സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിധി; അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി; ഇതുവരെ അനുഭവിച്ച തടവുകാലം പരിഗണിച്ചു; അടുത്ത വര്‍ഷം മോചനം; അപ്പീല്‍ നല്‍കുന്നതിനുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി

അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി

Update: 2025-05-26 08:31 GMT

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ മലയാളി യുവാവിന് 20 വര്‍ഷം തടവ് ശിക്ഷ. റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിനാണ് ഇരുപത് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. അബ്ദു റഹീം കേസില്‍ നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടായത്. പൊതുഅവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. നിലവില്‍ ശിക്ഷ അനുഭവിച്ച കാലാവധി കഴിഞ്ഞു മാസങ്ങള്‍ക്കകം റഹീമിന് പുറത്തിറങ്ങാനാകും.

റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനുശേഷം ജയില്‍ മോചനമുണ്ടാവും. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും. അതെ സമയം വിധി പകര്‍പ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീല്‍ നല്‍കുന്നതിനുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു

റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം 19-ാം വര്‍ഷത്തിലാണ്. റഹീമിന് അടുത്ത വര്‍ഷം മോചനമുണ്ടാകും. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ജയിലില്‍ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ഈ മാസം അഞ്ചിനായിരുന്നു കഴിഞ്ഞ സിറ്റിങ്.

ഒറിജിനല്‍ കേസ് ഡയറി പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് പറഞ്ഞാണ് അന്ന് കേസ് മാറ്റിവെച്ചത്. സ്വകാര്യ അവാകാശത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാല്‍ (ഏകദേശം 34 കോടി ഇന്ത്യന്‍ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നല്‍കിയതോടെ ഒമ്പത് മാസം മുമ്പ് ഒഴിവായത്.

എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരം തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാ ധനം കോടതി വഴി നല്‍കിയിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ തീര്‍പ്പാകാത്തതിനാലാണ് ജയില്‍ മോചനം നീണ്ടു പോയത്.

ജയില്‍ മോചന ഉത്തരവ് ഉണ്ടായാല്‍ അത് മേല്‍കോടതിയും, ഗവര്‍ണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുള്‍ റഹീം ജയില്‍ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും.

Similar News