാകരനു വലിയ മാനസിക ആഘാതമായിരുന്നു സീറ്റ് നിഷേധിക്കല്‍. വളരെക്കാലം മുന്‍പ് തന്നെ ആലപ്പുഴയിലെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിരുന്ന ഐസക് പ്രതിഷേധിക്കാതെ പാര്‍ട്ടി തീരുമാനം അംഗീകരിച്ചപ്പോള്‍ സുധാകരന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചു എന്നാണ് പാര്‍ട്ടി തന്നെ കണ്ടെത്തിയത്. പിണറായി അടക്കമുള്ളവരുടെ പിന്തുണയാണ് പരസ്യശാസനയില്‍ നടപടി ഒതുക്കിയത്. പിന്നീട് പിണറായി വിജയനുമായി സുധാകരന്‍ അകലുകയായിരുന്നു. ആലപ്പുഴയിലെ പാര്‍ട്ടിയിലും സുധാകരന്‍ ദുര്‍ബലനായി. മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെ പാര്‍ട്ടി ശക്തി കേന്ദ്രമായതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വിശ്വസ്തരില്‍ പലരും കളം മാറുകയും ചെയ്തു.
തുടര്‍ന്ന് 2021 ലാണ് ജി.സുധാകരനെ പാര്‍ട്ടി പരസ്യമായി ശാസിച്ചത്. തുടര്‍ഭരണം ലക്ഷ്യമാക്കി മുന്നോട്ടു പോകുമ്പോള്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് പരസ്യ ശാസനയിലൂടെ പാര്‍ട്ടി ജി.സുധാകരനു നല്‍കിയത്. പാര്‍ലമെന്ററി വ്യാമോഹം നേതാക്കളിലും പ്രവര്‍ത്തകരിലും കൂടിവരുന്നതായി സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. ജി.സുധാകരനും പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായെന്നും തെറ്റു തിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുയാണെന്നും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ പകരക്കാരനായി പാര്‍ട്ടി കണ്ടെത്തിയ എച്ച്.സലാമിനെ പിന്തുണച്ചില്ല, മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സഹായിച്ചില്ല, സലാമിനെതിരെ നടന്ന പ്രചാരണങ്ങളില്‍ മൗനം തുടങ്ങിയ ആരോപണങ്ങളാണ് സുധാകരനെതിരെ ഉണ്ടായിരുന്നത്. ഒരിക്കല്‍ പോലും അഴിമതിയാരോപണം നേരിട്ടിട്ടില്ലെങ്കിലും വാക്കുകളിലും കവിതകളില്‍ കൂടിയും ഇടയ്ക്കിടെ വിവാദങ്ങളില്‍ കുടുങ്ങാറുണ്ട് സുധാകരന്‍.
രാഷ്ട്രീയ എതിരാളികളും സാമുദായിക നേതാക്കളുമൊക്കെ സുധാകരന്റെ നാവിന്റെ മൂര്‍ച്ച പലവട്ടം അറിഞ്ഞിട്ടുണ്ട്. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന് തുടങ്ങി അരൂരിലെ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതനാ പരാമര്‍ശം വരെയുള്ള ഇതില്‍ ചിലതു മാത്രമാണ്.