സിബിഎസ്ഇ സ്‌കൂളുകളില്‍ ഇനി ഫീസില്ലാതെ ദരിദ്രരായ കുട്ടികള്‍ക്കും പഠിക്കാം; താങ്ങാനാവുന്ന ചെലവില്‍ ലോകോത്തര വിദ്യാഭ്യാസം; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സ്‌കൂളുകള്‍; 2,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഫൗണ്ടേഷന്‍

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സ്‌കൂളുകള്‍; 2,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഫൗണ്ടേഷന്‍

Update: 2025-02-18 09:37 GMT

ലക്നൗ: സാധാരണക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും രാജ്യത്തുടനീളമായി വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തുനല്‍കാനും കൈത്താങ്ങുമായി അദാനി ഫൗണ്ടേഷന്‍. ഇനി സിബിഎസ്ഇ സ്‌കൂളുകളില്‍ ഫീസില്ലാതെ ദരിദ്രരായ കുട്ടികള്‍ക്കും പഠിക്കാം. മലയാളിയായ സണ്ണി വര്‍ക്കിയുടെ ജെംസ് എജുക്കേഷനുമായി സഹകരിക്കുകയാണ് ഗൗതം അദാനി. മെട്രോപൊളിറ്റന്‍ നഗരങ്ങളിലും ചെറു നഗരങ്ങളിലും താങ്ങാനാവുന്ന ചെലവില്‍ ലോകോത്തര വിദ്യാഭ്യാസം നല്‍കുന്നതിന് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്. പുതിയ സ്‌കൂളുകള്‍ തുറക്കുന്നതിന് 2,000 കോടി രൂപയാണ് നീക്കിവെയ്ക്കുന്നത്. എല്‍കെജി മുതല്‍ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം നല്‍കുന്നതിനായി 20 സ്‌കൂളുകള്‍ തുറക്കും. അദാനി കുടുംബത്തില്‍ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെയാണ് പദ്ധതിയൊരുങ്ങുന്നത്.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്ക് ലോകോത്തര വിദ്യാഭ്യാസവും പഠനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും താങ്ങാനാവുന്ന രീതിയില്‍ ലഭ്യമാക്കുന്നതിനായിരിക്കും പങ്കാളിത്തം മുന്‍ഗണന നല്‍കുകയെന്ന് അദാനി ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. അദാനിയുടെ 'സേവനം ധ്യാനമാണ്, സേവനം പ്രാര്‍ത്ഥനയാണ്, സേവനം ദൈവമാണ്' എന്ന സാമൂഹിക തത്ത്വചിന്തയ്ക്ക് അനുസൃതമായി, നൂതനാശയങ്ങളുടെയും ശേഷി വികസനത്തിന്റെയും പിന്തുണയുള്ള അദ്ധ്യാപന കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഈ പങ്കാളിത്തം വഴിയൊരുക്കുമെന്ന് അദാനി ഫൗണ്ടേഷന്‍ പറഞ്ഞു.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി, ആദ്യത്തെ 'അദാനി ജിഇഎംഎസ് സ്‌കൂള്‍ ഓഫ് എക്സലന്‍സ് ' 2025 - 26 അദ്ധ്യയന വര്‍ഷത്തില്‍ ലഖ്‌നൗവില്‍ ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ പ്രാഥമിക മെട്രോപൊളിറ്റന്‍ നഗരങ്ങളിലുടനീളവും പിന്നാലെ, വികസിതവും അവികസിത നഗരങ്ങളിലും കെ-12 വിഭാഗത്തില്‍ കുറഞ്ഞത് 20 സ്‌കൂളുകളെങ്കിലും നിര്‍മിക്കും. ഈ സ്‌കൂളുകളില്‍, സിബിഎസ്ഇ പാഠ്യപദ്ധതിയിലെ 30 ശതമാനം സീറ്റുകള്‍ മതിയായ അര്‍ഹരായ കുട്ടികള്‍ക്ക് സൗജന്യമായി ലഭ്യമാക്കും.

അദാനി ഗ്രൂപ്പിന്റെ പാന്‍-ഇന്ത്യന്‍ സാന്നിധ്യവും വിപുലമായ അടിസ്ഥാന സൗകര്യ ശേഷികളും ജെംസിന്റെ വിദ്യാഭ്യാസ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി, ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിപുലീകരിക്കാവുന്നതും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു മാതൃക വികസിപ്പിക്കാനാണ് പങ്കാളിത്തം പദ്ധതിയിടുന്നത്.

ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്ന ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. ജെംസ് എഡ്യൂക്കേഷനുമായുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിലെ തന്നെ മികച്ച ഡിജിറ്റല്‍ പഠനരീതികള്‍ കുട്ടികള്‍ക്കായി നടപ്പാക്കും. ഇന്ത്യയിലെ സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളാകാന്‍ അടുത്ത തലമുറയെ സജ്ജരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദാനി പറഞ്ഞു. അതുകൊണ്ട് തന്നെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ അര്‍ഹരായ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ജെംസ് എഡ്യൂക്കേഷന്റെ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി പറയുന്നു.

അദാനി ഫൗണ്ടേഷനുമായുള്ള സഹകരണം ഞങ്ങളുടെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കുന്നതിന് ഞങ്ങളെ ശക്തിപ്പെടുത്തും, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ പഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഞങ്ങളുടെ ആഗോള വിദ്യാഭ്യാസ വൈദഗ്ദ്ധ്യം എത്തിക്കുന്നു'- ജിഇഎംഎസ് എഡ്യൂക്കേഷന്റെ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി പറഞ്ഞു.

സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌കൂളുകളില്‍ 30 ശതമാനം സീറ്റുകളും ദരിദ്രര്‍ക്കായിരിക്കും. അര്‍ഹരായ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം സൗജന്യമായി നല്‍കുക. സണ്ണി വര്‍ക്കി നേതൃത്വം നല്‍കുന്ന ജെംസ് എഡ്യൂക്കേഷനുമായി സഹകരിച്ച് ലോകോത്തര വിദ്യാഭ്യാസം എല്ലാ തലങ്ങളിലുമുള്ള ആളുകളില്‍ എത്തിക്കുന്നതാണ് പദ്ധതി. അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ അദാനി ഫൗണ്ടേഷനായിരിക്കും ഇതിന് നേതൃത്വം നല്‍കുക.

നിലവില്‍ അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ രാജ്യത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസ സഹായങ്ങള്‍, നൈപുണ്യപരിശീലനം എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. വിദൂര പ്രദേശങ്ങളില്‍ സ്മാര്‍ട്ട് ലേണിംഗ് പ്രോഗ്രാമുകള്‍ ഇപ്പോള്‍ അദാനി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. അദാനി സാക്ഷം എന്ന പദ്ധതിയിലൂടെ യുവാക്കള്‍ക്ക് നൈപുണ്യ അധിഷ്ഠിത പരിശീലനവും നല്‍കുന്നുണ്ട്. വെല്‍ഡിംഗ്, ക്രെയിന്‍ ഓപ്പറേഷന്‍, മെറ്റാവേഴ്സ് വെര്‍ച്വല്‍ കോഴ്സുകള്‍, എഎഐ കോഴ്സുകള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

Tags:    

Similar News