തട്ടുകട തട്ടിപ്പ് തട്ടുകേടാകുമോ? ലണ്ടനിലെ മലയാളി റെസ്റ്റോറന്റ് മറയാക്കി നടന്ന തട്ടിപ്പിലെ പ്രധാന കഥാപാത്രമായ സിനിമ സംവിധായക ഹസീന സുനീര്‍ നടത്തിയത് നാലു കോടി രൂപയുടെ ഇടപാടെന്നു വെളിപ്പെടുത്തല്‍; പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് സംശയം; സിനിമയുടെ പേരില്‍ യുകെയില്‍ നിന്നും ഹവാല പണം എത്തിയോ എന്നതും സംശയ നിഴലില്‍; തട്ടുകട വിവാദത്തില്‍ അടിമുടി ട്വിസ്റ്റ്

തട്ടുകട തട്ടിപ്പ് തട്ടുകേടാകുമോ? സിനിമ സംവിധായക ഹസീന സുനീര്‍ നടത്തിയത് നാലു കോടി രൂപയുടെ ഇടപാടെന്നു വെളിപ്പെടുത്തല്‍

Update: 2025-09-03 03:56 GMT

ലണ്ടന്‍: കഴിഞ്ഞ മാസം യുകെ മലയാളികളെ ഞെട്ടിച്ച ലണ്ടന്‍ ഈസ്റ്റ് ഹാമിലെ തട്ടുകട റെസ്റ്റോറന്റിന്റെ പേരില്‍ നടന്ന തട്ടിപ്പിന്റെ പിന്നാമ്പുറം തേടുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുന്നു. വര്‍ഷങ്ങളായി യുകെ മലയാളികളുടെ ഫുഡ് ഹബ് എന്നറിയപ്പെടുന്ന പ്രശസ്ത റെസ്റ്റോറന്റ് തട്ടുകടയില്‍ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചു യുകെ മലയാളിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ നിക്ഷേപമായി നല്‍കി എന്നായിരുന്നു കഴിഞ്ഞ മാസം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത.

പരാതി നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയതോടെ വാര്‍ത്ത ചാനലുകള്‍ അടക്കം ഉള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. തുടര്‍ന്ന് തട്ടുകടയുടെ മുഖമായി അറിയപ്പെടുന്ന യുകെ മലയാളി ബിജു ഗോപിനാഥ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത തള്ളിക്കൊണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തട്ടിപ്പിലെ കേന്ദ്ര കഥാപാത്രമായ ഹസീന സുനീര്‍ എന്ന സംവിധായകയെ വര്‍ഷങ്ങളായി പരിചയമുണ്ട് എന്ന് സൂചനയും നല്‍കിയിരുന്നു.

പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്ന പ്രകാശന്റെ മെട്രോ എന്ന സിനിമയിലാണ് സംവിധായികയുടെ പേരായി ഹസീന പ്രത്യക്ഷപ്പെടുന്നത്. സിനിമ മേഖലയുമായി ഇവര്‍ക്ക് ഈ സിനിമയ്ക്ക് പുറത്തു കാര്യമായ ബന്ധങ്ങള്‍ ഇല്ലെന്ന സൂചനയും പുറത്തു വരുന്നുണ്ട്. ഇതോടെ ഇവരുടെ സംവിധായക കുപ്പായം പോലും സംശയ നിഴലില്‍ ആകുകയാണ്. മലയാള സിനിമയിലേക്ക് യുകെയില്‍ നിന്നും ഹവാല പണം എത്തുന്നുണ്ട് എന്ന ആരോപണം പോലും ഈ സാഹചര്യത്തില്‍ ശ്രദ്ധ നേടുകയാണ്.

ഹസീന സംവിധാനം ചെയ്ത സിനിമയും ഇപ്പോള്‍ തട്ടിപ്പിന് ഇരയായ ആള്‍ പണം നല്‍കിയ തീയതിയും തമ്മില്‍ ബന്ധം ഇല്ലെങ്കിലും ഹവാല മോഡല്‍ പണം വെളുപ്പിക്കലിന്റെ സാധ്യതയും ഇപ്പോള്‍ പോലീസ് അന്വേഷണത്തില്‍ എത്തിയേക്കുമെന്നു പറയപ്പെടുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എടുത്ത സംവിധായക അടിക്കടി യുകെ യാത്ര നടത്തിയിട്ടുണ്ട് എന്ന് പണം നഷ്ടമായവര്‍ പറയുമ്പോള്‍ ഈ യാത്രകളുടെ ഉദ്ദേശവും ചോദ്യങ്ങളില്‍ നിറയുകയാണ്.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍, പാസ്‌പോര്‍ട്ട് പോലും നിയമ സാധുത ഇല്ലാത്തതോ?

അതിനിടെ സംവിധായക കൈവശം വച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് വ്യാജ രേഖകള്‍ തയ്യാറാക്കി നേടിയതാണ് എന്ന വിവരവും പുറത്തു വരുമ്പോള്‍ ഈ വിവാദത്തില്‍ അടിമുടി ട്വിസ്റ്റ് നിറയുകയാണ്. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പോരായ്മകള്‍ വരെയാണ് ഈ കേസിലേക്ക് ഇപ്പോള്‍ എത്തുന്നത്. വിവാദം പുറത്തു വന്നപ്പോള്‍ ആരോപണം ഉയര്‍ത്തിയ വ്യക്തിക്ക് താന്‍ പണം നല്‍കാന്‍ ഉണ്ടെന്നു തട്ടുകട ഉടമ പറയുന്ന ശബ്ദ സന്ദേശവും പുറത്തു വന്നപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. അതിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരും വിധം ഹസീനയുടെ നീക്കങ്ങള്‍ പരിശോധിക്കപെടുന്നത്. ആരോപണം മാധ്യമങ്ങളില്‍ വാര്‍ത്ത ആയിട്ടും യുവതി പ്രതികരണം നടത്താന്‍ തയ്യാറായില്ല എന്നത് കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുകയാണ്. ഇവരുടെ യുകെ യാത്ര കേസില്‍ നിന്നും രക്ഷപെടാന്‍ സംസ്ഥാനം വിട്ടതിനു തുല്യമായി കാണുകയാണ് അന്വേഷണ സംഘം.

ഹസീനയുടെ പുതിയ പാസ്‌പോര്‍ട്ട് സംബന്ധിച്ച രേഖകള്‍ കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും തേടിയിരിക്കുകയാണ് പോലീസ് സംഘം. ഇത് കേസിന്റെ മുന്നോട്ടുള്ള വഴികളില്‍ നിര്‍ണായകമാകും. ജാമ്യമില്ലാ കുറ്റം ചുമത്തി രണ്ടു കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്ന ഹസീനയുടെ പേരില്‍ നാലു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് പോലീസ് അന്വേഷിക്കുന്നത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ വ്യാജമായി തയ്യാറാക്കിയ പാസ്‌പോര്‍ട്ടുമായാണ് യുകെയില്‍ നിന്നും എത്തിയ ശേഷം മടങ്ങി പോകാന്‍ ആയി ഹസീന ഉപയോഗിച്ചത് എന്ന സംശയമാണ് ഇപ്പോള്‍ പോലീസ് ഉയര്‍ത്തുന്നത്.

ഒന്നിലേറെ പരാതികളും ജാമ്യം ഇല്ല കുറ്റവും നിലനില്‍ക്കുന്ന സ്ത്രീക്ക് നിസാരമായി യാത്ര ചെയ്യാന്‍ സാധിച്ചത് സംസ്ഥാനത്തെ നിയമ സംവിധാന വീഴ്ച തന്നെ ആന്നെന്നാണ് പരാതിക്കാരനായ സുനില്‍ ജി ആര്‍ നായര്‍ പറയുന്നത്. രണ്ടു വര്‍ഷത്തെ വിസ എടുത്തു യുകെയിലേക്ക് യാത്ര ചെയ്യുന്ന ഹസീന ആറുമാസത്തെ കാലാവധിക്ക് ശേഷം രാജ്യത്തിന് പുറത്തു പോകണം എന്ന യുകെയിലെ നിയമ വ്യവസ്ഥ പാലിക്കാനാണ് ഇക്കഴിഞ്ഞ ജൂണ്‍ ആറിന് കേരളത്തില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് തിരികെ പോകാന്‍ തയ്യാറായ ഹസീനയുടെ യാത്ര വിലക്കാന്‍ കേരള പൊലീസിന് കഴിഞ്ഞില്ല എന്നാണ് ഇപ്പോള്‍ സുനില്‍ ആക്ഷേപമായി ഉയര്‍ത്തുന്നത്. താന്‍ ജൂലൈ നാലിന് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പോലും ആഗസ്ത് മൂന്നിന് ആണെന്ന് ഇയാള്‍ പറയുന്നു.

മറ്റൊരു കേസില്‍ രണ്ടര കൂടി രൂപയുടെ തട്ടിപ്പ് സംശയിച്ചു വരാന്തരപള്ളി പോലീസില്‍ കേസ് നിലനില്‍ക്കുമ്പോളാണ് ഹസീന പാസ്‌പോര്‍ട്ട് പുതുക്കി എടുത്തതെന്ന് സുനില്‍ നായര്‍ ഓര്‍മ്മിക്കുന്നു. ഇതാണ് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വ്യാജ രേഖ നല്‍കി എന്ന ആരോപണത്തിന് അടിസ്ഥാനം. ഹസീനയ്ക്ക് എതിരെയുള്ള കേസിന്റെ വിശദ വിവരങ്ങള്‍ ഇന്റലിജന്‍സ് എഡിജിപി, ജില്ലാ പോലീസ് മേധാവികള്‍, കൊല്ലം പത്തനംതിട്ട എസിപി എന്നിവര്‍ക്കൊക്കെ നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല എന്നാണ് സുനില്‍ പറയുന്നത്.

ഹസീനയ്ക്ക് നൂറനാട് ഒരു വീട് ഉള്ളതിനാല്‍ ഈ അഡ്രസ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സ്വന്തമാകും എന്ന സംശയത്താല്‍ ആലപ്പുഴ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും ഹസീനക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചു എന്നതാണ് സിസ്റ്റം പരാജയമാണ് എന്ന് സുനിലിനെയും പറയിപ്പിക്കുന്നത്. പുതിയ പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കുന്നതിലും കേരള പോലീസ് പരാജയമായി എന്നും പരാതിക്കാര്‍ ആക്ഷേപം ഉയര്‍ത്തുന്നു.

Tags:    

Similar News