'കുഴപ്പമില്ല എന്നു പറഞ്ഞു പോയവരാണ് പിന്നീട് നിലപാട് മാറ്റിയത്; പിന്നില്‍ നിന്നും കുത്തിയതു പോലെ; എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ല; ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയില്ല'; കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍; 'മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചു, അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ' എന്നും ഡോക്ടര്‍
'കുഴപ്പമില്ല എന്നു പറഞ്ഞു പോയവരാണ് പിന്നീട് നിലപാട് മാറ്റിയത്
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ സിസ്റ്റം തകരാറിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നീക്കം ശക്തമാക്കിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഡോ. ഹാരിസ്. അദ്ദേഹം രാജിവെക്കുന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയേക്കും. ഇന്ന് വീണ്ടും മാധ്യമങ്ങളിലൂടെ പ്രതികരണവുമായി ഡോ. ഹാരിസ് രംഗത്തുവന്നു. കുഴപ്പമില്ല എന്നു പറഞ്ഞു പോയവരാണ് പിന്നീട് നിലപാട് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പിന്നില്‍ നിന്നും കുത്തിയതു പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ല. തന്നെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ അവിടെ ഉണ്ടായിരുന്നിട്ടും തന്നോട് നേരിട്ടു ചോദിക്കാമയായിരുന്നിട്ടും അത് ചോദിക്കാതെ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തി. ഇത് തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ കുടുക്കാന്‍ ശ്രമിച്ച ചില സഹപ്രവര്‍ത്തകര്‍ക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ് രംഗത്തുവന്നിരുന്നു. മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ എന്നുമാണ് കെജിഎംസിറ്റിഎ ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അയക്കാന്‍ ശ്രമിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു.
സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാര്‍ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തില്‍ ആരോപിക്കുന്നു.
നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിരുന്നു. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്ന നിലപാട് സ്വീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഏറ്റവും വേണ്ടപ്പെട്ടയാളാണെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
'സംസ്ഥാന സര്‍ക്കാര്‍ എന്നും കൂടെ നിന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഏറ്റവും വേണ്ടപ്പെട്ടയാളാണ്. ഉപകരണം കാണാനില്ലെന്ന പരാതി ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ആ വിഷയത്തിലെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്, അതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. ബില്ലുകളും ഉപകരണവും തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അങ്ങനെയൊക്കെ സംഭവിക്കാം.' ഡോ. ഹാരിസ് പറഞ്ഞു.
'ഞാന്‍ ഉന്നയിച്ചിരുന്ന പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ എത്തിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഇപ്പോള്‍, എത്തേണ്ടയിടങ്ങളിലേക്ക് പരാതി എത്തിയപ്പോള്‍ അവര്‍ ഓരോ പ്രശ്നങ്ങളായി പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.' ഡോ. ഹാരിസ് പറഞ്ഞു. തന്റെ ഓഫീസ് റൂമില്‍ ആര്‍ക്കുവേണമെങ്കിലും കയറാമെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
അതേസമയം ഹാരിസ് ചിറയ്ക്കലിനെ കുടുക്കാന് നടത്തി ശ്രമങ്ങളെല്ലാം പൊളിഞ്ഞതോടെ സര്‍ക്കാര്‍ കര്‍ശനനടപടികളില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ വേണ്ടെന്നു വെച്ചേക്കും. ഡോക്ടര്‍ക്കെതിരേ നടപടികളുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാജോര്‍ജ് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയ്ക്കും ഉറപ്പുനല്‍കിയിരുന്നു. ആരോഗ്യമന്ത്രി, ഡോ. ഹാരിസിനെക്കണ്ട് ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു.
യൂറോളജി വിഭാഗത്തില്‍നിന്ന് നഷ്ടമായെന്ന് വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയ മോസിലോസ്‌കോപ് അവിടെത്തന്നെയുണ്ടെന്ന അന്വേഷണറിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി. മറ്റു ശുപാര്‍ശകളൊന്നുമില്ലാതെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് വിവരം.