ടൈറ്റാനിക്കിനെ പോലെ ടൈറ്റാനിക് നിര്‍മ്മിച്ച കമ്പനിയും മുങ്ങുന്നു: അഞ്ച് വര്‍ഷത്തിനിടെ രണ്ടാം തവണയും പാപ്പരായി ഹാര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ്

Update: 2024-09-28 05:15 GMT

ടൈറ്റാനിക് കപ്പല്‍ നിര്‍മ്മിച്ചതിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ബെല്‍ഫാസ്റ്റിലെ ഹാര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ ഇത് രണ്ടാം തവണയും പാപ്പരായി. കമ്പനി അടച്ചു പൂട്ടുന്നത് ഒഴിവാക്കാന്‍ ആകില്ലെന്നാണ് ഇപ്പോള്‍ കമ്പനി വക്താക്കള്‍ പറയുന്നത്. ഹാര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സിനെയാണ് അഡ്മിനിസ്‌ട്രേഷന്‍ പ്രക്രിയ ഏല്‍പ്പിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രധാന യാര്‍ഡ് ബെല്‍ഫാസ്റ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഇംഗ്ലണ്ടിലെ ആപ്പിള്‍ഡോറിലും സ്‌കോട്ട്‌ലാന്‍ഡിലെ മേതില്‍ ആന്‍ഡ് ആര്‍നിഷിലും വേറെ രണ്ട് സൈറ്റുകളും ഉണ്ട്.

കപ്പല്‍ നിര്‍മ്മാണ ശാല വാങ്ങാന്‍ പുതിയ ആളുകളെ കണ്ടെത്താനാകുമെന്നാണ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ റസ്സല്‍ ഡൗണ്‍സ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ടെനിയോ ഫിനാന്‍ഷ്യല്‍ അഡ്വൈസറിയുടെ ഗവിന്‍ പാര്‍ക്ക് ആന്‍ഡ് മാറ്റ് കൗലിഷോയെ ജോയിന്റ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. ഹോള്‍ഡിംഗ് കമ്പനിയില്‍ നിലവില്‍ 59 ജീവനക്കാരാണ് ഉള്ളത്. നിലവിലെ ചില ജീവനക്കാരെ തുടര്‍ന്നും ജോലിയില്‍ നിലനിര്‍ത്തിയേക്കും.

ടൈറ്റാനിക് നിര്‍മ്മിച്ചതിലൂടെ പ്രശസ്തമായ ഈ കമ്പനി, യോര്‍ക്ക്ഷയര്‍ സ്വദേശി എഡ്വേര്‍ഡ് ഹാര്‍ലാന്‍ഡും, ജര്‍മ്മന്‍കാരനായ ബിസിനസ്സ് പങ്കാളി ഗുസ്തവ് വോള്‍ഫും ചേര്‍ന്ന് 1861 ല്‍ ആണ് സ്ഥാപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ആഗോള കപ്പല്‍ നിര്‍മ്മാണ രംഗത്ത് വളരെയേറെ പ്രാമുഖ്യം ലഭിച്ചിരുന്ന ഒരു കമ്പനിയാണിത്.

Tags:    

Similar News