കുതിരപ്പുറത്ത് കയറി സ്റ്റോറിലെത്തിയ രണ്ടുപേർ; ജീവനക്കാർ അടക്കം അമ്പരന്നു; ഇറങ്ങി പോടാ..എന്ന് ആക്രോശിക്കുന്നവരും കൂട്ടത്തിൽ; ഒടുവിൽ സംഭവിച്ചത്
ഡാളസ്: അമേരിക്കയിലെ ടെക്സസിലെ ഡാളസിലുള്ള ഒരു ടാർഗെറ്റ് സ്റ്റോറിനുള്ളിലേക്ക് കുതിരപ്പുറത്ത് കയറിയെത്തിയ രണ്ട് യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്റ്റോറിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച ഈ സംഭവം, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റി.
കുതിരകളെ പരിശീലിപ്പിക്കുന്ന സ്റ്റീഫൻ ഹാർമൺ ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്. ഒരു യുവാവും സുഹൃത്തുമാണ് കുതിരപ്പുറത്തുണ്ടായിരുന്നത്. 5.7 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്. കടയ്ക്കുള്ളിലേക്ക് കുതിരയുമായി അവർ കയറിച്ചെല്ലുമ്പോൾ കടയിലെ ജീവനക്കാർ അമ്പരപ്പോടും അസ്വസ്ഥതയോടും കൂടി ഇവരെ നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്റ്റോറിനുള്ളിൽ ചുറ്റിയടിക്കുന്നതിനിടെ കുതിര പലതവണ തറയിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ഇത് ജീവനക്കാരുടെ ക്ഷമ നശിപ്പിക്കുകയും ചെയ്തു. "നിങ്ങൾ എന്താണ് ചെയ്യുന്നത്? ഈ കുതിരയുമായി വേഗം കടയിൽ നിന്ന് പുറത്തുപോകൂ!" എന്ന് ഒരു ടാർഗെറ്റ് ജീവനക്കാരൻ ആക്രോശിക്കുന്നതും വീഡിയോയിൽ കേൾക്കാം. അധികം വൈകാതെ, സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുതിരയെ കടയുടെ പുറത്തേക്ക് മാറ്റുകയായിരുന്നു.
ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഇത് ഒരു സേവന മൃഗമാണോ എന്നതായിരുന്നു പലരുടെയും സംശയം. ചിലർ യുവാക്കളുടെ പ്രവൃത്തിയെ രസകരമായി കണ്ടപ്പോൾ, മറ്റുചിലർ കുതിരയുമായി കടയിൽ പ്രവേശിച്ചതിനെയും കുതിര മലമൂത്ര വിസർജ്ജനം നടത്തിയത് വൃത്തിയാക്കാതെ പോയതിനെയും രൂക്ഷമായി വിമർശിച്ചു.