'ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി പെരുമാറിയ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും'; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം
'ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്
പത്തനംതിട്ട: മൂന്നാറില്‍ വിനോദ സഞ്ചാരിയായി എത്തിയ മുംബൈ സ്വദേശിനിയായ യുവതിയോട് ടാക്‌സി ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് ഗതാഗത വകുപ്പും ഒരുങ്ങുന്നു. ഈ വിഷയത്തില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. മൂന്നാറില്‍ മുംബൈ സ്വദേശിയായ യുവതിയോട് ടാക്‌സി ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയതില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.
യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവര്‍മാര്‍ക്കും ഒത്താശചെയ്ത പോലീസുകാര്‍ക്കും എതിരെ നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. യാത്രയ്ക്ക് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്.
'ആറ് പേരാണ് യുവതിയോട് മോശമായി പെരുമാറിയത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യും.തുടര്‍ന്ന് ഇവരുടെ ലൈസന്‍സ് റദ്ദാക്കും.ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്. ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല. ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്.മൂന്നാറില്‍ ഗുണ്ടായിസം നടത്തുകയാണ്.തൊഴിലാളികളോട് സ്നേഹമുള്ള സര്‍ക്കാറാണിത്.എന്നാല്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. പുരോഗമന സംസ്ഥാനത്തിന് ചേര്‍ന്ന നടപടിയില്ല. മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു.അന്ന് കുറേ പേര്‍ക്ക് പിഴ ചുമത്തിയിരുന്നു.അതില്‍ പിഴ അടക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കും'. മന്ത്രി പറഞ്ഞു.
കേരള സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം യുവതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയില്‍ അസി.പ്രൊഫസറായ ജാന്‍വി എന്ന യുവതിക്കാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് യുവതിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ തടയുകയായിരുന്നു. സ്ഥലത്തെ ടാക്സിയില്‍ മാത്രമേ പോകാവൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി പൊലീസിന്റെ സഹായം തേടി.എന്നാല്‍ പൊലീസും ഇതേ നിലപാടെടുത്തുവെന്നുമാണ് യുവതി പറയുന്നത്. അനുഭവം ഓണ്‍ലൈനില്‍ പങ്കുവെച്ച ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സമാനമായ അനുഭവം നേരിട്ടെന്ന സന്ദേശങ്ങള്‍ ലഭിച്ചെന്നും യുവതി പറയുന്നു.
ഓണ്‍ലൈന്‍ ടാക്സിയെ തടയാന്‍ ഡ്രൈവര്‍മാര്‍ രംഗത്തുവന്നതും പോലീസിന്റെ നിസ്സംഗമായ പെരുമാറ്റവുമെല്ലാം മുംബൈ സ്വദേശിനി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് അവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസറ്റു ചെയ്ത വിവരമാണ് മറുനാടന്‍ വാര്‍ത്തയാക്കിയത്. ഇതോടെ സംഭവത്തില്‍ വീഴ്ച്ചപറ്റിയവര്‍ക്കെതിരെ നടപടികളെത്തി. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇടപെട്ടതോടെ അടിയന്തരമായി നടപടികള്‍ എടുക്കുകയായിരുന്നു.
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവര്‍മാര്‍, പൊലീസ് എന്നിവരില്‍നിന്നു ദുരനുഭവം നേരിട്ട സംഭവത്തില്‍ ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ 2 പൊലീസുകാര്‍ക്കു സസ്പെന്‍ഡ് ചെയ്തു. ഇത് കൂടാതെ മൂന്ന് ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. ടാക്സി ഡ്രൈവര്‍മാരായ ലാക്കാട് ഫാക്ടറി ഡിവിഷനില്‍ പി.വിജയകുമാര്‍ (40), തെന്മല്ല എസ്റ്റേറ്റില്‍ ന്യൂ ഡിവിഷനില്‍ കെ.വിനായകന്‍, മൂന്നാര്‍ ജ്യോതി ഭവനില്‍ എ.അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സംഭവത്തില്‍ മൂന്നാര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോര്‍ജ് കുര്യന്‍, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്സി ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
