ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ സ്രോതസ്സ് പരിശോധിക്കും. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കണക്കില്‍പ്പെടാത്ത പണം ദേവസ്വം ബോര്‍ഡിലെ പദ്ധതികളിലേക്ക് ഒഴുക്കിയിട്ടുണ്ടോ എന്നതും അന്വേഷിക്കും; ശബരിമലയിലെ അന്വേഷണം സാമ്പത്തിക ക്രമക്കേടുകളിലേക്കും

Update: 2026-01-21 01:00 GMT

കൊച്ചി: ശബരിമലയിലെ സാമ്പത്തിക ഇടപാടുകളെയും സ്വര്‍ണ്ണക്കവര്‍ച്ചയെയും കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. വര്‍ഷങ്ങളായി ശബരിമലയില്‍ നടന്നുവരുന്ന സ്‌പോണ്‍സര്‍ഷിപ്പുകളുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്ന സംശയമാണ് കേന്ദ്ര ഏജന്‍സി പ്രധാനമായും പരിശോധിക്കുന്നത്. ശബരിമലയിലെ കൊടിമരം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വലിയ പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ പണത്തിന്റെ സ്രോതസ്സ് ഇ.ഡി വിശദമായി പരിശോധിക്കും. ഭക്തിയുടെയും വഴിപാടുകളുടെയും മറവില്‍ കണക്കില്‍പ്പെടാത്ത പണം ദേവസ്വം ബോര്‍ഡിലെ പദ്ധതികളിലേക്ക് ഒഴുക്കിയിട്ടുണ്ടോ എന്നതാണ് പ്രധാന അന്വേഷണ വിഷയം. ഇതിനായി കഴിഞ്ഞ വര്‍ഷങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പ് രേഖകളും കരാറുകളും ഇ.ഡി ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു കഴിഞ്ഞു.

സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ തുടങ്ങിയ അന്വേഷണം ഇപ്പോള്‍ ദേവസ്വം ബോര്‍ഡിലെ മൊത്തത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് ഈ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ആചാരങ്ങളുമായും വഴിപാടുകളുമായും ബന്ധപ്പെട്ട പണമിടപാടുകളില്‍ വലിയ തോതിലുള്ള ക്രമക്കേട് നടന്നതായി ഇ.ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. സ്‌പോണ്‍സര്‍മാര്‍ ബോര്‍ഡുമായി നടത്തിയ ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തിയാല്‍ സ്‌പോണ്‍സര്‍മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും. നിലവില്‍ തന്ത്രി കണ്ഠര് രാജീവരെ ഒഴിവാക്കിയാണ് പരിശോധനകള്‍ നടക്കുന്നത് എങ്കിലും, ഉദ്യോഗസ്ഥരും സ്‌പോണ്‍സര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവരാനാണ് ഇ.ഡി ശ്രമിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയായ മുരാരി ബാബുവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് 13 മണിക്കൂറുകള്‍ക്ക് ശേഷം അവസാനിച്ചിരുന്നു. 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ' എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന അതീവ രഹസ്യമായ പരിശോധനയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ മുരാരി ബാബുവിന്റെ വീട്ടിലെത്തിയത്. പരിശോധനയില്‍ മുരാരി ബാബു, ഭാര്യ, മകന്‍ എന്നിവരുടെ ബാങ്ക് ഇടപാടുകളുടെ രേഖകള്‍, ആസ്തി വിവരങ്ങള്‍, വാഹനങ്ങളുടെയും വീട് നിര്‍മ്മാണത്തിന്റെയും രേഖകള്‍ എന്നിവ ഇ.ഡി സംഘം കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണക്കവര്‍ച്ചയുടെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ ആഴം കണ്ടെത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിന് അകത്തും പുറത്തുമായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ആസ്ഥാനം ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ മുന്‍കൂട്ടി വിവരം അറിയിച്ച ശേഷമായിരുന്നു ആസ്ഥാനത്തെ പരിശോധന. എന്‍. വാസുവിന്റെ പേട്ടയിലെ വീട്ടിലും കേസിലെ മറ്റ് പ്രതികളായ എ. ജയശ്രീ, കെ.എസ്. ബൈജു എന്നിവരുടെ വസതികളിലും ഇ.ഡി സംഘം എത്തിയതോടെ ഗൂഢാലോചനയുടെ ചുരുളഴിയുമെന്നാണ് കരുതപ്പെടുന്നത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്മാര്‍ട്ട് ക്രിയേഷന്‍' എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമെ സാക്ഷികളുടെ മൊഴികളും ഇ.ഡി ശേഖരിച്ചു കഴിഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതികള്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കവര്‍ച്ചയിലൂടെയും സ്‌പോണ്‍സര്‍ഷിപ്പ് ക്രമക്കേടുകളിലൂടെയും സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇ.ഡി ഉടന്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ സ്‌പോണ്‍സര്‍മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യതയുണ്ട്.

Tags:    

Similar News