"എനിക്ക് വിമാനം സ്വന്തമാക്കണം, ആ വർഷം എന്റേതാകും"; 15കാരൻ ഓടിച്ച കാറിടിച്ച് മരിച്ച സാഹിൽ ചുവരുകളിൽ കുറിച്ചിട്ടത് ലോകം കീഴടക്കാനുള്ള സ്വപ്നങ്ങൾ; ഒൻപത് തവണ അമിത വേഗതയ്ക്ക് പിഴ, ആകെ 13 ചലാനുകൾ; എന്നിട്ടും ആ എസ്‌യുവി നിരത്തിലിറങ്ങുന്നു; 23കാരന്റെ മരണത്തിൽ നീതി തേടി അമ്മ

Update: 2026-02-17 10:48 GMT

ഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിൽ അതിവേഗത്തിലെത്തിയ എസ്‌യുവി ഇടിച്ച് തെറിപ്പിച്ചത് ഒരു യുവാവിന്റെ ജീവൻ മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളുമാണ്. പ്രായപൂർത്തിയാകാത്ത ആൾ ഓടിച്ചിരുന്ന എസ്‌യുവി ബൈക്കിലിടിച്ചാണ് 23-കാരനായ സാഹിൽ കൊല്ലപ്പെട്ടത്. സാഹിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. തന്റെ മകൻ എന്നെന്നേക്കുമായി വിട്ടുപോയി എന്ന സത്യം വിശ്വസിക്കാനാകാതെ സാഹിലിന്റെ അമ്മ ഇന്ന മാക്കന് ഇന്നും സാധിച്ചിട്ടില്ല.

മുറിയിൽ ബാക്കിയായ സ്വപ്നങ്ങൾ

ഭംഗിയായി വിരിച്ചുവെച്ച വിരിപ്പും, അടുക്കിവെച്ച പുസ്തകങ്ങളും, ലാപ്‌ടോപ്പും സാഹിലിന്റെ മുറിയിൽ ഇന്നും അവനെ കാത്തിരിക്കുന്നു. മേശപ്പുറത്ത് സാഹിലിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങളുണ്ട്. മേശയ്ക്ക് ചേർന്നുള്ള ചുവരിൽ അവൻ നേടിയ ഡസൻ കണക്കിന് മെഡലുകൾ തൂങ്ങിക്കിടക്കുന്നു. "അവർക്ക് ഫസ്റ്റ് ക്ലാസിൽ പറക്കണം, എനിക്ക് ആ വിമാനം സ്വന്തമാക്കണം" എന്ന പോസ്റ്റർ അവന്റെ വലിയ ലക്ഷ്യങ്ങളെ വിളിച്ചോതുന്നു. "2025 എന്റേതായിരിക്കും, 10 ലക്ഷം ഡോളർ നേടുന്ന വർഷം!" എന്ന് സീലിംഗിൽ അവൻ കുറിച്ചിട്ടിരുന്നു. പക്ഷേ, ആ സ്വപ്നങ്ങൾ പൂവണിയും മുൻപേ വിധിയുടെ ക്രൂരത ആ ജീവിതം കവർന്നെടുത്തു.

അമ്മയുടെ വാക്കുകൾ

ഫെബ്രുവരി 3-ന്, മകന് അപകടം സംഭവിച്ചുവെന്ന ഫോൺ കോൾ വന്നതിന് പിന്നാലെ ഇൻന മാക്കൻ വീട്ടിൽ നിന്നും സംഭവസ്ഥലത്തെത്തി. മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴേക്കും അവൻ മരിച്ചിരുന്നു. "ഉച്ചയ്ക്ക് 1:19-നാണ് ദ്വാരക സെക്ടർ-11-ലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നെ വിളിക്കുന്നത്. എന്റെ നമ്പറിൽ രജിസ്റ്റർ ചെയ്ത ഒരു ബൈക്ക് കണ്ടെത്തിയെന്നും അവിടെ ഒരു മൃതദേഹം കിടക്കുന്നുണ്ടെന്നുമാണ് അവർ പറഞ്ഞത്," പൊട്ടിക്കരഞ്ഞുകൊണ്ട് ഇൻന പറഞ്ഞു.

മകൻ കാണാൻ എങ്ങനെയുണ്ടെന്ന് ഇൻന വിളിച്ചയാളോട് ചോദിച്ചു. "അവൻ മെലിഞ്ഞ വെളുത്ത നിറമുള്ള കുട്ടിയാണെന്ന് അവർ പറഞ്ഞു. ഞാൻ ഉടനെ കാറെടുത്ത് ദ്വാരകയിലെ ലാൽ ബഹാദൂർ ശാസ്ത്രി കോളേജിന് മുന്നിലെത്തി. എന്റെ മകൻ റോഡിൽ കിടക്കുകയായിരുന്നു. അവന്റെ സ്പോർട്സ് ബൈക്ക് മൂന്ന് കഷണങ്ങളായി തകർന്നിരുന്നു, അവൻ ധരിച്ചിരുന്ന ജാക്കറ്റും ചിന്നിച്ചിതറിയിരുന്നു." ആംബുലൻസ് അടുത്തുണ്ടായിട്ടും തന്റെ മകനെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി താൻ 10 മിനിറ്റോളം അവിടെ നിന്ന് നിലവിളിക്കേണ്ടി വന്നുവെന്നും ഇന്ന പറഞ്ഞു.

"അവിടെ ഒരു ആംബുലൻസ് ഉണ്ടായിരുന്നുവെങ്കിലും അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നില്ല. ഞാൻ ഉറക്കെ നിലവിളിച്ചതിന് ശേഷമാണ് സാഹിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴുത്തിന് യാതൊരുവിധ താങ്ങും നൽകാതെ കൈകളിലും കാലുകളിലും പിടിച്ചു തൂക്കിയാണ് അവനെ ആംബുലൻസിലേക്ക് കയറ്റിയത്," ഇൻന മാക്കൻ കൂട്ടിച്ചേർത്തു. സാഹിലിനെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെയും തന്റെ മകനെ ഒന്ന് നോക്കാൻ പോലും ആരെങ്കിലും വരണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഉറക്കെ നിലവിളിക്കേണ്ടി വന്നുവെന്ന് അവർ ആരോപിച്ചു.

"എന്റെ അയൽവാസിയാണ് എന്നെ ആശുപത്രിയിലേക്ക് എത്തിച്ചത്. ഞാൻ ഉറക്കെ ബഹളം വെച്ചപ്പോഴാണ് ആശുപത്രി അധികൃതർ ഇസിജി എടുക്കാൻ തയ്യാറായതും അവൻ മരിച്ചതായി സ്ഥിരീകരിച്ചതും," ഇൻന പറഞ്ഞു. "അപകടം കണ്ടവർ പറയുന്നത് എന്റെ മകൻ ഏകദേശം 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി എന്നാണ്." അപകടമുണ്ടാക്കിയ എസ്‌യുവി ഇതിനുമുമ്പ് 13 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുള്ളതായും അതിൽ ഒൻപത് തവണയും അമിതവേഗതയ്ക്കായിരുന്നു പിഴയെന്നും കണ്ടെത്തി. കാർ ഓടിച്ചിരുന്ന കൗമാരക്കാരന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല.

വാരിയെല്ലുകൾ തകർന്നു, ചോര വാർന്ന് അന്ത്യം

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കരളലിയിപ്പിക്കുന്നതാണ്. തലച്ചോറിനേറ്റ മാരകമായ ആഘാതവും അമിതമായ രക്തസ്രാവവുമാണ് സാഹിലിന്റെ ജീവനെടുത്തത്. തലയോട്ടിയുടെ അസ്ഥികൾ തകർന്നു, തലച്ചോറിൽ രക്തം കട്ടപിടിച്ചു. ഇടത് വശത്തെ മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശ അറകളിൽ രക്തം നിറഞ്ഞ നിലയിലായിരുന്നു. റോഡരികിൽ ചോരവാർന്ന് കിടന്ന നിലയിലായിരുന്നു സാഹിലിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

കുട്ടി ഡ്രൈവർക്ക് പരീക്ഷയെഴുതാൻ ജാമ്യം

അപകടമുണ്ടാക്കിയ 15-കാരനെ പോലീസ് പിടികൂടി ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. പത്താം ക്ലാസ് ബോർഡ് പരീക്ഷ നടക്കുന്നത് പരിഗണിച്ചാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് ഇടക്കാല ജാമ്യം നൽകിയത്. സ്വന്തം മകൻ മരിച്ചു കിടക്കുമ്പോൾ കൊലയാളി പരീക്ഷയെഴുതാൻ പോകുന്നത് നീതികേടാണെന്നാണ് സാഹിലിന്റെ കുടുംബം പറയുന്നത്.

അപകടത്തിൽ പരിക്കേറ്റ ടാക്സി ഡ്രൈവർ അജിത് സിംഗ് ഇപ്പോഴും ചികിത്സയിലാണ്. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന മാതാപിതാക്കൾക്കെതിരെയും കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags:    

Similar News