സാധാരണക്കാരന്‍ റോഡുവക്കില്‍ ചായക്കട തുടങ്ങിയാല്‍ എടുത്തു മാറ്റില്ലേ? സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തില്ലേ? കോര്‍പ്പറേഷനും പോലീസും ചെറുവിരല്‍ അനക്കിയില്ല; റോഡ് അടച്ചുള്ള സിപിഎം പൊതുയോഗത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സാധാരണക്കാരന്‍ റോഡുവക്കില്‍ ചായക്കട തുടങ്ങിയാല്‍ എടുത്തു മാറ്റില്ലേ?
കൊച്ചി: തിരുവനന്തപുരത്ത് സിപിഎം പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗത്തിനായി റോഡ് കെട്ടിയടച്ച സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു സാധാരണക്കാരന്‍ റോഡുവക്കില്‍ ചായക്കട തുടങ്ങിയാല്‍ അത് എടുത്തുമാറ്റില്ലേ എന്നു ചോദിച്ചാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ ആര്‍ക്കെതിരെ കേസെടുത്തെന്നും സ്റ്റേജില്‍ ഇരുന്നവര്‍ക്കെതിരെ കേസെടുത്തില്ലേയെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ പൊലീസും കോര്‍പ്പറേഷനുമാെന്നും ചെറുവിരല്‍ പോലും അനക്കിയില്ലെന്നുപറഞ്ഞ കോടതി ഒരു സാധാരണക്കാരന്‍ റോഡുവക്കില്‍ ചായക്കട തുടങ്ങിയാല്‍ അത് എടുത്തുമാറ്റില്ലേ എന്നും ചോദിച്ചു.
കഴിഞ്ഞദിവസം കേസ് പരിഗണിക്കുമ്പോഴും സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്. നടപടി മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണ്ടേതാണെന്നും പരാമര്‍ശിച്ച കോടതി വിഷയത്തില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരാണ് ഇത്തരത്തില്‍ അനുമതി നല്‍കിയത്. യാതൊരു കാരണവശാലും റോഡുകള്‍ കെട്ടിയടക്കരുതെന്ന് കോടതി മുന്‍ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളതാണ്.
യോഗത്തില്‍ പങ്കെടുത്തത് ആരൊക്കെയാണ്? കാല്‍നടയാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. എവിടെ നിന്നാണ് ഇത്തരം യോഗങ്ങള്‍ നടത്താന്‍ അധികാരം കിട്ടുന്നത്. സര്‍ക്കാര്‍ എന്തുകൊണ്ട് വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ല. എറണാകുളത്തടക്കം സിപിഎം സമ്മേളനങ്ങളുടെ പേരില്‍ വഴിയോരങ്ങളില്‍ അടക്കം രാത്രി ദീപാലങ്കാരമാണ്. ഇതിനൊക്കെ വൈദ്യുതി ലഭിക്കുന്നത് എവിടെ നിന്നാണെന്നും കോടതി ചോദിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വഞ്ചിയൂരില്‍ സിപിഎം പാളയം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് റോഡ് കെട്ടിയടച്ച് ദിവസം മുഴുവന്‍ യാത്രക്കാരെ വലച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. ജില്ലാ കോടതിയും നിരവധി കീഴ് കോടതികളും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഉള്‍പ്പെടെയുള്ള, അനവധി പേര്‍ സദാ വന്നുപോകുന്ന റോഡിലാണ് ദിവസം മുഴുവന്‍ നീണ്ടുനിന്ന ഈ നിയമലംഘനം നടന്നത്.
അപ്രതീക്ഷിതമായി റോഡ് അടച്ചതുമൂലം വഴിയില്‍ കുടുങ്ങേണ്ടി വന്നവരില്‍ സ്‌കൂള്‍ കുട്ടികളും രോഗികളും കോടതികളില്‍ എത്തിപ്പെടേണ്ടവരും ഉണ്ടായിരുന്നു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനു തൊട്ടു മുമ്പിലായിരുന്നു സ്റ്റേജ് കെട്ടി പ്രസംഗവേദി തയ്യാറാക്കിയിരുന്നത്. സമ്മേളനത്തിനു പുറമെ നാടകവും അവിടെ നടന്നു.