അടിച്ചുമാറ്റിയ പണം മഴുവന്‍ ഒറ്റ വര്‍ഷം കൊണ്ട് ചെലവഴിച്ച് തീര്‍ത്തു; സ്വര്‍ണവും മൊബൈലും വാങ്ങി; ഭര്‍ത്താക്കന്മാര്‍ക്കും പണം നല്‍കി; ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുന്‍ ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്.
40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. ദിയയുടെ ക്യുആര്‍ കോഡിന് പകരം തങ്ങളുടെ ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികള്‍ പങ്കിട്ടെടുത്തു. ഇത് സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചെന്നും പ്രതികള്‍ മൊഴി നല്‍കി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
പണമായി കൂടുതല്‍ തുക എടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അടിച്ചുമാറ്റിയ പണം മുഴുവന്‍ ഒറ്റ വര്‍ഷംകൊണ്ട് ചെലവഴിച്ച് തീര്‍ത്തെന്നാണ് പ്രതികളുടെ മൊഴി. സ്വര്‍ണവും മൊബൈലും വാങ്ങി. യാത്രയ്ക്ക് ഉപയോഗിച്ചു. ഭര്‍ത്താക്കന്‍മാര്‍ക്കും പണം നല്‍കിയെന്നാണ് മൊഴി. വിനീത, രാധാകുമാരി എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ദീപ്തി ഒളിവിലാണ്.
പണയം വച്ചിരിക്കുന്ന സ്വര്‍ണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. തട്ടിപ്പിലൂടെ നേടുന്ന പണം പ്രതികള്‍ മൂന്നായി പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. നികുതി വെട്ടിക്കാന്‍ വേണ്ടി ദിയാ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആര്‍ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇതു ശരിയല്ലെന്നു തെളിഞ്ഞു.
ദിയയുടെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരാണ് പ്രതികള്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ജീവനക്കാരില്‍ രണ്ടുപേര്‍ ആഗസ്റ്റ് ഒന്നാം തീയതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. മൂന്ന് ജീവനക്കാരികളുടെ ബാങ്ക് രേഖകളിലും ഇത് വ്യക്തമാണ്.