ഹേമാ കമ്മറ്റിയില്‍ കേസെടുക്കാന്‍ കഴിയുന്ന കേസുകള്‍ ആദ്യം തിരിച്ചറിയും; സൂപ്പര്‍താരങ്ങള്‍ അടക്കം ആശങ്കയില്‍; പോക്‌സോ വലയില്‍ പല പ്രമുഖരും കുടുങ്ങാന്‍ സാധ്യത; അന്വേഷണ സംഘം വിപുലീകരിക്കും

മൊഴി നല്‍കിയവരെ ഉടന്‍ അന്വേഷണ സംഘം ബന്ധപ്പെടും

Update: 2024-09-12 04:06 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിന് പിന്നാലെ നടക്കുന്നത് വിശദ പരിശോധന. മൊഴി നല്‍കിയവരെ ഉടന്‍ അന്വേഷണ സംഘം ബന്ധപ്പെടും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറിയത്. അതിനിടെ, കേസുകളില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. റിപ്പോര്‍ട്ടിലുള്ള മൊഴികള്‍ അടക്കമുള്ളവ യോഗം പരിശോധിക്കും.

മാധ്യമങ്ങളിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍ വന്നതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല; വെളിപ്പെടുത്തലുകള്‍ നടത്തിയവരില്‍നിന്ന് മൊഴിശേഖരിച്ചശേഷമാണ് കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. നിലവില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പുറത്തുവന്ന കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒട്ടേറെപ്പേരുടെ മൊഴികളുണ്ടെങ്കിലും അത് ആരൊക്കെ നല്‍കിയതാണെന്ന് വ്യക്തമാക്കിയിട്ടില്ല. പല വമ്പന്‍ പേരുകളും ഇതിലുണ്ട്. സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരേയും പരാമര്‍ശമുണ്ട്. മൊഴികളെ ആദ്യം പലതായി അന്വേഷണ സംഘം തരം തിരിക്കും.

ക്രിമിനല്‍ കേസ് എടുക്കാന്‍ പാകത്തിലുള്ളവ ഇതിലൂടെ കണ്ടെത്തും. ഈ മൊഴി നല്‍കിയവരെയാകും അന്വേഷണ സംഘം സമീപിക്കുക. ഇരയുടേയും ആരോപണ വിധേയന്റേയും പേര് പുറത്തു പോകാതിരിക്കാന്‍ ഈ ഘട്ടത്തില്‍ ശ്രമിക്കും. എഫ് ഐ ആര്‍ ഇടേണ്ട സാഹചര്യമുണ്ടായാല്‍ അത് പൊതു സമൂഹത്തിലെത്തുകയും ചെയ്യും. മലയാള സിനിമാ ലോകവും ആശങ്കയിലാണ്. ഏതെല്ലാം നടന്മാര്‍ ആരോപണത്തില്‍ കുടുങ്ങുമെന്ന ചോദ്യം സജീവതയാണ്. ഇതുവരെ കുടുങ്ങിയവര്‍ക്ക് ജാമ്യം കിട്ടിയത് മാത്രമാണ് ആശ്വാസം. സിനിമാ സംഘടനകളും ഗൗരവത്തില്‍ നീക്കങ്ങളെ കാണുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി. എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനുശേഷമേ കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കൂ. വിഷയം ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

റിപ്പോര്‍ട്ടില്‍ ശക്തമായ തുടര്‍നടപടി വേണമെന്ന് സര്‍ക്കാരിനെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പിനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എസ് എ ടിയുടെ ഒരോ നീക്കവും നിര്‍ണ്ണായകമാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ എസ്.ഐ.ടി.യും മറ്റു വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളും നടപടിയെടുക്കണം. ഇരകളുടെയും ആരോപണവിധേയരുടെയും അവകാശം നിഷേധിക്കാതെയുള്ള നടപടിയാണുവേണ്ടത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളും ജാഗ്രതപുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കേണ്ടിവേന്നക്കും. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, പൂര്‍ണരൂപം കിട്ടുന്നതോടെ, റിപ്പോര്‍ട്ടില്‍ പേരുണ്ടാവുകയും അവര്‍ക്കെതിരേ തെളിവുകളോ മൊഴികളോ ഉണ്ടാവുകയും ചെയ്താല്‍ കേസെടുക്കാം. പക്ഷേ പരാതിക്കാര്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ മാത്രം കേസ് മതിയെന്നാണ് പൊതുവിലുള്ള നിലപാട്.

പ്രായപൂര്‍ത്തിയാവാത്തവരും ചൂഷണത്തിനിരയാകേണ്ടിവന്നുവെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാല്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കേണ്ടിയും വരും. ഏതൊക്കെ കാര്യങ്ങളില്‍ കേസെടുക്കാനാകും, കേസെടുക്കാനാവില്ല എന്ന കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാകും രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുക.

Tags:    

Similar News