ഹിന്ദുവിരുദ്ധ അജണ്ടയാണ് സിനിമക്കുള്ളതെന്ന ഓര്‍ഗനൈസര്‍ വിലയിരുത്തലിന് ഒപ്പം കേരളാ ബിജെപി; സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും; എമ്പുരാന്‍ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ബിജെപിയുടെ ഔദ്യോഗിക തീരുമാനം പുറത്ത്

Update: 2025-03-30 04:07 GMT

കൊച്ചി: കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും എംടി രമേശിനും എമ്പുരാന്‍ കാണാം. പക്ഷേ വിവാദങ്ങള്‍ക്ക് തീപിടിച്ച 'എമ്പുരാന്‍' കാണില്ലെന്ന് പ്രഖ്യാപിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് എമ്പുരാന്‍ താന്‍ കാണാത്തതിന്റെ കാരണമടക്കം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്. സിനിമയ്‌ക്കെതിരെ ആര്‍ എസ് എസ് അടക്കം നിലപാട് പറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പുതിയ പോസ്റ്റ്. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായെന്നും പോസ്റ്റില്‍ പറയുന്നു. ലൂസിഫര്‍ തനിക്കിഷ്ടമായെന്നും ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണെന്നും കുറിപ്പില്‍ പറയുന്നു. ആര്‍ എസ് എസ് മുഖമാസികയില്‍ അടക്കം എമ്പുരാനെതിരെ തുറന്നെഴുത്ത് വന്ന സാഹചര്യത്തിലാണ് ഇത്. എമ്പുരാനെതിരാണ് ബിജെപി കേന്ദ്ര നേതൃത്വവും. ബിജെപിയെ അപമാനിക്കുന്ന തരത്തിലാണ് സിനിമയെന്ന വാദത്തെ പാര്‍ട്ടി ഉള്‍ക്കൊള്ളുകയാണ്. അതു തന്നെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ പോസ്റ്റും ചര്‍ച്ചയാക്കുന്നത്.

സിനിമ ഇറങ്ങിയ ഉടനെ പ്രമേയത്തിന്റെ പേരില്‍ സിനിമക്കെതിരെ തിരിയുന്നത് ബി ജെ പിയുടെ രീതിയല്ലെന്നായിരുന്നു മുതിര്‍ന്ന നേതാവ് എം ടി രമേഷ് നിലപാട് അറിയിച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും സമാനമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ ആര്‍ എസ് എസ് മുഖപത്രവും യുവമോര്‍ച്ചയുമെല്ലാം സിനിമക്കെതിരെ ഹിന്ദുത്വ വികാരം ഉയര്‍ത്തിവിടാനുള്ള ശ്രമവുമായി രംഗത്ത് വരികയായിരുന്നു. ഹിന്ദുവിരുദ്ധ അജണ്ടയാണ് സിനിമക്കുള്ളതെന്ന ആരോപണമാണ് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ ഉന്നയിച്ചത്. ചിത്രത്തില്‍ 2002 ലെ ഗുജറാത്ത് വംശഹത്യയില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതായും നടന്‍ പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയതെന്നും ഓര്‍ഗനൈസര്‍ പറയുന്നു. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണെന്നും ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിര്‍മിച്ചതെന്നും ലേഖനത്തിലുണ്ട്. മോഹന്‍ലാലിനെപ്പോലുള്ള അനുഭവസമ്പത്തുള്ള നടന്‍ ഈ കഥ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കുന്നു. പൃഥ്വിരാജിന്റെ രാഷ്ട്രീയം പലപ്പോഴും വ്യക്തമായിട്ടുള്ളതാണെന്നും സിനിമയിലെ രംഗങ്ങള്‍ ഞെട്ടിപ്പിക്കുന്നതുമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറും സിനിമയ്‌ക്കെതിരെ പരസ്യ നിലപാട് എടുക്കുന്നത്.

രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? - അതെ.

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകനും, ബിജെപി നേതാവുമായ മേജര്‍ രവി രംഗത്ത് വന്നിരുന്നു. ചില വസ്തുതകളെ മറച്ചു വച്ചിട്ട്, ചില വസ്തുതകള്‍ മാത്രം പുറത്തുവിട്ടിട്ട്, അവര്‍ക്ക് വേണ്ട ഫാക്ടുകളെ മാത്രം എടുത്തൊരു സിനിമ ചെയ്യുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന് നോക്കണമെന്ന് മേജര്‍ രവി പറയുന്നു. ഗോധ്ര വിഷയമാണ് എടുത്തതെങ്കില്‍ എന്തുകൊണ്ട് ട്രെയിന്‍ കത്തുന്നിടത്തു നിന്ന് തുടങ്ങിയിട്ടില്ല. എന്തോ ഒരു ഗൂഢ ഉദ്ദേശ്യം കൊണ്ട് മാത്രമാണ് ഇതെഴുതിയിരിക്കുന്നത്. അത് രചയിതാവിന്റെ കാഴ്ചപ്പാട് മാത്രമായിരിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. മോഹന്‍ലാലിനെ വച്ച് അഞ്ച് പടം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. പല സിനിമകളും അദ്ദേഹം കണ്ടിട്ടില്ല, കീര്‍ത്തിചക്ര വന്‍ ഹിറ്റായതിന് ശേഷം അദ്ദേഹത്തിന് ഇരിക്ക പൊറുതിയില്ലാഞ്ഞിട്ടാണ് അദ്ദേഹം സിനിമ പോയി കണ്ടിരിക്കുന്നത്. പല കാരണവശാലും അഭിനേതാക്കള്‍ക്ക് പടം കാണാന്‍ പറ്റില്ല. അവരൊന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക് പോകും.

ഒരിക്കല്‍ കഥ കേട്ടു കഴിഞ്ഞാല്‍ പിന്നെ ആ കഥയില്‍ ഇടപെടാത്ത ഒരാളാണ് മോഹന്‍ലാല്‍ .കഥയില്‍ തിരുത്ത് വരുത്താനോ ,മറ്റ് അഭിനേതാക്കളുടെ ഡയലോഗോ ഒന്നും വെട്ടിത്തിരുത്തുന്നയാളല്ല മോഹന്‍ലാല്‍ .26 മിനിട്ടോളം നീളൂന്ന കട്ടിംഗ് ആ ചിത്രത്തില്‍ വരുന്നുണ്ട് . അതാണ് അദ്ദേഹം ചെയ്യുന്ന ജസ്റ്റിഫിക്കേഷന്‍ . അദ്ദേഹം കണ്ടിട്ട് റിലീസാക്കിയ ഒരു സിനിമയില്ല, അത് എനിക്ക് ആധികാരികമായി പറയാനാകും. സിനിമ പൂര്‍ണ്ണമായും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാവില്ല.മുസ്ലീങ്ങളെ ആക്രമിക്കുന്ന ഹിന്ദു സഹോദരങ്ങളെ കാണിക്കുന്നുണ്ടെങ്കില്‍ അത് ആദ്യം മുതല്‍ അതിന്റെ സത്യാവസ്ഥ കാണിക്കണമായിരുന്നു.ഗുജറാത്ത് മുഖ്യമന്ത്രിയെ കാണിക്കുന്നു, യുപിയെ പറയുന്നു.അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മേജര്‍ രവി പറയുന്നു.

Tags:    

Similar News