നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെന്ന് 'ഡല്‍ഹി പൊലീസ്'; 'ഡിജിറ്റല്‍ അറസ്റ്റ്' ഭീഷണിയില്‍ റിട്ട. കോളജ് അധ്യാപികയില്‍ നിന്നും തട്ടിയത് 4.12 കോടി രൂപ; തുക പിന്‍വലിച്ചത് പലരുടെയും അക്കൗണ്ടിലൂടെ; അരീക്കോട് സ്വദേശികളായ 22കാരനും 21കാരനും പിടിയില്‍

പിടിയിലായത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികള്‍

Update: 2024-12-02 06:33 GMT

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചിയിലെ റിട്ട. കോളജ് അധ്യാപികയില്‍നിന്ന് 4.12 കോടി രൂപ തട്ടിയ കേസില്‍ അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിക്കപ്പെടാതിരിക്കാന്‍ തട്ടിയെടുത്ത പണം 450 തോളം അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. തട്ടിയെടുത്ത പണത്തിലെ ഒരു കോടി രൂപയോളം രൂപ വിവിധ അക്കൗണ്ടുകളിലായി പോലീസ് മരവിപ്പിച്ചു. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികളെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു.

'ഡിജിറ്റല്‍ അറസ്റ്റ്' എന്ന പേരില്‍ വാഴക്കാല സ്വദേശി ബെറ്റി ജോസഫില്‍ നിന്നും 4.12 കോടി രൂപ തട്ടിയ കേസില്‍ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസില്‍ (22), കെ.പി. മിസ്ഹബ് (21) എന്നിവരെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് 1.34 ലക്ഷം രൂപയും ഇവര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ ക്രസ്റ്റ കാറും പിടിച്ചെടുത്തിരുന്നു. ഡല്‍ഹി പൊലീസ് എന്ന വ്യാജേനയാണ് പ്രതികള്‍ കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്വദേശിനിയായ റിട്ട. അധ്യാപികയെ തട്ടിപ്പിനിരയാക്കിയത്. റിട്ട. അധ്യാപികയുടെ പേരില്‍ ഡല്‍ഹി ഐ.സി.ഐ.സി.ഐ ബാങ്കില്‍ ആരോ വ്യാജ അക്കൗണ്ട് തുടങ്ങിയെന്നും അതുപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയെന്നുമാണ് ഡല്‍ഹി പൊലീസ് എന്ന പേരില്‍ ഇവര്‍ ഫോണ്‍വഴി അറിയിച്ചത്.

മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവ നടത്തിയ തുക കൈമാറിയത് ഈ അക്കൗണ്ടിലൂടെയാണെന്നും പ്രതികള്‍ ഇവരെ വിശ്വസിപ്പിച്ചു. ഡിജിറ്റല്‍ അറസ്റ്റ് ചെയ്തതായും റിട്ട. അധ്യാപികയുടെ അക്കൗണ്ടുകളിലെ തുകയെല്ലാം കൈമാറണമെന്നും കേസ് തീരുന്ന മുറക്ക് തിരിച്ചുനല്‍കാമെന്നും അറിയിച്ചു. പരിഭ്രാന്തയായ ഇവര്‍ ഏഴുതവണയായി ഓണ്‍ലൈനായി പണം കൈമാറുകയായിരുന്നു. പിന്നീട് സംഘത്തെ വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ഇല്ലാത്തതിനെത്തുടര്‍ന്നാണ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

നഷ്ടമായ തുകയുടെ വലിയൊരു പങ്ക് മലപ്പുറത്തുനിന്നാണ് പിന്‍വലിക്കപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പലരുടെ അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ച് പിന്‍വലിക്കുന്നതാണ് പ്രതികളുടെ രീതി. ഇത്തരത്തില്‍ ഒരുലക്ഷം രൂപ പിന്‍വലിച്ച് നല്‍കുമ്പോള്‍ അക്കൗണ്ട് ഉടമക്ക് 5000 രൂപ കമീഷന്‍ നല്‍കിയിരുന്നു. 450 അക്കൗണ്ടില്‍നിന്ന് 650 ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലെ ഒരുകോടി രൂപയോളം സൈബര്‍ പൊലീസ് മരവിപ്പിച്ചു.

ഒന്നരലക്ഷം രൂപയേ കിട്ടിയുള്ളൂവെന്നും ബാക്കി തുക മറ്റ് പല അക്കൗണ്ടുകളിലേക്കുമായി മാറ്റിനല്‍കിയെന്നുമാണ് യുവാക്കളുടെ മൊഴി. പണം പിന്‍വലിക്കപ്പെടുന്ന സ്ഥലങ്ങളിലെ കാള്‍ ഡീറ്റെയില്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. കൊച്ചി സിറ്റി കമീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശാനുസരണം സൈബര്‍ അസിസ്റ്റന്റ് കമീഷണര്‍ എം.കെ. മുരളിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഭീഷണി

സ്വകാര്യ ബാങ്കിന്റെ ഡല്‍ഹി ബ്രാഞ്ചില്‍ ബെറ്റിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് ഉപയോഗിച്ച് സന്ദീപ് കുമാര്‍ എന്നയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഡല്‍ഹി പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോളിലൂടെ ഡിജിറ്റല്‍ അറസ്റ്റ് നടത്തിയെന്ന് ബെറ്റിയെ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ബെറ്റിയുടെ അക്കൗണ്ടുകളിലുളള പണം നിയമപരം എന്ന് വരുത്താന്‍ മുഴുവന്‍ തുകയും മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചു . തട്ടിപ്പുകാരുടെ കെണി മനസിലാക്കാതെ ബെറ്റി മൂന്ന് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 4.1 കോടി രൂപ തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് കൈമാറി.

ഒക്ടോബര്‍ 16 നും 24 നും ഇടയില്‍ ഏഴു തവണകളിലായിട്ടായിരുന്നു കൈമാറ്റം. കേസ് തീരുന്ന മുറയ്ക്ക് പണം തിരികെ നല്‍കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ പണം തിരികെ കിട്ടാതെ വന്നതോടെയാണ് ചതി മനസിലാക്കിയതും പൊലീസിനെ സമീപിച്ചതും. തട്ടിപ്പു സംഘത്തിലെ കമ്മീഷന്‍ ഏജന്റുകാര്‍ മാത്രമാണ് പിടിയിലായ യുവാക്കളെന്നാണ് സൂചന. ഇവരുടെ അക്കൗണ്ടുകളിലേക്കാണ് ബെറ്റിയുടെ നാലു കോടി രൂപ കൈമാറിയത്.

ഇതില്‍ കമ്മീഷന്‍ തുകയായി ഏതാണ്ട് ഒന്നര ലക്ഷം രൂപയേ കിട്ടിയുളളുവെന്നും ബാക്കി തുക മറ്റ് പല അക്കൗണ്ടുകളിലേക്കുമായി മാറ്റി നല്‍കിയെന്നുമാണ് യുവാക്കളുടെ മൊഴി. തട്ടിയെടുത്ത പണം 450 ലേറെ അക്കൗണ്ടുകളിലൂടെ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംശയാസ്പദമായ ഇടപാട് നടന്ന വിവിധ അക്കൗണ്ടുകളിലായി ഒരു കോടി രൂപയിലേറെ രൂപ സൈബര്‍ സെല്‍ ഇടപെടലില്‍ മരവിപ്പിച്ചിട്ടുണ്ട്. തട്ടിപ്പിന് നേതൃത്വം നല്‍കുന്ന കൂടുതല്‍ ആളുകളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന സൂചനയാണ് സൈബര്‍ പൊലീസ് നല്‍കുന്നത്.

പണം പിന്‍വലിച്ചത് പല അക്കൗണ്ടുകളിലൂടെ

നഷ്ടമായ തുകയുടെ വലിയൊരു പങ്ക് മലപ്പുറത്തുനിന്നാണ് പിന്‍വലിക്കപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പലരുടെ അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ച് പിന്‍വലിക്കുന്നതാണ് പ്രതികളുടെ രീതി. ഇത്തരത്തില്‍ ഒരുലക്ഷം രൂപ പിന്‍വലിച്ച് നല്‍കുമ്പോള്‍ അക്കൗണ്ട് ഉടമക്ക് 5000 രൂപ കമീഷന്‍ നല്‍കിയിരുന്നു. 450 അക്കൗണ്ടില്‍നിന്ന് 650 ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലെ ഒരുകോടി രൂപയോളം സൈബര്‍ പൊലീസ് മരവിപ്പിച്ചു.

നേരത്തെ, സംസ്ഥാനത്ത് പലയിടങ്ങളില്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ കരുവാക്കി ഇത്തരത്തില്‍ അക്കൗണ്ട് എടുത്ത് പണം പിന്‍വലിക്കല്‍ നടത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് വടകര മേഖലയില്‍ നിന്ന് നാല് വിദ്യാര്‍ഥികളെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവമുണ്ടായിരുന്നു. തട്ടിപ്പുകാര്‍ ഇവരുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം പിന്‍വലിച്ചുകൊണ്ടിരുന്നത്. ഇതേ രീതിയാണ് മലപ്പുറത്തെ തട്ടിപ്പുകാരും തുടര്‍ന്നത്.പിടിയിലായത് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തിലെ രണ്ട് കണ്ണികള്‍

Tags:    

Similar News