പന്തളത്ത് ബിജെപി വിരുദ്ധരുമായി ചേരാന്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ നീക്കം നടന്നിരുന്നുവെന്ന് കോണ്‍ഗ്രസ്; പക്ഷേ, കേരളാ കോണ്‍ഗ്രസ് വഞ്ചിച്ചു; നഗരസഭയില്‍ വീണ്ടും ബിജെപി വന്നതോടെ പ്രസ്താവന പോലും ഇറക്കാതെ മുങ്ങി സിപിഎം നേതൃത്വം

പന്തളത്ത് ബിജെപി വിരുദ്ധരുമായി ചേരാന്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ നീക്കം നടന്നു

Update: 2024-12-23 15:38 GMT

പന്തളം: ബിജെപി വിരുദ്ധര്‍ എന്ന ഓമനപ്പേരില്‍ ഒന്നിച്ച യുഡിഎഫിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടിയായി നഗരസഭ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം. ബിജെപി വിമതരും ഏക സ്വതന്ത്രരുമടക്കം ചേരുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ചേര്‍ന്ന് ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്നായിരുന്നു സ്വപ്നം കണ്ടിരുന്നത്.

എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ഇടപെടലില്‍ ബിജെപി വിമതര്‍ അടക്കം അനുസരണയുള്ള കുഞ്ഞാടുകളായി കൂട്ടില്‍ കയറി. ഏക സ്വതന്ത്രനെ കൂടി ഒരു ബോണസ് എന്ന പോലെ ബിജെപി ചാക്കിട്ടു പിടിച്ചതോടെ നാണക്കേടിന്റെ പടുകുഴിയിലേക്ക് എല്‍ഡിഎഫും യുഡിഎഫും വീണു. കേരളാ കോണ്‍ഗ്രസിന്റെ ഏകഅംഗം വോട്ടു ചെയ്തില്ലെങ്കിലും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തതും കോണ്‍ഗ്രസിന് നാണക്കേടായി. അമ്പേ തറ പറ്റിയ സിപിഎം ആകട്ടെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലും.

ബി.ജെ.പി നഗരസഭ ഭരണത്തിലെത്താതിരിക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പി വിരുദ്ധരുമായി ധാരണയില്‍ എത്തിയിരുന്നുവെന്നും എന്നാല്‍, കേരളാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വഞ്ചിച്ചുവെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയാ വര്‍ഗീസ്, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ആര്‍.വിജയകുമാര്‍, യചെയര്‍മാന്‍ എ ഷാജഹാന്‍, കണ്‍വീനര്‍ ജി. അനില്‍കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്.ഷെരീഫ്, മനോജ് കുരമ്പാല, ഡി.സി.സി അംഗം പന്തളം മഹേഷ്, കൗണ്‍സിലര്‍മാരായ സുനിതാവേണു, രത്നമണി സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

ബിജെപി വിരുദ്ധ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ജില്ലാ നേതൃത്വത്തില്‍ നിന്നും വിപ്പ് നല്‍കിയിരുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ തന്നെ ബി.ജെ.പി വിരുദ്ധര്‍ ചെയര്‍മാനായും വൈസ് ചെയര്‍മാനായും അധികാരത്തില്‍ എത്താന്‍ സഹായിക്കുന്ന നിലപാട് എടുക്കണമെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി കൂടി പങ്കെടുത്ത യു.ഡി.എഫ് നേതൃയോഗത്തിലും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തീരുമാനിച്ചിരുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും ഇതിന് അംഗീകാരം നല്‍കിയിരുന്നു.

വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയെ മുന്‍സിപ്പല്‍ ഭരണത്തില്‍ നിന്നും ഒഴിവാക്കുക എന്ന നയത്തിനാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്. മതേതര മുന്നണി എന്നുള്ള നിലയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം വരെ ഈ നിലപാടിന്റെ ഭാഗമാണ്. എന്നാല്‍ പണാധിപത്യത്തിലൂടെ ബി.ജെ.പി വിരുദ്ധരെ അനുനയിപ്പിച്ച് അവര്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിനാല്‍ ആണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിലപാടെടുത്തത്.

ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ നാടകം കളിച്ചത് കൊണ്ടാണ് വിരുദ്ധര്‍ ബിജെപി പാളയത്തില്‍ തിരിച്ചെത്തിയത് എന്നും കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ പണാധിപത്യത്തിന് വഴങ്ങി യുഡിഎഫ് സംവിധാനത്തെ തന്നെ വഞ്ചിച്ചിരിക്കുകയാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഖറിയ വര്‍ഗീസ് പറഞ്ഞു. വിരുദ്ധരെയും കേരള കോണ്‍ഗ്രസ് നേതാവിനെയും സ്വാധീനിക്കുന്നതിന് ബി.ജെ.പി സംസ്ഥാന നേതാക്കന്മാര്‍ ഇവിടെ ആഴ്ചകളായി ക്യാമ്പ് ചെയ്ത് പണം ഒഴുക്കിയതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News