തന്നെ കണ്‍വീനര്‍ അല്ലാതാക്കിയവരുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി; അന്‍വറിന് പിന്നിലെ ഗൂഡശക്തിയെ കുറിച്ച് പിണറായിയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇപി; ഒപ്പമുണ്ടാകുമന്ന ഉറപ്പും നല്‍കി; കേരള ഹൗസില്‍ ഇപിയും പിണറായിയും തമ്മില്‍ കണ്ടപ്പോള്‍

പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജന്‍ അറിയിച്ചത് തന്നോട് കാട്ടിയ നെറികേടിന്റെ വേദന

Update: 2024-09-14 05:38 GMT

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയില്‍ കേരളാഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജന്‍ അറിയിച്ചത് തന്നോട് കാട്ടിയ നെറികേടിന്റെ വേദന. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഇപിയുടെ നിലപാട്. ഇതേ ഗൂഡാലോചനക്കാര്‍ തന്നെയാണ് മുഖ്യമന്ത്രിയേയും ലക്ഷ്യമിടുന്നതെന്നാണ് ഇപിയുടെ നിലപാട്. പോലീസിനെ പ്രതിസന്ധിയിലാക്കിയ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്നിലുള്ളവരെ കുറിച്ചും പിണറായിയ്ക്ക് സൂചന നല്‍കി. പ്രതിസന്ധി ഘട്ടങ്ങളില്‍ താനൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഇപി അറിയിച്ചതായാണ് സൂചന.

സിപിഎമ്മിനുള്ളില്‍ വലിയ തോതില്‍ പുതിയ ധ്രൂവീകരണമുണ്ടെന്നും അതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ കാരണമെന്നാണ് ഇപിയുടെ പക്ഷം. ആരോപണങ്ങളുടെ ലക്ഷ്യം താനാണെന്ന് പിണറായിയും ഇടതു യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപിയും പിണറായിയെ കണ്ടത്. നിലവിലെ വിവാദങ്ങളില്‍ ചില സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് ഇപി കൈമാറിയിട്ടുണ്ട്. താന്‍ അര്‍ഹിച്ച സംരക്ഷണം പാര്‍ട്ടി നല്‍കിയില്ലെന്നും എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന രീതിയില്‍ പ്രതിസന്ധിയുണ്ടായത് തനിക്കാണെന്നുമാണ് ഇപിയുടെ പക്ഷം. ബിജെപി നേതാവ് പ്രകാശ് ജാവദേകറിനെ കണ്ടത് അങ്ങോട്ടു പോയല്ലെന്നും ഇപിയുടെ വിശദീകരണത്തിലൂണ്ട്.

കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇപി പുറത്തു വിട്ടിട്ടില്ല. നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസവും കണ്ടിരുന്നുവല്ലോയെന്നും ഇപി മാധ്യമങ്ങോട് പ്രതികരിച്ചു. രാഷ്ട്രീയം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. സീതാറാമിന്റെ ഓര്‍മകളാണ് ഞങ്ങളുടെ മനസ്സിലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ?ഗത്തില്‍ നിന്നും ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങില്‍ നിന്നും ഇപി വിട്ടുനിന്നിരുന്നു. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ വെച്ചാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ കണ്ണൂരിലേക്ക് പോയിരുന്നു.

'ഇ.പി. ആയുര്‍വേദ ചികിത്സയിലാണ്, അല്ലാതെ അതൃപ്തിയൊന്നും ഇല്ല. രാവിലെ വീട്ടില്‍ പോയാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം' എന്നായിരുന്നു ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലെ ഇപിയുടെ അസാന്നിധ്യത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രതികരണം. ഇതിനിടെയാണ് ഡല്‍ഹിക്ക് ഇന്‍ഡികോ വിമാനത്തില്‍ ഇപി പറന്നത്. ഇതോടെ കാര്യം വ്യക്തമായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ ഒതുക്കുന്നതായി ഇപി പരാതി പെട്ടു. അതുകൊണ്ടാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നും അറിയിച്ചു. പരിഹാരം ഉ്ണ്ടാക്കുമെന്നും വീണ്ടും സജീവമാകണമെന്നും ഇപിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികളില്‍ എല്ലാം താനൊപ്പമുണ്ടാകുമെന്ന് പിണറായിയെ വീണ്ടും അറിയിച്ചാണ് ഇപി മുറി വിട്ടതെന്നാണ് സൂചന.

ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താമസിക്കാനുള്ള കൊച്ചിന്‍ ഹൗസ് കെട്ടിടത്തിലേക്ക് തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന ജയരാജന്‍ എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്. ഇപിയുടെ പിണക്കം മാറ്റാന്‍ കൂടിയാണ് പിണറായി ഇതിലൂടെ ശ്രമിച്ചത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാര്‍ട്ടി നേതാക്കളുമായി അകല്‍ച്ചയിലാണു ജയരാജന്‍. അതിനിടെയാണു കൂടിക്കാഴ്ച. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയും ഇ.പി.ജയരാജനും ഇന്നലെ ഡല്‍ഹിയിലെത്തിയത്.

''മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. നശീകരണ വാസനകളില്ലാതെ നിര്‍മാണ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കണം. ഞാന്‍ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോള്‍ സമയം കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. ഞങ്ങളൊരു പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം സ്‌നേഹവും ബഹുമാനവും ഉള്ളവരാണ്'' -മുഖ്യമന്ത്രിയെ കണ്ട ശേഷം ഇപി വിശദീകരിച്ചത് ഇങ്ങനെയാണ്.

മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയ ശേഷം പാര്‍ട്ടി കമ്മിറ്റികളില്‍ ജയരാജന്‍ പങ്കെടുത്തിരുന്നില്ല. തല്‍കാലം ഈ ബഹിഷ്‌കരണം തുടരുമെന്നാണ് സൂചന. അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം ഇപി വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Similar News