നല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വന്നതെന്ന് കണ്ണീരോടെ ആശ വര്‍ക്കര്‍മാര്‍; എന്‍ എച്ച് എം കോഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ നിരാശയെങ്കിലും പ്രതീക്ഷയായി ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച; നിയമസഭയിലെ ഓഫീസിലെ ചര്‍ച്ചയോടെ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശമാരുടെ ദുരിതത്തിന് അറുതി വരുമോ?

ആശാ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും

Update: 2025-03-19 09:49 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും. മൂന്നരയ്ക്ക് മണിക്ക് നിയമസഭയിലെ ഓഫീസിലാണ് ചര്‍ച്ച. മന്ത്രിയുമായി നടത്താന്‍ പോകുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ സമരക്കാരുമായി എന്‍എച്ച്എം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.

കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനുമായാണ് എന്‍എച്ച്എം ഡയറക്ടര്‍ ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സമരം തുടരുമെന്നും ആശ പ്രവര്‍ത്തകര്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് ആശ പ്രവര്‍ത്തകരുടെ നിലപാട്.

നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു. സമരം നിര്‍ത്തണമെന്ന് എന്‍.എച്ച്.എം ഡയറക്ടര്‍ ആവശ്യപ്പെട്ടു. നല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വന്നതെന്ന് കണ്ണീരോടെ 'ആശ'മാര്‍ പറഞ്ഞു. അടുത്ത ചര്‍ച്ചയിലെങ്കിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. ആവശ്യങ്ങള്‍ നേടിയിട്ടേ സമരം അവസാനിപ്പിക്കൂവെന്നും സമരക്കാര്‍ അറിയിച്ചു.

38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആശാ വര്‍ക്കേഴ്‌സ്. സമരത്തിന്റെ മൂന്നാം ഘട്ടമെന്ന് നിലയില്‍ നാളെ മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയത്. സമരത്തിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

lങ്ങള്‍ ഉന്നയിച്ച ഒരാവശ്യങ്ങളും എന്‍എച്ച്എം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കേട്ടുപോലുമില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആശമാര്‍ അറിയിച്ചു. സമരത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു.

Tags:    

Similar News