ഗുല്‍ പഠിച്ചത് മലപ്പുറത്തല്ല; പഹല്‍ഗാമിലെ മുഖ്യ സൂത്രധാരനും കൊച്ചി ബന്ധം; പഠിച്ച സ്ഥാപനം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം; തഹാവൂര്‍ റാണയെ സാഹയിച്ചത് പോലെ ഗുല്ലിനും തുണയായത് തടിയന്റവിട നസ്സീറിന്റെ സഹായിയോ? പഠന കേന്ദ്രം കേരളമായത് എന്തെന്ന് കണ്ടെത്താന്‍ എന്‍ഐഎ

Update: 2025-05-10 09:19 GMT

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന ഷെയ്ഖ് സജ്ജാദ് ഗുല്ലിന് കേരളത്തില്‍ അടുത്ത ബന്ധങ്ങള്‍. ഗുല്‍ 25 വര്‍ഷം മുന്‍പ് കേരളത്തില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് പഠിച്ച സ്ഥാപനം തേടി കേരള പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം. കേരളാ പോലീസും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. നേരത്തെ മലപ്പുറത്താണ് ഇയാള്‍ പഠിച്ചതെന്ന് വാര്‍ത്തഖളുണ്ടായിരുന്നു. എന്നാല്‍ വിശദ അന്വേഷണത്തില്‍ മലപ്പുറത്ത് ഇത്തരത്തിലൊരാള്‍ പഠിച്ചില്ലെന്നാണ് തെളിയുന്നത്.

പ്രാഥമിക വിവരപ്രകാരം, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഈ സ്ഥാപനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. സജ്ജാദിനു കേരളത്തില്‍ സഹായം നല്‍കിയത് ആരൊക്കെ, പഠനകേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്നിവയാണു പൊലീസ് അന്വേഷിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനും കൊച്ചിയില്‍ എത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ ഹുസൈന്‍ റാണയെ അമെരിക്കയില്‍ നിന്നു കൊണ്ടുവന്ന് ചോദ്യം ചെയ്ത ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.

റാണയുടെ കൊച്ചി സന്ദര്‍ശനം അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. മുംബൈ ആക്രമണത്തിനു മുമ്പ് റാണ ദുബായില്‍ കണ്ടുമുട്ടിയ ദുരൂഹ വ്യക്തിയെക്കുറിച്ചും എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് അയാള്‍ക്ക് അറിവുണ്ടായിരുന്നെന്നാണ് അമെരിക്കന്‍ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം. അതിനൊപ്പം കൊച്ചിയില്‍ റാണയെ കണ്ടയാള്‍ക്കും ആക്രമണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നിരോധിത സംഘടനയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ഗുല്ലിന്റെ കൊച്ചി ബന്ധങ്ങളും ചര്‍ച്ചകളില്‍ എത്തുന്നത്.

കൊടുഭീകരനാണ് സജ്ജാദ് ഗില്‍. കശ്മീര്‍ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവില്‍ എംബിഎ പൂര്‍ത്തിയാക്കി. പിന്നീടു കേരളത്തില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. 2002ല്‍ 5 കിലോ ആര്‍ഡിഎക്‌സുമായി ഡല്‍ഹി പൊലീസിന്റെ പിടിയിലായി. 2003ല്‍ 10 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. 2017ല്‍ ജയില്‍മോചിതനായശേഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലേക്കു പോയി. 2022 ഏപ്രിലില്‍ എന്‍ഐഎ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു. ബോംബ് നിര്‍മ്മാണത്തിന് വേണ്ടിയാണ് ഇയാള്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത്.

താഹാവൂര്‍ റാണയുടേതിന് സമാനമായി കരുതലോടെയാണ് ഗുല്‍ വിഷയത്തിലും അന്വേഷണം. മുംബൈ ആക്രമണ മുഖ്യ സൂത്രധാരനും പാക്കിസ്ഥാനി വംശജനുമായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി (ദാവൂദ് സയ്യിദ് ഗീലാനി) നിരന്തരം തഹാവൂര്‍ റാണ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2008 ആക്രമണത്തിന് മുന്നോടിയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റാണ യാത്ര നടത്തിയിരുന്നു. കൊച്ചിയില്‍ ഒന്നിലധികം തവണ വന്നു. അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധപ്പെട്ട് കളമശേരി ബസ് കത്തിക്കല്‍ തീവ്രവാദ കേസില്‍ ജയിലിലുള്ള തടിയന്റവിട നസീറുമായി ബന്ധമുള്ള ഇയാളാണ് ഇന്ത്യയില്‍ റാണയുടെ യാത്രകള്‍ക്കെല്ലാം സൗകര്യമൊരുക്കിയതെന്നു സൂചനയുണ്ട്. പക്ഷേ, ഇക്കാര്യങ്ങള്‍ എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല. ഇതേ വ്യക്തിയാണോ ഗുല്ലിനെ സഹായിച്ചതെന്നും പരിശോധിക്കും. ഗുല്‍ വന്നപ്പോള്‍ തടിയന്റവിട നസീര്‍ പുറത്തായിരിക്കാനും സാധ്യതയുണ്ട്.

Similar News