മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍; മുനമ്പത്തെ തര്‍ക്കഭൂമി രാജാവ് പാട്ടം നല്‍കിയതെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍; നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകള്‍ പരിശോധിക്കും; കേസില്‍ അതീവ നിര്‍ണായകം

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം

Update: 2024-12-27 17:11 GMT

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായക നീക്കങ്ങള്‍. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കോളേജ് രംഗത്തു വന്നതോടെയാണ് കേസില്‍ കൂടുതല്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താര്‍ സേട്ടിന്റേയും സിദ്ദിഖ് സേട്ടിന്റേയും പിന്മുറക്കാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല. ഇത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയതാണെന്നും വഖഫ് ട്രൈബ്യൂണലില്‍ ഫാറൂഖ് കോളേജ് നിലപാടെടുത്തു.

മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് സംരക്ഷണ സമിതിയെ കക്ഷി ചേര്‍ക്കരുതെന്നും ഫാറൂഖ് കോളേജ് ആവശ്യപ്പെട്ടു. 1902ല്‍ തിരുവിതാംകൂര്‍ രാജാവ് ഭൂമി പാട്ടത്തിന് നല്‍കിയ രേഖകള്‍ ഉണ്ടോ എന്ന് ട്രൈബ്യൂണല്‍ സിദ്ദിഖ് സേട്ടിന്റെ പിന്മുറക്കാരോട് ചോദിച്ചു. രാജാവ് ഇഷ്ടദാനം നല്‍കിയതാണെന്ന് ഇവര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ഭൂമി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് ലഭിച്ചിട്ടുണ്ട്. ഈ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മുനമ്പത്തെ തര്‍ക്ക ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന. തിരുവിതാംകൂര്‍ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നല്‍കിയതെന്ന് ചോദിച്ച ട്രൈബ്യൂണല്‍ പാട്ട കരാറാണെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. വടക്കന്‍ പറവൂര്‍ സബ് കോടതി മുതല്‍ ഹൈക്കോടതിയില്‍ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂ പ്രശ്‌നത്തിലാണ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം.

നൂറ്റാണ്ടിലധികം പഴക്കമുള്ള രേഖകള്‍ പരിശോധിക്കണമെന്ന് ആദ്യമായാണ് നിയമസംവിധാനം ആവശ്യപ്പെടുന്നത്. ഭൂമി വഖഫ് നല്‍കിയ 1952 മുതലുള്ള ഭൂരേഖകളാണ് കോടതികള്‍ ഇതുവരെ പരിഗണിച്ചത്. 1902ല്‍ സേഠ് കുടുംബത്തിന് തിരുവിതാംകൂര്‍ രാജാവ് ഭൂമി കൈമാറിയത് പാട്ടകരാര്‍ പ്രകാരമാണെങ്കില്‍ വഖഫ് രജിസ്‌ട്രേഷന്‍ നിലനില്‍ക്കുമോയെന്ന് ഇന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ടെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ ഫാറൂഖ് കോളേജ് നേരത്തെ ആവര്‍ത്തിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. ആയതിനാല്‍ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂര്‍ണ അധികാരം തങ്ങള്‍ക്കുണ്ടെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കിയിരുന്നു.

അബ്ദുള്‍ സത്താര്‍ സേഠിന് പാട്ടം പ്രകാരം താത്കാലിക ഉടമസ്ഥത മാത്രമേ ഭൂമിക്ക് മേല്‍ ഉണ്ടായിരുന്നുള്ളൂവെന്ന വാദം ഉയര്‍ന്നാല്‍ അത് നിര്‍ണായകമാകും. 1902ലെ കൈമാറ്റം പാട്ട കരാര്‍ ആണോ ഇഷ്ടദാനമാണോയെന്നത് കേസില്‍ പ്രധാനം ആണെന്ന് കോടതി വിലയിരുത്തി. ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജാരാക്കാനും വിവിധ കക്ഷികളോട് ആവശ്യപ്പെട്ടു. മുനമ്പം വിഷയം സമൂഹത്തില്‍ വിവാദ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ മുഴുവന്‍ രേഖകളും പരിശോധിക്കേണ്ടത് ആവശ്യമെന്ന് കോടതി വിലയിരുത്തി.

ഭൂമി വഖഫ് തന്നെയെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും സേഠ് കുടുംബം കോടതിയില്‍ വാദിച്ചു. സേഠ് കുടുംബം ഭൂമി ഇഷ്ടദാനം നല്‍കിയതാണെന്ന് ഫറൂഖ് കോളേജ് ആവര്‍ത്തിച്ചു. ഭൂമിയില്‍ നേരിട്ട് ഉടമസ്ഥത ഇല്ലാത്ത വഖഫ് സംരക്ഷണ സമിതി കേസില്‍ കക്ഷി ചേരുന്നതിനെയും ഫറൂഖ് കോളേജ് എതിര്‍ത്തു. ട്രൈബ്യൂണല്‍ ആസ്ഥാനമായ കോഴിക്കോടിന് പുറമെ കേസിന്റെ തുടര്‍സിറ്റിംഗുകള്‍ കൊച്ചിയില്‍ നടത്തുന്നത് പരിഗണിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മുനമ്പം ഭൂമി കേസിലെ കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ ട്രൈബ്യൂണല്‍ കേസ് ജനുവരി 25-ലേക്ക് മാറ്റി.

Tags:    

Similar News