തനിക്കെതിരേയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ തെളിവുകള്‍ സഹിതം പരാതി; ഹണി റോസിന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ഇട്ടേക്കും; ദ്വയാര്‍ത്ഥമെന്നത് വെറും തെറ്റിധാരണയെന്ന് ബോച്ചെ; മുന്‍കൂര്‍ ജാമ്യകിട്ടിയില്ലെങ്കില്‍ മുതലാളി അകത്താകും; ബോബി ചെമ്മണ്ണൂര്‍ അറസ്‌റ്റൊഴിവാക്കാന്‍ നെട്ടോട്ടത്തില്‍

Update: 2025-01-08 01:20 GMT

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റു ചെയ്യാന്‍ പോലീസ്. ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കും. അതുകൊണ്ട് തന്നെ ജാമ്യ ഹര്‍ജിയിലെ കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. അറസ്‌റ്റൊഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് ബോബി ചെമ്മണ്ണൂര്‍. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നാണ് സൂചന.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങള്‍ നടി പുറത്തുവിട്ടത്. 'താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.' വിവരം അറിയിച്ചുകൊണ്ട് ഹണി റോസ് കുറിച്ചു. ഞെട്ടലോടെയാണ് ബോബി ചെമ്മണ്ണൂര്‍ ഇതിനെ ഉള്‍ക്കൊണ്ടത്. രണ്ടു ദിവസമായി ഹണി റോസ് പേരു പറയാതെ തനിക്കെതിരെ അധിക്ഷേപം നടത്തിയ മുതലാളിക്കെതിരെ അതിനിശത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പേര് പുറത്തു പറഞ്ഞില്ല. ഇതില്‍ പ്രതികരിച്ച് ബോച്ചെ ഫാന്‍സ് അശ്ലീല കമന്റുമായി എത്തി. ഇതോടെ കമന്റുകള്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പും ചുമത്തി. പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരേയും പരാതി നല്‍കിയത്.

പരാതിയില്‍ നടി ഹണി റോസിന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. നിലവില്‍ എഴുതി നല്‍കിയ പരാതി അടിസ്ഥാനപ്പെടുത്തിയുള്ള മൊഴിയെടുപ്പിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കും. തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം ബോബി ചെമ്മണ്ണൂരിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. അറസ്റ്റിനുള്ള സാധ്യതയുള്ളതിനാല്‍ ബോബി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കും. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമ്മത്തിയിട്ടുണ്ട്. തനിക്കെതിരേയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ തെളിവുകള്‍ സഹിതമാണ് ഹണി റോസ് പരാതി നല്‍കിയത്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച് ലൈംഗിക ചുവയോടെ തുടര്‍ച്ചയായി പരാമര്‍ശം നടത്തിയെന്നാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചപ്പോള്‍ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വീണ്ടും അധിക്ഷേപം തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്ന് ഹണി റോസ് പ്രതികരിച്ചു. പരാതിക്കാരിയെന്ന നിലയില്‍ തന്റെ പേര് മാധ്യമങ്ങള്‍ മറച്ചുവയ്ക്കരുതെന്ന് ഹണി റോസ് പ്രതികരിച്ചു. അതിനിടെ ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബലമായി കൈ പിടിച്ചിട്ടില്ല. ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞില്ല. ആഭരണങ്ങള്‍ അണിയിച്ചിരുന്നു; മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ട്. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്റുകളായി വളച്ചൊടിക്കുന്നെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് താന്‍ ഉപമിച്ചിരുന്നുവെന്നും അതില്‍ മോശമായ കാര്യമൊന്നുമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. കുന്തീദേവി എന്നു പറഞ്ഞതില്‍ ദ്വയാര്‍ഥമുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. തെറ്റിദ്ധരിച്ചായിരിക്കും പരാതി നല്‍കിയത്. മോശമായി ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഹണി റോസിന് വിഷമമുണ്ടായതില്‍ തനിക്കും വിഷമമുണ്ട്- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോള്‍ പരാതിയുമായി വരാന്‍ കാരണമെന്തെന്ന് അറിയില്ല.ചടങ്ങില്‍ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി നല്‍കിയത് എന്നറിയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു

കഴിഞ്ഞ ദിവസം ഒരു കുറിപ്പിലൂടെ ഹണി റോസ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് മനഃപൂര്‍വ്വം വലിച്ചിഴയ്ക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പറയുകയുമാണ് ഈ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ദ്വയാര്‍ഥ പ്രയോഗം നടത്തി, പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30-ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കി. നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുമ്പളം സ്വദേശി ഷാജിയെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Tags:    

Similar News