സ്ത്രീകള്‍ക്ക് മാത്രമാണ് സിനിമയില്‍ ദുരനുഭവം നേരിടുന്നതെന്ന് കരുതരുത്; കാസ്റ്റിംഗ് കൗച്ചിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്തു; സിനിമകള്‍ നഷ്ടമായെന്ന് ഗോകുല്‍ സുരേഷ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കവേയാണ് ഗോകുലിന്റെ തുറന്ന് പറച്ചില്‍.

Update: 2024-09-10 06:06 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പല താരങ്ങളും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചും തുറന്ന് പറച്ചിലുകള്‍ നടത്തി കഴിഞ്ഞു. ഇപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം തുറന്ന പറയുകയാണ് നടന്‍ ഗോകുല്‍ സുരേഷ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കവേയാണ് ഗോകുലിന്റെ തുറന്ന് പറച്ചില്‍.

കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകള്‍ നഷ്ടപ്പെട്ടുവെന്ന് ഗോകുല്‍ സുരേഷ്. താരത്തിന്റെ വാക്കുകളിലേക്ക് 'സ്ത്രീകള്‍ മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്. കാസ്റ്റിങ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും സിനിമ നഷ്ടപ്പെടാം. എനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ തുടക്കക്കാലത്ത്. അതൊന്നും സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. കാസ്റ്റിംഗ് കൗച്ച് നടത്തിയ ആളെ ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്ന പ്രതിസന്ധി വേദനാജനകമാണ്. നിരപരാധികളായ വ്യക്തികള്‍ക്കു നേരെയും ആക്രമണ മനോഭാവമാണ്. അതിനു ഉദാഹരണമാണ് നിവിന്‍ പോളിക്കു നേരെ ഉയര്‍ന്ന ആരോപണം. 'കാസ്റ്റിംഗ് കൗച്ചിനെ തടയുന്ന ഒരു മെയില്‍ ആക്ടറിന് ആ സിനിമ നഷ്ടപ്പെട്ടേക്കാം. അതിനു സമാനമായ ഒരു അവസ്ഥയിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. ഞാന്‍ തന്നെ നേരിട്ട് കാസ്റ്റിംഗ് കൗച്ചിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്കാ സിനിമ നഷ്ടപ്പെട്ടു.

അന്ന് ആ സ്ത്രീ മാത്രമല്ല ഞാനും ബാധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പല രീതിയില്‍ വളച്ചൊടിക്കപ്പെടുന്നുണ്ട്. മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരെ പോയി കാണാറുണ്ട്. അതിനാല്‍ തന്നെ ഈ പ്രശ്നങ്ങളെല്ലാം സിനിമാ ഇന്റസ്ട്രിയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് മാറി മറയാന്‍ കാരണമാവും. അത്തരമൊരു സാഹചര്യത്തിലാണ് നിവിന്‍ ചേട്ടനെതിരായിട്ട് ആരോപണം എത്തിയത്. എന്നാല്‍ അത് വ്യജമാണെന്ന് തെളിയുന്നു.

ഇപ്പോള്‍ ജനങ്ങള്‍ക്കു കുറച്ചു കൂടി വ്യക്തത വന്നേക്കാം. പലപ്പോഴും പുരുഷനും ഇരയാവുന്നുണ്ട് എന്ന് ഈ ആരോപണത്തിലൂടെ വ്യക്തമായി കഴിഞ്ഞു. ഹേമ കമ്മിറ്റി പോലൊരു സ്റ്റേജ് വന്നപ്പോഴാണ് ഇരകളായവര്‍ മുന്നോട്ട് വരുന്നത്. ഇവര്‍ പറയുന്നതെല്ലാം സത്യമാണെങ്കില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് തീര്‍ച്ചയായും നീതി ലഭിക്കണം. പക്ഷേ ഇപ്പോള്‍ നിവിന്‍ ചേട്ടനെ പോലുള്ള നിരപരാധിയായിട്ടുള്ള ആളുകള്‍ക്കും നീതി ലഭിക്കണം.

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ എന്റെ ഹീറോ ആയിരുന്നു നിവിന്‍ ചേട്ടന്‍. പുള്ളിക്കാരന്‍ ഇതില്‍ ഒരു ഇരയായെന്ന് അറിഞ്ഞതില്‍ എനിക്ക് വിഷമം ഉണ്ട്. ഇവിടെ ഇത്തരത്തില്‍ വിശ്വസിക്കാന്‍ സാധിക്കാത്ത ഒരുപാട് പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെല്ലാം ഉത്തരം തരേണ്ടത് ഉത്തരവാദിത്തപ്പെട്ട അതോറിറ്റിയാണ്.' ഗോകുല്‍ സുരേഷ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ രണ്ട് രീതിയില്‍ ആളുകളെ എഫക്ട് ചെയ്യുമെന്നാണ് ഗോകുല്‍ പറയുന്നത്. 'അതായത് സിനിമാ മോഹവുമായി നിരവധി സ്ത്രീകളും പുരുഷന്‍മാരും എത്തുന്നുണ്ട്. അവര്‍ക്ക് പല രീതിയില്‍ ഈ ഹേമ കമ്മിറ്റി ബാധിക്കാം. ഒന്ന് ഒരു സപ്പോര്‍ട്ട് സിസ്റ്റമായി മാറാന്‍ സാധിക്കും. എന്നാല്‍ ഫേയ്ക്ക് വിക്ടിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്റസ്ട്രിയെ തകര്‍ക്കാന്‍ സാധിക്കും.

ഇത്രയും കോടികള്‍ ലാഭം കിട്ടുന്ന ഇത്രയും വലിയ ഇന്റസ്ട്രിയെ അനാവശ്യമായി അടച്ച് ആക്ഷേപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. മലയാളത്തില്‍ മാത്രമല്ല ഇങ്ങനെ നടക്കുന്നത്. മറ്റു ഇന്‍ഡസ്ട്രികള്‍ ഇതിന്റെ ഇരട്ടി പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്.' ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News