നാല് വര്‍ഷം മുന്‍പ് ഭര്‍ത്താവായ ക്യാപ്റ്റന്‍ മരിക്കുമ്പോള്‍ ഗര്‍ഭിണി; ഇരട്ടകുഞ്ഞുങ്ങള്‍ക്കായി ആത്മധൈര്യം വീണ്ടെടുത്തു; ഉഷാ റാണി ഇനി സൈന്യത്തിന്റെ ഭാഗമായ ധീരവനിത

സങ്കടത്തെ നിശ്ചയദാര്‍ഢ്യമാക്കി ഉഷാ റാണി

Update: 2024-09-08 14:22 GMT

ചെന്നൈ: നാലുവര്‍ഷംമുമ്പ് ഭര്‍ത്താവ് ക്യാപ്റ്റന്‍ ജഗ്താര്‍ സിങിനെ ജീവിതത്തില്‍ നിന്നും നഷ്ടമായിട്ടും ഇരട്ടക്കുട്ടികളായ മക്കള്‍ക്ക് വേണ്ടി ആത്മധൈര്യം വീണ്ടെടുത്ത ഭാര്യ ഉഷാറാണി ഒടുവില്‍ ഒരു നിയോഗംപോലെ ഭര്‍ത്താവ് ജോലി ചെയ്ത ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായി. നാല് വര്‍ഷം മുന്‍പുള്ള ഒരു ക്രിസ്തുമസ് രാത്രിയിലായിരുന്നു ഉഷാറാണിക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ആര്‍മി എജ്യുക്കേഷന്‍ കോറിലെ അംഗമായിരുന്ന ക്യാപ്റ്റന്‍ ജഗ്താര്‍ സിംഗ് തീവണ്ടി അപകടത്തില്‍ മരിക്കുന്നത് അന്നാണ്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഭര്‍ത്താവിന്റെ പാത തന്നെ സ്വീകരിച്ചിരിക്കുകയാണ് ഇരട്ട കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ഈ ധീര വനിത.

2017 ല്‍ ആയിരുന്നു ജഗ്താര്‍ സിംഗിന്റെ കൈ പിടിച്ച് ഉഷ റാണി വൈവാഹിക ജീവിതത്തിലേക്ക് കടന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മാത്രമായിരുന്നു ഈ സുവര്‍ണകാലം നീണ്ടു നിന്നത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഉഷ റാണി ഗര്‍ഭിണിയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ഇനിയെന്ത് എന്ന ചോദ്യം ഉഷാ റാണിയ്ക്ക് മുന്‍പില്‍ ഉണ്ടായിരുന്നില്ല. എല്ലാം ഉഷ തീരുമാനിച്ചുറപ്പിച്ചിരുന്നു.

പ്രസവത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത ഉഷ ആദ്യം ബിരുദപഠനം പൂര്‍ത്തിയാക്കി. പിന്നീട് ആര്‍മി പബ്ലിക് സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. ഇവിടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമ്പോഴാണ് സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം ഉഷാ റാണിയില്‍ ഉടലെടുത്തത്. ഈ ആഗ്രഹത്തിലേക്കുള്ള ആദ്യ പടി കയറാന്‍ ഉഷ തിരഞ്ഞെടുത്തത് ആകട്ടെ വിവാഹ വാര്‍ഷിക ദിനവും.

മൂന്ന് വയസുമാത്രം പ്രായമായ ഇരട്ടക്കുട്ടികളെ തന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ച് നേരെ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലേക്കായിരുന്നു അവരുടെ യാത്ര. ഏകദേശം ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഇന്നലെയായിരുന്നു കെഡറ്റ് ഉഷാറാണിയുടെ പാസിങ് ഔട്ട് പരേഡ്. ഇന്ത്യന്‍ സേന കുപ്പായമിട്ട തങ്ങളുടെ അമ്മയെ കാണാന്‍ എത്തിയ മക്കള്‍ ശെരിക്കും ഭാഗ്യവാന്മാരാണ്. സങ്കടത്തെ നിശ്ചയദാര്‍ഢ്യമാക്കിമാറ്റിയ ഈ അമ്മയെ കിട്ടിയതില്‍.

കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു ഉഷാ റാണി പരിശീലനം ആരംഭിച്ചത്. പരിശീലനത്തിനൊപ്പം കുഞ്ഞുങ്ങളുടെ കാര്യത്തിലും ഉഷ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. വീട്ടുകാരുടെ പിന്തുണ ഉഷയ്ക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാക്കി. 11 മാസമായിരുന്നു പരിശീലന കാലയളവ്. ഇന്നലെയായിരുന്നു പാസിംഗ് ഔട്ട് പരേഡ്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി ഉഷാ റാണി അടക്കം 250 പേരാണ് സൈന്യത്തിന്റെ ഭാഗമായത്.

ശനിയാഴ്ച നടന്ന ചടങ്ങിലൂടെ 250 പേരാണ് സൈന്യത്തിലേക്ക് പുതുതായി എത്തിയത്. ഇതില്‍ 39 പേര്‍ വനിതകളാണ്. അതില്‍ ഒരു ധീരവനിതയായി ഉഷാറാണിയും. 2020-ലാണ് ഭര്‍ത്താവ് ജഗ്താര്‍ സിങ് തീവണ്ടിയപകടത്തില്‍ മരിച്ചത്. ഭര്‍ത്താവിന്റെ വേര്‍പാട് ഒരുഭാഗത്ത് മാനസികമായി തളര്‍ത്തിയപ്പോഴും ആത്മധൈര്യത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു ഉഷാറാണി.

Tags:    

Similar News