'ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു; മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി; ഗവര്‍ണറെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തുന്നു'; ഹിന്ദു പത്രത്തിലെ അഭിമുഖം വീണ്ടും ആയുധമാക്കി ആരിഫ് മുഹമ്മദ് ഖാന്‍
എല്ലാ വിവരങ്ങളും തന്നാല്‍ രാഷ്ട്രപതിയെ അറിയിക്കും
തിരുവനന്തപുരം: ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാല്‍ രാഷ്ട്രപതിയെ അറിയിക്കുമെന്നും അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖം വീണ്ടും ആയുധമാക്കിയാണ് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രംഗത്ത് വന്നത്. സ്വര്‍ണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളില്‍ പോരായ്മ ഉണ്ടെങ്കില്‍ എന്ത് കൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു.
അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കില്‍ എന്തുകൊണ്ട് ദ ഹിന്ദു പത്രത്തിനെതിരെ നടപയിയില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി. താന്‍ ചീഫ് സെക്രട്ടറിയെ വിശദീകരണം തേടുന്നതിനായി വിളിപ്പിച്ചാല്‍ എന്താണ് കുഴപ്പം?. എന്തിനാണ് രാജ്ഭവനോട് പ്രശ്‌നം?. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോട് അല്ലാതെ മറ്റാരോട് ചോദിക്കും? എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും രാജഭവനില്‍ വരുമെന്നും എന്നാല്‍ താന്‍ വിളിപ്പിക്കുമ്പോള്‍ മാത്രം എന്താണ പ്രശ്‌നമെന്നും ഗവര്‍ണര്‍ ചോദിച്ചു. സര്‍ക്കാരിന്റെ ആവശ്യത്തിനായി രാജ്ഭവനിലെത്തിയവര്‍ക്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്‍ 'കോംപ്ലക്‌സാ'ണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.
വ്യാപകമായ സ്വര്‍ണക്കടത്ത് കേരളത്തിനെതിരായതു മാത്രമല്ല രാജ്യത്തിനെതിരായ കുറ്റകൃത്യം കൂടിയാണ്. അക്കാര്യം മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ അത് രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് എന്റെ ചുമതല. ഇതുസംബന്ധിച്ച് എന്നെ പൂര്‍ണമായി ഇരുട്ടില്‍നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് തടയേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. ഇതുവരെ ഇക്കാര്യം എന്തുകൊണ്ടാണ് എന്നോടു പങ്കുവയ്ക്കാതിരുന്നത്. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ അത് ഗവര്‍ണറെ അറിയിക്കേണ്ടേ. ഇത് സാധാരണ ഭരണപരമായ കാര്യമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍നിന്നു കിട്ടുന്ന പണം നിരോധിത സംഘടനകള്‍ക്കു ലഭിക്കുന്നുവെന്നു പൊലീസിന്റെ വെബ്സൈറ്റില്‍ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണത്തലവനായ എന്നെ എന്തുകൊണ്ടു മുഖ്യമന്ത്രി അറിയിക്കുന്നില്ല.
വിമാനത്താവളങ്ങളില്‍ സ്വര്‍ണം പിടിക്കേണ്ടത് കസ്റ്റംസിന്റെ ചുമതലയാണ്. എന്നാല്‍ അവരെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വര്‍ണത്തില്‍നിന്നുള്ള പണം നിരോധിക്കപ്പെട്ട സംഘടനകള്‍ക്കു ലഭിക്കുന്നുണ്ടെങ്കില്‍ തടയേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ ചോദിച്ചു. എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയാമെന്ന കടുത്ത മുന്നറിയിപ്പും ഗവര്‍ണര്‍ നല്‍കി.
പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വിശ്വസിക്കണോ ഹിന്ദു പത്രത്തെ വിശ്വസിക്കണോ എന്നു ഗവര്‍ണര്‍ ചോദിച്ചു. ''താന്‍ പറയാത്ത കാര്യമാണ് അച്ചടിച്ചു വന്നതെങ്കില്‍ എന്തുകൊണ്ട് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ല. പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികള്‍ അഭിമുഖ സമയത്ത് മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നെന്ന് പത്രം പറയുന്നു.
പിആര്‍ ഏജന്‍സിയാണ് അഭിമുഖത്തിനു വേണ്ടി സമീപിച്ചതെന്നും ഹിന്ദു പത്രം പറയുന്നു. ആരെ വിശ്വസിക്കും. എന്തു വിശ്വാസ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. രാഷ്ട്രീയലാഭത്തിനു വേണ്ടി കള്ളം പറയുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട്. ഗവര്‍ണറെ വിവരങ്ങള്‍ അറിയിക്കാനുള്ള ഭരണഘടനാപരമായ ചുമതല മുഖ്യമന്ത്രിക്ക് ഉണ്ട്. മറുപടി നല്‍കാന്‍ 28 ദിവസമാണ് മുഖ്യമന്ത്രി എടുത്തത്.'' ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ കഴിഞ്ഞദിവസം അയച്ച കത്തിലെ പരാമര്‍ശങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചത്. താന്‍ ചോദിച്ച വിഷയങ്ങളില്‍ മറുപടി നല്‍കാന്‍ വൈകുന്നത് മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
തനിക്കെന്തെങ്കിലും മറച്ചുവയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമര്‍ശമാണെന്ന് മുഖ്യമന്ത്രി ബുധനാഴ്ച വൈകിട്ടു നല്‍കിയ മറുപടിയില്‍ പറയുന്നു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശദ്രോഹ പ്രവര്‍ത്തനങ്ങളെപ്പറ്റി താന്‍ ഒരു തരത്തിലുള്ള പൊതുപ്രസ്താവനയും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചാല്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടമായെന്ന ഗവര്‍ണറുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് സിപിഎം വിലയിരുത്തുന്നത്.