യുഎസിലെ മിസിസിപ്പിയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്; ആറു പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍; സംഭവം വെസ്റ്റ് പോയിന്റ് നഗരത്തില്‍
മിസിസിപ്പിയില്‍ നടന്ന വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
വെസ്റ്റ് പോയിന്റ്, മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയില്‍ നടന്ന വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായി അധികൃതര്‍ അറിയിച്ചു. മിസിസിപ്പിയുടെ കിഴക്കന്‍ മേഖലയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് വെടിവെപ്പുണ്ടായത്.
അലബാമ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെസ്റ്റ് പോയിന്റ് നഗരത്തിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. 'അക്രമം കാരണം നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു,' എന്ന് ക്ലേ കൗണ്ടി ഷെരീഫ് എഡ്ഡി സ്‌കോട്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഡബ്ല്യുടിവിഎ (WTVA) യോട് ഷെരീഫ് അറിയിച്ചത് പ്രകാരം, മൂന്ന് സ്ഥലങ്ങളിലായാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്.
പ്രതി കസ്റ്റഡിയിലായതിനാല്‍ പ്രദേശവാസികള്‍ക്ക് നിലവില്‍ ഭീഷണികളില്ലെന്നും ഷെരീഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 'ഞങ്ങളുടെ ഇരകളെയും അവരുടെ കുടുംബങ്ങളെയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം. നിയമപാലകര്‍ അന്വേഷണത്തിലാണ്, എത്രയും പെട്ടെന്ന് പുതിയ വിവരങ്ങള്‍ പുറത്തുവിടും,' അദ്ദേഹം കുറിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയാണ് വെസ്റ്റ് പോയിന്റില്‍ അക്രമം തുടങ്ങിയത്.വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.