ഷിയാ അനുയായികള്‍ക്കിടയില്‍ കള്‍ട്ട് പദവി; മൂന്നു പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ തലതോട്ടപ്പന്‍; 2006 ല്‍ കൊല്ലപ്പെട്ടെന്നു അഭ്യൂഹം ഉയര്‍ന്നെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടു; ഹസന്‍ നസ്‌റള്ളയുടെ മരണം ഇസ്രയേലിന്റെ ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും വലിയ വിജയം

നസ്‌റള്ളയുടെ മരണം ഇസ്രയേലിന്റെ ഇതുവരെയുള്ള യുദ്ധത്തിലെ ഏറ്റവും വലിയ വിജയം

Update: 2024-09-28 11:20 GMT

ബെയ്‌റൂട്ട്: ബെയ്‌റൂട്ടിന് തെക്ക് ദഹിയെയിലാണ് ഹിസ്ബുള്ളയുടെ ആസ്ഥാനം. അവിടെ യോഗം നടക്കുന്നത് മണത്തറിഞ്ഞ് ഇസ്രയേല്‍ സൈന്യത്തിന്റെ കിറുകൃത്യമായ വ്യോമാക്രമണം. ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റള്ളയുടെ മരണം ഇതുവരെയുള്ള യുദ്ധത്തിലെ ഇസ്രയേലിന്റെ ഏറ്റവും വലിയ വിജയമാണ്. മൂന്നുപതിറ്റാണ്ട്് അധികാരത്തിലിരുന്ന നസ്‌റള്ളയാണ് ഈ തീവ്ര ഗ്രൂപ്പിനെ ഈ നിലയില്‍ വളര്‍ത്തിയെടുത്തത്.

1992 ഫെബ്രുവരി മുതല്‍ ഈ ഷിയ നേതാവാണ് ഹിസ്ബുള്ളയുടെ തലപ്പത്ത്. ലെബനനിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, രൂപീകരിച്ച സായുധ ഗ്രൂപ്പിനെ രാഷ്ട്രീയ കക്ഷിയായും പ്രാദേശിക ശക്തിയായും മാറ്റിയെടുത്തത്് നസ്‌റള്ളയാണ്.

64 കാരനായ നസ്‌റള്ളയുടെ നേതൃത്വത്തില്‍, ഹിസ്ബുള്ള ഇസ്രയേലിന് എതിരെ നിരവധി യുദ്ധങ്ങള്‍ നയിച്ചു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനെ അധികാരത്തില്‍ ഉറപ്പിക്കാന്‍ തുണയായി. ഹസന്‍ നസ്‌റള്ളയുടെ മരണം ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പിന് വന്‍ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല, ലെബനനെ ആകെ തന്നെ അസ്ഥിരമാക്കുന്നതാണ് ഈ മരണം. വളരെ അപൂര്‍വമായി മാത്രമേ നസ്രളള പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു. ഷിയ മുസ്ലീം അനുയായികള്‍ക്കിടയില്‍ കള്‍ട്ട് പദവി തന്നെയുണ്ട് അദ്ദേഹത്തിന്. ലെബനനില്‍ യുദ്ധത്തിന് പുറപ്പെടാനോ, സമാധാനത്തിന്റെ വെള്ളക്കൊടി വീശാനോ അധികാരമുള്ള ഏക നേതാവ്.

ഹനസന്‍ നസ്രള്ള ഇനി ലോകത്തില്‍ ഭീകരത വിതയ്ക്കാന്‍ ഉണ്ടാകില്ല, ഇസ്രയേലിന്റെ ഐഡിഎഫ് വക്താവ് ആഹ്ലാദത്തോടെ പറഞ്ഞു.

ഹിസ്ബുള്ളയുടെ ദക്ഷിണ മുന്നണിയിലെ കമാന്‍ഡര്‍ അലി കര്‍ക്കിയും മറ്റുചില കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

രാത്രി മുഴുവന്‍ ബെയ്‌റൂട്ടിനെ നിലംപരിശാക്കിയ വ്യോമാക്രമണം ഇന്നുവീണ്ടും അതിശക്തമായി പുനരാരംഭിച്ചു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ആറ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ നിലംപരിശായി. ആറുപേര്‍ കൊല്ലപ്പെട്ടെന്നും 91 പേര്‍ക്ക് പരുക്കേറ്റെന്നും ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നസ്രള്ളയുടെ മരണത്തോടെ, ഹിസ്ബുള്ളയുടെ പ്രവര്‍ത്തനത്തിന്റെ ശരിയായ ദിശയില്‍ മാറുമെന്നാണ് ഇസ്രയേലിന്റെ പ്രതീക്ഷ. നസ്രള്ളയുടെ മരണത്തോടെ എല്ലാം അവസാനിച്ചെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നുമില്ല. ഇസ്രയേലിന് ഭീഷണിയായ ആരെയും നേരിടുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹാലെവി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ നസ്രള്ളയെ കുറിച്ച് വിവാരമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 2006 ല്‍ ഇസ്രയേലുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ് നസ്രള്ളയെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.


Tags:    

Similar News