മയക്കുമരുന്നുമായി മകള്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലെന്ന വ്യാജ സന്ദേശം; അന്‍വര്‍ സാദത്ത് എംഎല്‍എയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം; എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി

സന്ദേശം ലഭിച്ചയുടന്‍ മകള്‍ സുരക്ഷിതയെന്ന് ഉറപ്പാക്കി

Update: 2024-09-13 17:55 GMT

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയും കുടുംബത്തേയും വ്യാജ സന്ദേശം നല്‍കി ഭീഷണിപ്പെടുത്തി കബളിപ്പിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ പഠിക്കുന്ന അന്‍വര്‍ സാദത്തിന്റെ മകള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശമെത്തിയത്. എംഎല്‍എയുടെ ഭാര്യയുടെ ഫോണിലേക്കാണ് സന്ദേശം വന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. മകള്‍ മയക്കുമരുന്നുമായി ഡല്‍ഹി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയുടന്‍ മകള്‍ സുരക്ഷിതയാണെന്ന് അന്‍വര്‍ സാദത്തും ഭാര്യയും ഉറപ്പാക്കി. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു.

വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് വിശ്വസിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണം തട്ടുന്ന സംഘം വ്യാപകമായിട്ടുണ്ട്. സംസ്ഥാനത്തും ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായ നീക്കമാണ് എഎല്‍എയെ ലക്ഷ്യംവെച്ച് തട്ടുപ്പുസംഘം നടത്തിയതെന്നാണ് സൂചന.

അതേസമയം വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്ന് പണംതട്ടുന്ന മറ്റൊരാള്‍ പൊലീസിന്റെ പിടിയിലാണ്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. 30 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡല്‍ഹി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Tags:    

Similar News