സംഘിയാണെങ്കില്‍ മലയാള സിനിമയില്‍ പണിയില്ല! സംഘികള്‍ സിനിമയില്‍ വരാന്‍ പാടില്ലെന്ന് ചിലര്‍ക്ക് നിര്‍ബ്ബന്ധം; സുരേഷ് ഗോപിയുടെ അവസ്ഥ ഇതാണെങ്കില്‍ കൃഷ്ണകുമാറിന്റെ അവസ്ഥ ദയനീയം; അഭിനയിക്കാന്‍ വിളിക്കാന്‍ പലരും മടി കാട്ടുന്നുവെന്ന് തുറന്നടിച്ച് നടന്‍

സംഘിയാണെങ്കില്‍ മലയാള സിനിമയില്‍ പണിയില്ല!

Update: 2025-02-03 13:24 GMT

തിരുവനന്തപുരം: ബിജെപി നേതാവായാല്‍, മലയാള സിനിമയില്‍ അവസരം നഷ്ടപ്പെടുമോ? ഉവ്വെന്നാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ പറയുന്നത്. ബിജപി നേതാവായതിന്റെ പേരില്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാന്‍ പലരും മടി കാണിക്കാറുണ്ടെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.

സംഘികള്‍ സിനിമയില്‍ വരാന്‍ പാടില്ലെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും തന്റെ അടുത്ത സുഹൃത്തുക്കള്‍ ഇതേക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നേരിടുന്ന സമാനമായ അവസ്ഥയാണ് താനും നേരിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍

'രാഷ്ടീയക്കാരനായതിന്റെ പേരില്‍ സിനിമയില്‍ വലിയ വെല്ലുവിളി നേരിടുന്നു എന്നത് ശരിയായ കാര്യമാണ്. സംഘികള്‍ സിനിമയില്‍ വരാന്‍ പാടില്ല. അടുത്ത രണ്ട് മൂന്ന് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. 'കൃഷ്ണകുമാറേ, കൃഷ്ണകുമാറിനോട് വിരോധം ഉണ്ടായിട്ടല്ല, ചില കോണില്‍ നിന്ന് പ്രശ്‌നം വന്നു. തിരക്കഥാകൃത്തിനും പ്രൊഡ്യൂസര്‍ക്കും ബുദ്ധിമുട്ടുണ്ട്' എന്നൊക്കെ പറയും.

ഞാന്‍ ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയാണ്. ഇതൊക്കെ കുറച്ച് കഴിഞ്ഞ് മാറിവരും. സിനിമയില്‍ ഞാന്‍ അത്ര സക്‌സസ്ഫുള്ളായ നടനൊന്നുമല്ല, ഒരു സക്‌സസുള്ള നടനാണെങ്കില്‍ ഈ പാര്‍ട്ടിയോടോ ആ പാര്‍ട്ടിയോടോ ചായ്വ് കാണിച്ചാല്‍ അതൊരു പ്രശ്‌നമല്ല. നമ്മള്‍ സെയ്ലബിള്‍ ആണെങ്കില്‍ ഇതൊന്നും ബാധിക്കില്ല. സെയ്ലബിളായ സുരേഷ് ഗോപിക്ക് പോലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ മാര്‍ക്കറ്റില്‍ അത്ര വാല്യു ഇല്ലാത്ത കൃഷ്ണകുമാറിന് കുറച്ചധികം ബുദ്ധിമുട്ടുണ്ടാകും. കൃഷ്ണകുമാറിന്റെ കുടുംബത്തിനും അതുണ്ടാകും.

സുരേഷ് ഗോപിയുടെ അവസ്ഥ ഇതാണെങ്കില്‍ കൃഷ്ണകുമാറിന്റെ അവസ്ഥ ദയനീയമായിരിക്കും. അതിലൊന്നും എനിക്ക് പരാതി തോന്നാറില്ല. ചെറുപ്പകാലത്ത് ചെന്നൈയില്‍ താമസിക്കുന്ന സമയത്ത് ചിലരോട് അവസരം ചോദിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് പിന്നെ അങ്ങനെ ചോദിച്ചിട്ടില്ല. പിന്നീട് എന്റെ ശ്രദ്ധ സീരിയലിലേക്ക് മാറി. സീരിയലില്‍ അവസരങ്ങള്‍ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അങ്ങോട്ട് പോയി ചോദിക്കേണ്ടി വന്നില്ല. അവസരം ചോദിച്ച് പുറകെ നടക്കുന്ന സ്വഭാവം എനിക്കും മക്കള്‍ക്കും ഇല്ല'- കൃഷ്ണകുമാര്‍ പറഞ്ഞു.

Tags:    

Similar News