കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി; അശ്ലീല ചിത്രം എന്നത് 'ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍' എന്ന് മാറ്റി നിയമ ഭേദഗതി വരുത്താന്‍ നിര്‍ദേശം

അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പോലീസിനെ അറിയിക്കാതിരിക്കുന്നതും കുറ്റകരം

Update: 2024-09-23 06:42 GMT

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഈ വിധി പ്രസ്താവം.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം) പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാണെന്ന് കോടതി വിധിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതില്‍ മദ്രാസ് ഹൈക്കോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതിന് എസ്. ഹരീഷെന്ന 28 കാരനെതിരെയുള്ള കേസാണ് ജനുവരി 11ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.

കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫരീദാബാദിലെ ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ്, ഡല്‍ഹിയിലെ ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്നീ സര്‍ക്കാറിതര സംഘടനകളാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്.എസ്. ഫൂല്‍ക്ക സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.

ഹരജിക്കാരന് അശ്ലീല ചിത്രങ്ങള്‍ കാണാനുള്ള ആസക്തിയുണ്ടെങ്കില്‍ കൗണ്‍സലിങ് നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. 2012ലെ പോക്സോ ആക്ട്, 2000ത്തിലെ ഐ.ടി ആക്ട് എന്നിവ പ്രകാരമുള്ള ക്രിമിനല്‍ കേസായിരുന്നു റദ്ദാക്കിയത്. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് 2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് സെക്ഷന്‍ 67 ബി പ്രകാരം കുറ്റകരമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ട രണ്ട് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തത് പ്രതിയുടെ മൊബൈല്‍ ഫോണിലുണ്ടായിരുന്നു. അവ പ്രസിദ്ധീകരിക്കുകയോ മറ്റുള്ളവര്‍ക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ഹരജിക്കാരന്റെ സ്വകാര്യമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍, ഈ നിരീക്ഷണത്തില്‍ ഹൈക്കോടതിക്ക് ഗുരുതരമായ തെറ്റുപറ്റിയെന്ന് വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ ഫോണില്‍ സൂക്ഷിക്കുന്നത് കൈമാറാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്സ്പ്ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അശ്ലീല ചിത്രം എന്നത് 'ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍' എന്ന് മാറ്റാന്‍ നിര്‍ദേശിച്ച കോടതി ഇതു വ്യക്തമാക്കി നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News