'എന്നെ ഒന്നിനും കൊള്ളില്ല, എനിക്ക് മുന്നോട്ട് പ്രതീക്ഷകളില്ല, എന്ന ചിന്തയാണ് വിഷാദരോഗത്തിന്റെ സഹചാരി; ഏത് ലിംഗമായാലും മനസ്സിന് വയ്യാതാവുന്നതിന് നാണക്കേട് ഒന്നുമില്ല; അതിന്റെ പേരില്‍ ആരെങ്കിലും ഭാവഭേദം കാണിച്ചാല്‍ അവരുടെ കുഴപ്പമാണ്; ഡോ. ഷിംന അസീസ് എഴുതുന്നു
'എന്നെ ഒന്നിനും കൊള്ളില്ല, എനിക്ക് മുന്നോട്ട് പ്രതീക്ഷകളില്ല
തിരുവനന്തപുരം: അടുത്തിടെ വിഷാദരോഗം മൂലം നിരവധി ഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നിരുന്നു. മഞ്ചേരിയിലെയും കോട്ടയത്തെയും ഡോക്ടര്‍മാര്‍ ജീവനൊടുക്കിയതിന് പിന്നില്‍ വിഷാദ രോഗമായിരുന്നു. ഇതിന് ശേഷമാണ് അബുദാബിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയും പുറത്തുവന്നത്. ഈ പശ്ചാത്തലത്തില്‍ വിഷാര രോഗത്തെ കുറിച്ച് എഴുതുകയാണ് ഡോ. ഷിംന അസീസ്.
ഡോ. ഷിംന അസീസിന്റെ കുറിപ്പ് ഇങ്ങനെ:
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒരു ഡോക്ടര്‍ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്ത വാര്‍ത്ത സുഹൃത്ത് സൂചിപ്പിച്ച് അറിഞ്ഞിരുന്നു. തിരക്കിനിടയില്‍ ഡീറ്റെയില്‍സ് ചോദിക്കാന്‍ വിട്ടു പോയി. പല തവണ വാര്‍ത്തയുടെ ലിങ്ക് സ്ട്രീമില്‍ വന്നപ്പോഴാണ് ആളാരാണെന്ന് ശ്രദ്ധിക്കുന്നത്. അറിയാവുന്ന ഡോക്ടറാണ്, വര്‍ഷങ്ങളായി വിഷാദരോഗമുണ്ടായിരുന്ന ആള്‍. ഇടക്കൊക്കെ വാട്ട്സാപ്പില്‍ വന്ന് മിണ്ടാറുമുണ്ടായിരുന്നു. അവര്‍ക്ക് പിജി കിട്ടിയ മെസേജാണ് അവസാനമായി ഫോണിലുള്ളത്. രണ്ടാളുടേയും തിരക്കുകള്‍ക്കിടയില്‍ എപ്പോഴോ അകന്നു പോയി. വല്ലാത്ത വിഷമം തോന്നുന്നു.
അടുപ്പിച്ചടുപ്പിച്ച് ഒന്നല്ല ഒരുപാടായി ഞങ്ങള്‍ക്കിടയിലെ കൊഴിഞ്ഞു പോക്കുകള്‍. ഡോക്ടര്‍മാരുടെ ആത്മഹത്യാ വാര്‍ത്തകള്‍ക്ക് കീഴെ 'ബൗദ്ധിക വിദ്യാഭ്യാസം മാത്രം കിട്ടിയാല്‍ ഇങ്ങനെയാണ്, മതവിദ്യാഭ്യാസം വേണം' എന്നൊക്കെയുള്ള അഭിപ്രായവും തിട്ടൂരങ്ങളും പതിവുകാഴ്ചയായിരിക്കുന്നു. ഒപ്പം, 'മക്കളെ ഓര്‍ത്തൂടെ, ഇത്രയും പഠിച്ചവരല്ലേ...' എന്നൊക്കെയുമുണ്ട്. എന്താ ഈ കമന്റിടുന്നവര്‍ പറയുന്നത് ഇത് മനഃപൂര്‍വം ചെയ്യുന്നതാണ് എന്നാണോ?
ചിലരെങ്കിലും കരുതുന്ന പോലെ ഡിപ്രഷന്‍ എന്ന രോഗം ജീവിതത്തിലെ ചെറിയ നഷ്ടങ്ങള്‍ പോലും സഹിക്കാന്‍ മനസ്സിന് ശക്തിയില്ലാത്ത ദൗര്‍ബല്യത്തിന്റെ പാരമ്യതയല്ല, അത് കൃത്യമായ ശാരീരിക കാരണങ്ങള്‍ ഉള്ള മാനസികരോഗമാണ്. വളരെയേറെ സാധാരണവുമാണ്. തലച്ചോറിലെ ഡോപ്പമിന്‍-സെറട്ടോണിന്‍ ക്രമരാഹിത്യമാണ് പ്രധാനമായും വിഷാദരോഗത്തിന് പിന്നിലെ കാരണം. പാരമ്പര്യം, ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതസാഹചര്യങ്ങള്‍ എന്നിങ്ങനെ വേറെയും പലത് ചേര്‍ന്ന് ഈ തീയിലേക്ക് പെട്രോള്‍ ഒഴിക്കുകയും ചെയ്യും.
നീതി ആയോഗിന്റെ റേറ്റിങ്ങില്‍ കേരളത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല ഹെല്‍ത് സിസ്റ്റം എന്ന സ്ഥാനം കിട്ടാതെ പോകുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇവിടത്തെ വര്‍ധിച്ച ആത്മഹത്യകളുടെ എണ്ണം കൂടിയാണെന്ന് കഴിഞ്ഞ ദിവസം വായിച്ചിരുന്നു. ഈ കണ്ട വിവരവും വിദ്യാഭ്യാസവും മൊത്തം ഉണ്ടായിട്ടും നമ്മില്‍ പലര്‍ക്കും ഇന്നും മാനസികമായ ബുദ്ധിമുട്ടുകള്‍ക്ക് ഡോക്ടറെ കാണുന്നത് നോര്‍മല്‍ ആയി ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. സൈക്യാട്രിസ്റ്റിനെ കാണുന്നവര്‍ ഭ്രാന്തന്മാരോ മനസ്സിന് ഉറപ്പില്ലാത്ത ദുര്‍ബലരോ ഒക്കെയാണ് പോലും..! മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഇനി എന്നാണ് നമ്മള്‍ തിരിച്ചറിയുക?
വിഷാദരോഗത്തിന്റെ സന്തതസഹചാരികളായ 'എന്നെ ഒന്നിനും കൊള്ളില്ല, എനിക്ക് മുന്നോട്ട് പ്രതീക്ഷകളില്ല, ഞാന്‍ ഇനിയെന്ത് ചെയ്യാനാണ്' എന്ന് തുടങ്ങിയ ചിന്തകള്‍ ഒരു അറ്റവും അന്തവുമില്ലാതെ ചിലപ്പോള്‍ സ്വയം ഒടുങ്ങുന്നതിലേക്ക് പോലും കൊണ്ടെത്തിച്ചേക്കാം. ഗതി കെട്ട് ഈ നെഗറ്റീവ് ആലോചനകള്‍ പങ്ക് വെക്കുന്നവരോട് 'നീ പാട്ട് കേള്‍ക്കൂ, പ്രാര്‍ത്ഥിക്കൂ, തലശ്ശേരി ബിരിയാണി കഴിക്കൂ, മല കേറി ഹരിതാഭ കാണൂ, പുസ്തകം വായിക്കൂ, എല്ലാം ഓക്കേ ആവും' എന്നൊക്കെ പറയുന്നത് ആസ്തമയുടെ വലിവുള്ള ആളോട് 'അമര്‍ത്തി ശ്വാസടുക്കൂ, പാട്ട് ഓണ്‍ ചെയ്ത് റിലാക്‌സ് ചെയ്യൂ, ഫുള്‍ സെറ്റാവും' എന്ന് പറയുന്നത് പോലെ ബാലിശമാണ്. ആസ്ത്മക്കാരന്‍ പാട്ട് കേട്ടാല്‍ വലിവ് മാറി നോര്‍മല്‍ ആകുമോ? രണ്ടാള്‍ക്കും വേണ്ടത് കൃത്യമായ ചികിത്സയാണ്, ബാക്കിയൊന്നും പ്രതിവിധിയല്ല.
ഞാന്‍ ആറ് വര്‍ഷത്തിലേറെയായി വിഷാദരോഗം നേരിടുന്നൊരാളാണ്. മരുന്നുകളുടെ സഹായത്തോടെ ഒരു വിധം സാധാരണ ജീവിതം നയിക്കുന്നു. ആത്മഹത്യാപ്രവണത പോലുമുണ്ടായിരുന്ന, അതിന് ശ്രമിച്ചിട്ടുള്ള കാലത്ത് നിന്നും ഇന്ന് കുറെയൊക്കെ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്, വയ്യെങ്കില്‍ അത് മനസ്സിലാക്കാവുന്ന രീതിയിലുള്ള ഉള്‍ക്കാഴ്ചയുണ്ട്. അതും കടന്ന് ചില നേരത്ത് മനസ്സ് വല്ലാതെ വിഷമിക്കുമ്പോള്‍ ഉടനടി സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സഹായം തേടാറുമുണ്ട്.
പലപ്പോഴും എന്റെ പോസ്റ്റുകളും കമന്റുകളും പുറമെയുള്ള ചിരിയും ആക്റ്റീവ് ആയ പെരുമാറ്റവും ഒക്കെ കാണുമ്പോള്‍, 'വിഷാദമോ, നിങ്ങള്‍ക്കോ? ഒന്ന് പോയേ അവിടുന്ന്' എന്നതാണ് ആദ്യം കിട്ടുന്ന പ്രതികരണം. പലരുടെയും വിചാരം വിഷാദരോഗി ഇരുപത്തതിനാല് മണിക്കൂറും ഡൗണ്‍ ആയിരിക്കും, എപ്പോഴും ഇരുന്ന് കരച്ചിലാകും എന്നൊക്കെയാണ്. അങ്ങനെയില്ലെന്നല്ല, അങ്ങനെ തന്നെ ആവണം എന്നുമില്ല.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഏതോ ഒരു പാതിരാത്രി നാട്ടില്‍ ഉറങ്ങുന്ന ഉമ്മയെ വിളിച്ചുണര്‍ത്തി 'എനിക്ക് വയ്യ ഉമ്മച്ചീ' എന്ന് പറഞ്ഞ് വിതുമ്പി വിതുമ്പി കരഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ എന്റുമ്മയുടെ ചങ്ക് പൊട്ടിയിട്ടുണ്ടാവണം, എന്നിട്ടും അവരെന്നെ ആശ്വസിപ്പിച്ച് കിടത്തിയുറക്കി. പിന്നീടൊരിക്കലും അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. അവരുടെ ധൈര്യവും വിവേകവുമുള്ള പെരുമാറ്റം അന്ന് തന്ന ശക്തി ചെറുതല്ല. അവരന്ന് രാത്രി നിസ്സഹായ ആയിപ്പോയതിനെ കുറിച്ച് അനിയന്‍ പിന്നെയൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂട്ടിന് ആളുണ്ടെങ്കില്‍, സപ്പോര്‍ട് ഉണ്ടെങ്കില്‍, അത് യഥാസമയം തേടാനുള്ള വിവേകം രോഗിക്കുണ്ടെങ്കില്‍ ഒരു പരിധി വരെ ആശ്വാസമാണ്.
കഴിഞ്ഞ നാല് വര്‍ഷത്തില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം നാല്‍പതിനായിരത്തിന് മീതെയാണ്. ഇതില്‍ കൂടുതലും പുരുഷന്മാരുമാണ്. പുരുഷന്‍ കരയുന്നതും സങ്കടം പറയുന്നതുമെല്ലാം ഇന്നും അംഗീകരിക്കാന്‍ മടിയുള്ള സമൂഹമാണ് നമ്മുടേത്. ഏത് ലിംഗമായാലും മനസ്സിന് വയ്യാതാവുന്നതിന് നാണക്കേട് ഒന്നുമില്ല. അതിന്റെ പേരില്‍ ആരെങ്കിലും ഭാവഭേദം കാണിച്ചാല്‍ അവരുടെ കുഴപ്പമാണ്, നമ്മുടെയല്ല എന്ന് മനസ്സിലാക്കുക. എന്റെ അനുഭവം ആവര്‍ത്തിച്ചു തുറന്നു പറയുന്നതും അതിന് വേണ്ടി തന്നെയാണ്.
എനിക്കിവിടെ വിളിച്ചാല്‍ വിളിപ്പുറത്ത് കുടുംബമുണ്ട്, കൂട്ടുകാരുണ്ട്. ജോലി ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെക്കാനിസം ഇത് പോലെ ഒരു എമര്‍ജന്‍സി സമയത്ത് സഹായിച്ചിട്ടുണ്ട്. കാര്യങ്ങള്‍ അത്രയേറെ നിഷ്‌കര്‍ഷയോടെയും സൂക്ഷ്മതയോടെയും ഗൗരവത്തോടെയും എന്റെ മേലധികാരികള്‍ ഏറ്റെടുത്തിട്ടുണ്ട്. രോഗിയെ രോഗി ആയി മാത്രമേ ചുറ്റുമുള്ളവര്‍ കാണുന്നുള്ളൂ, 'മാനസികരോഗി'യെന്ന് പറഞ്ഞ് അകറ്റി നിര്‍ത്താന്‍ ഇവിടെ ആരുമില്ല. 'ജോലി ചെയ്യാന്‍ കെല്‍പ്പുണ്ട്' എന്ന ചികിത്സിക്കുന്ന ഡോക്ടറുടെ ഉറപ്പിനപ്പുറം എന്റെ ജോലിസ്ഥലവും ഒന്നും ആവശ്യപ്പെടുന്നില്ല, ഒരു വേര്‍തിരിവുമില്ല. എല്ലാം സാധാരണ പോലെ. അത്ര മേല്‍ മികച്ച സപ്പോര്‍ട് എനിക്കിവിടെയുണ്ട്.
ഇതുപോലൊരു സപ്പോര്‍ട്ടിംഗ് സിസ്റ്റമാണ് കേരള സര്‍ക്കാരിന്റെ 'ദിശ' ഹെല്‍പ്ലൈന്‍. 1056 അല്ലെങ്കില്‍ 0471 2552056 എന്ന നമ്പറില്‍ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ് . വല്ലാതെ കഷ്ടപ്പെട്ട്, സഹിക്കാന്‍ വയ്യാത്ത നോവും തിന്ന് ആരും ജീവിക്കരുത്. മനസ്സ് വേദനിച്ച് ആരും ഭൂമി വിട്ട് പോകരുത്. വഴികളടഞ്ഞിട്ടില്ല, ഒരിക്കലും അടയുന്നുമില്ല. വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ ഇനിയും കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ.
സ്‌നേഹം,
ഡോ. ഷിംന അസീസ്