ഇറാൻ ആകാശത്ത് വീണ്ടും ആശങ്ക; പൈലറ്റുമാർക്ക് ജാഗ്രത നിർദ്ദേശം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി വച്ച് സലാം എയർ; പിന്നിലെ കാരണം വ്യക്തമാക്കി അധികൃതർ
മസ്‌കത്ത്: സുരക്ഷാ ആശങ്കകളും രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് ഒമാന്റെ ലോ കോസ്റ്റ് കാരിയറായ സലാം എയർ ഇറാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ജനുവരി 10, 11 തീയതികളിലെ സർവീസുകളാണ് താൽക്കാലികമായി റദ്ദാക്കിയതെന്ന് എയർലൈൻ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും, നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സലാം എയർ പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസ് റദ്ദാക്കിയത് മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.
എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും ബദൽ ക്രമീകരണങ്ങളും ഒരുക്കുമെന്നും സലാം എയർ അറിയിച്ചു. താൽക്കാലിക വിലക്ക് സംബന്ധിച്ച സാഹചര്യങ്ങൾ മനസ്സിലാക്കിയ ഉപഭോക്താക്കളോട് നന്ദി പറയുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ എയർലൈനിനുള്ള പ്രതിബദ്ധതയാണ് ഈ താൽക്കാലിക നടപടിയിലൂടെ വ്യക്തമാക്കുന്നത്.