'ഞാന്‍ ഒരു സാധാരണ ബുദ്ധസന്യാസി'; നവതിയുടെ നിറവില്‍ ദലൈലാമ; അനുകമ്പയുടേയും, ഊഷ്മളമായ ബന്ധങ്ങളുടെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തി സന്ദേശം; ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍; തൊണ്ണൂറാം ജന്മദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി; ചൈനയുമായുള്ള തര്‍ക്കത്തില്‍ കരുതലോടെ ഇന്ത്യ

നവതിയുടെ നിറവില്‍ ദലൈലാമ

Update: 2025-07-06 09:10 GMT

ടിബറ്റ്: ടിബറ്റന്‍ ബുദ്ധമത ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ആഘോഷമാക്കി അനുയായികള്‍. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും, രാജീവ് രഞ്ജന്‍ സിംഗും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നായി പ്രമുഖ വ്യക്തികളടക്കം ധരംശാലയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈ ലാമക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

140 കോടി ഇന്ത്യക്കാരോടൊപ്പം പരിശുദ്ധ ദലൈലാമയുടെ 90-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ച ആശംസയില്‍ പറയുന്നു. ലാമയുടെ സന്ദേശം എല്ലാ മതവിഭാഗങ്ങള്‍ക്കും ആദരവും ആരാധനയും പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

താന്‍ വെറുമൊരു സാധാരണ ബുദ്ധസന്യാസിയാണെന്നായിരുന്നു ജന്മദിനത്തില്‍ അനുയായികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ദലൈലാമ പ്രതികരിച്ചത്. പൊതുവെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാറില്ലെങ്കിലും ഈ അവസരത്തില്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. ഭൗതികമായ ഉന്നമനം ആവശ്യമാണെങ്കിലും ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിക്കുന്നവരും അവരോട് കരുണയുള്ളവരുമായിരിക്കണം. ഇതിലൂടെ മനസ്സിന് സമാധാനം ലഭിക്കുകയും ലോകത്തെ മികച്ചതാക്കാന്‍ സഹായിക്കുകയും ചെയ്യു

'പിറന്നാളുമായി ബന്ധപ്പെട്ട ഈ അവസരത്തില്‍ ടിബറ്റന്‍ സമൂഹം ഉള്‍പ്പടെ പല സ്ഥലങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇവിടെ എത്തിച്ചേര്‍ന്നതായി ഞാന്‍ അറിഞ്ഞു. ഈ ആഘോഷപരിപാടിയെ സ്നേഹം, അനുകമ്പ, പരോപകാരം എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്ന ഒരു സംരംഭം ആക്കി മാറ്റുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു.

അതേസമയം മാനുഷിക മൂല്യങ്ങള്‍, മതസൗഹാര്‍ദം, ടിബറ്റന്‍ സംസ്‌കാരം പൈതൃകം എന്നിവ പ്രചരിപ്പിക്കുന്നതിലുള്ള തന്റെ ഉത്തരവാദിത്തം തുടരുമെന്നും ദലൈലാമ വ്യക്തമാക്കി. മനസ്സമാധാനവും അനുകമ്പയും വളര്‍ത്തുന്നതിന് തന്റെ ജന്മദിനത്തെ അവസരമാക്കിയതിന് നന്ദി അറിയിച്ച് കൊണ്ടാണ് ദലൈലാമ സന്ദേശം അവസാനിപ്പിക്കുന്നത്. പിറന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് 40 വര്‍ഷം കൂടി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദലൈലാമ പറഞ്ഞത്.

ഇന്നലെ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ 130 വയസ് വരെ താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ പറഞ്ഞിരുന്നു. മരണത്തിന് ശേഷമാകും തന്റെ പിന്തുടര്‍ച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. ഇതോടെ തന്റെ പിന്തുടര്‍ച്ചാവകാശിയെ ദലൈ ലാമ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമായി. എന്നാല്‍ മരണശേഷം തനിക്കൊരു പിന്‍ഗാമി ഉറപ്പായും ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

ദലൈലാമ - ചൈന തര്‍ക്കം രൂക്ഷമാകുമ്പോള്‍ കരുതലോടെയാണ് വിഷയത്തില്‍ ഇന്ത്യ പ്രതികരിക്കുന്നത്. സന്യാസി സമൂഹത്തിനുള്ള പിന്തുണ തുടരുമെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ ചൈനയെ പ്രകോപിപ്പിക്കാതെ മുന്നോട്ടുപോകാനാണ് തീരുമാനം. പിറന്നാള്‍ ആഘോഷത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഏകചൈന നയത്തില്‍ മാറ്റംവരുത്തില്ലെന്നും വ്യക്തമാക്കുന്നു. ഒരു വിശ്വാസ പ്രമാണത്തിലും ഇടപെടാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിംഗ് വ്യക്തമാക്കി. എല്ലാ മതങ്ങളോടും സമദൂരമാണെന്നും രഞ്ജന്‍ സിംഗ് പറഞ്ഞു.

ടിബറ്റ് സ്വതന്ത്രരാജ്യമെന്ന നിലപാടിലാണ് ദലൈലാമയും ബുദ്ധ സന്യാസിമാരും. സെന്‍ട്രല്‍ ടിബറ്റ് അഡ്മിനിസ്‌ട്രേഷനും പാര്‍ലമെന്റും രൂപീകരിച്ച് സാങ്കല്‍പിക ഭരണം നടത്തുകയും ചെയ്യുന്നു. ഇതിന് എല്ലാ പിന്തുണയും ഇന്ത്യ നല്‍കുന്നുമുണ്ട്. എന്നാല്‍ ടിബറ്റ് സ്വതന്ത്ര രാജ്യമാണെന്നോ സെന്‍ട്രല്‍ ടിബറ്റ് അഡ്മിനിസ്‌ട്രേഷന്‍ ടിബറ്റിന്റെ ഔദ്യോഗിക ഭരണകൂടമാണെന്നോ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിന് കാരണം പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന ഏകചൈന നയമാണ്. തായ്വാനും ടിബറ്റും ഉള്‍പ്പെടെ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കുന്നു.

ചൈനയുമായുള്ള ബന്ധം ഏറെ മോശമായ സമയത്തും ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ചൈനക്കാവട്ടെ ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടുതാനും. ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരുന്ന സമയത്താണ് ദലൈലാമ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങുന്നത്.

Tags:    

Similar News