നിക്ഷേപത്തിന് ബാങ്ക് നിരക്കില്‍ പലിശയും നറുക്കെടുപ്പിലൂടെ അഞ്ച് ലക്ഷം രൂപ സമ്മാനവും; സംസ്ഥാനത്തെ 15 ബ്രാഞ്ചുകളിലൂടെ നടത്തിയത് 250 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; ആറ് മാസം മുമ്പ് വരെ പലിശ ലഭിച്ചു; പിന്നീട് എല്ലാം തകിടം മറിഞ്ഞു; ഫാം ഫെഡ് തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍
ഫാം ഫെഡ് തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍
തിരുവനന്തപുരം: നിക്ഷേപത്തട്ടിപ്പു കേസില്‍ സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (ഫാം ഫെഡ്) ചെയര്‍മാനും എംഡിയും അറസ്റ്റിലായതോടെ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. ഇന്നു പരാതി നല്‍കുമെന്ന് പത്തോളം പേര്‍ നിക്ഷേപകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ അറിയിച്ചു. അറസ്റ്റിലായ ചെയര്‍മാന്‍ രാജേഷ് പിള്ള, എംഡി അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട് ആസ്ഥാനമായ ഫാം ഫെഡ് 12.5% പലിശ വാഗ്ദാനം ചെയ്തു കേരളമൊട്ടാകെ 16 ശാഖകളില്‍ നിന്നായി 450 കോടി രൂപ സ്വീകരിച്ചെങ്കിലും കുറെ നാളുകളായി നിക്ഷേപകര്‍ക്ക് ലാഭവിഹിതമോ പണമോ തിരികെ നല്‍കിയില്ല. കവടിയാര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
കാലാവധി അവസാനിച്ചിട്ടും നിക്ഷേപത്തുകയായ 24 ലക്ഷം രുപയും പലിശയും നല്‍കിയില്ലെന്ന കവടിയാര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ സി. രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ മള്‍ട്ടി സ്റ്റേറ്റ് കാര്‍ഷിക സൊസൈറ്റി എന്ന പ്രചാരണത്തോടെ 2008ലാണ് സംസ്ഥാന വ്യാപകമായി സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് 15 ബ്രാഞ്ചുകളും ചെന്നൈയില്‍ ഒരെണ്ണവുമുണ്ട്. സംസ്ഥാനത്ത് ഒട്ടാകെ 450 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്. നറുക്കെടുപ്പ് വഴിയും തട്ടിപ്പിനു ശ്രമം നടത്തിയെന്ന് പൊലീസ് കണ്ടെത്തല്‍.
25,000 രൂപ വീതമുള്ള നിക്ഷേപത്തിന് ബാങ്ക് നിരക്കില്‍ പലിശയും ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ലക്ഷം രൂപ സമ്മാനവുമായിരുന്നു അംഗങ്ങള്‍ക്ക് വാഗ്ദാനം. വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അംഗങ്ങളെ പ്രേരിപ്പിച്ചെങ്കിലും വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ ഭൂരിപക്ഷം പേരും പണം നല്‍കാന്‍ തയാറാകാഞ്ഞതോടെ പദ്ധതി പൊളിയുകയായിരുന്നു. സ്ഥാപനം ഗുരുവായൂരില്‍ നിന്ന് 50 കോടി തട്ടിയെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.
ഒളിവില്‍ പോയ പ്രതികളായ ധന്യ, ഷൈനി, മഹാവിഷ്ണു എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയെന്നു പൊലീസ് പറഞ്ഞു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ റജിസ്റ്റര്‍ ചെയ്ത ഫാം ഫെഡ് 2008ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഫാംഫെ ബസാര്‍ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ആരംഭിച്ചു. കോഴിക്കോട് നടക്കാവില്‍ ആയിരുന്നു ആദ്യശാഖ. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല കേരളത്തിലുടനീളം വ്യാപിപ്പിക്കാനായി കോടികള്‍ ചെലവഴിച്ച് പരസ്യം ചെയ്‌തെന്നും പൊലീസ് പറഞ്ഞു.
ഗുരുവായൂരിലും ഫാം ഫെഡ് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി നിക്ഷേപകര്‍ രംഗത്ത് വന്നു. മുന്നൂറോളം പേരില്‍ നിന്നായി 50 കോടിയിലധികം തട്ടിപ്പ് നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് 14 പരാതികളാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കിഴക്കേനടയിലെ റെയില്‍വേ ഗേറ്റിനു സമീപം ആര്‍ വി ടവറില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിനെതിരെയാണ് പരാതി. ഇതുവരെ അഞ്ചു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന പരാതി ലഭിച്ചതായി ടെമ്പിള്‍ എസ്.എച്ച്.ഒ. ജി. അജയകുമാര്‍ പറഞ്ഞു. തവണകളായി 55 ലക്ഷം രൂപ നല്‍കിയിട്ട് മുതലും പലിശയും ലഭിക്കാത്ത അവസ്ഥയാണെന്ന് ഗുരുവായൂര്‍ സ്വദേശി കൃഷ്ണദാസ് പറഞ്ഞു.
നാലുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ബ്രാഞ്ച് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുന്നൂറോളം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു. കഴിഞ്ഞ ആറുമാസം മുമ്പ് വരെ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നു. ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 11 ജീവനക്കാരുണ്ടായിരുന്നതില്‍ ഇപ്പോള്‍ 7 ജീവനക്കാര്‍ മാത്രമാണുള്ളത്. ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. കെട്ടിട വാടകയും മുടങ്ങിയതിനാല്‍ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്.