വീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയില്‍ പോകണം എന്ന് പറഞ്ഞാല്‍ അത് സ്വാതന്ത്ര്യമല്ല; മതവിജ്ഞാനം ആവശ്യമായ അളവില്‍ നല്‍കാതെ മക്കളെ ലിബറല്‍ പരിസരങ്ങളില്‍ മേയാന്‍ വിട്ടാല്‍ അത് മനസിലാകില്ല; മുനവറലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം
വീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയില്‍ പോകണം എന്ന് പറഞ്ഞാല്‍ അത് സ്വാതന്ത്ര്യമല്ല
കോഴിക്കോട്: പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുനവറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിനെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ വിഷയം സമസ്തയിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മുനവറലിയെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത കാന്തപുരം വിഭാഗവും രംഗത്തുവന്നു. വീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയില്‍ പോകണം എന്ന് പറഞ്ഞാല്‍ അത് സ്വാതന്ത്ര്യമല്ല. അത് അമിത ഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കലാണ്. ഇത് തിരിച്ചറിയാനുള്ള ബോധം മതം പഠിച്ച മുസ്ലിം സ്ത്രീകള്‍ക്കുണ്ടെന്ന് റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു.
മക്കള്‍ക്ക് മതവിജ്ഞാനം ആവശ്യമായ അളവില്‍ നല്‍കാതെ ലിബറല്‍ പരിസരങ്ങളില്‍ മേയാന്‍ വിട്ടാല്‍ അത് മനസ്സിലാകില്ല. സമുദായത്തിന് മാതൃകയാകേണ്ടവര്‍ ജാഗ്രത കൈവിടരുത് എന്ന പരോക്ഷ വിമര്‍ശനവും മുനവറലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത കാന്തപുരം വിഭാഗം ഉന്നയിച്ചു.
സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് ചിലര്‍ ഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടന്‍ തന്നെ ഇതില്‍ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഫാത്തിമ നര്‍ഗീസിന്റെ പ്രതികരണം. കൊച്ചിയില്‍ നടന്ന ഹോര്‍ത്തൂസിലെ ചര്‍ച്ചയിലാണ് മുനവറലി തങ്ങളുടെ മകള്‍ സ്ത്രീ പള്ളികളിലെ പ്രവേശനത്തില്‍ അനുകൂല നിലപാട് പറഞ്ഞത്. 16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദം ആക്കേണ്ട കാര്യം ഇല്ലെന്നായിരുന്നു മുനവവറലി തങ്ങളുടെ മകള്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞത്.
വേറെയും കാര്യങ്ങള്‍ ആ കുട്ടി പറഞ്ഞു. അതില്‍ ഒരു കാര്യം മാത്രം എടുത്ത് വിവാദം ആക്കുന്നു. സൈബര്‍ ആക്രമണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാമര്‍ശം വിവാദമായതോടെ മകളുടെ പ്രതികരണം മുഖ്യധാര മുസ്ലിം വിശ്വാസധാരയ്ക്ക് എതിരെന്ന് മുനവറലി തങ്ങള്‍ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസുള്ള വിദ്യാര്‍ഥിനിയായ എന്റെ മകള്‍ ഫാത്തിമ നര്‍ഗീസ് നല്‍കിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്. കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.
ആ മറുപടി, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യര്‍ത്ഥന. കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു വിഷയത്തില്‍, ഒരു പിതാവെന്ന നിലയില്‍ മുഴുവന്‍ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാന്‍ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!
അതിനിടെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ പാണക്കാട് മുനവറലി തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിന് പിന്തുണയുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫും രംഗത്തുവന്നു. ഫാത്തിമ നര്‍ഗീസിന്റേത് ഇസ് ലാമിക പ്രമാണങ്ങളോട് യോജിച്ച് നില്‍ക്കുന്നതും സത്യസന്ധവുമായ നിലപാടാണെന്ന് ടി.കെ. അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഫാത്തിമ നര്‍ഗീസിന്റെ നിരീക്ഷണങ്ങളെ ടി.കെ. അഷ്‌റഫ് പ്രശംസിച്ചു.
'സൂര്യനെക്കാള്‍ ജ്വലിച്ചു നില്‍ക്കുന്നതാണ് ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചം. ഈ വെളിച്ചം സമുദായത്തിലേക്ക് വേണ്ടവിധം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. നമ്മുടെ കണ്ണുകള്‍ ചിമ്മിയതുകൊണ്ടോ, മുറം കൊണ്ട് മറച്ചുപിടിക്കാന്‍ ശ്രമിച്ചതുകൊണ്ടോ സൂര്യപ്രകാശം മാഞ്ഞുപോകില്ല എന്നതുപോലെ, ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചം ഒരിക്കലും സമൂഹത്തില്‍ നിന്ന് മായുകയില്ല എന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. സത്യം അത്രമേല്‍ സുതാര്യമാണ്,' അദ്ദേഹം ഫേസ്ബുക്കിലെഴുതി. അതേസമയം നര്‍ഗീസിനെ തിരുത്തിയ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ മുനവ്വറലി തങ്ങളുടെ നിലപാടിനെ ടി.കെ. അഷ്‌റഫ് വിമര്‍ശിക്കുകയും ചെയ്തു.
ഒരു പിതാവ് തന്റെ മക്കള്‍ക്ക് ഇസ്ലാമിക വിഷയങ്ങളില്‍ നല്‍കേണ്ട പ്രോത്സാഹനത്തിന്റെയോ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിന്റെയോ ശരിയായ മാതൃകയല്ല ഈ സംഭവമെന്നും മറിച്ച്, സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ പോലും ബാഹ്യസമ്മര്‍ദങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ദൗര്‍ഭാഗ്യകരമായ ഉദാഹരണമാണെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞു.
