ഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം; ബന്ധുക്കളുമായുള്ള പുനസമാഗമത്തില്‍ വൈകാരിക രംഗങ്ങള്‍; ഭൂഗര്‍ഭ അറകളില്‍ മരണത്തെ അതിജീവിച്ചവര്‍ മാനസികമായി തകര്‍ന്ന നിലയില്‍; പലര്‍ക്കും പോഷകാഹാര കുറവും ത്വക് രോഗങ്ങളും
ഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം
ടെല്‍ അവീവ്: ഗാസയില്‍ 738 ദിവസങ്ങള്‍ക്ക് ശേഷം ഹമാസ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദികളില്‍ പലരും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം സംഭവിച്ചാണ് പുറംലോകത്തേക്ക് എത്തിയത്. വളരെ വൈകാരികമായ രംഗങ്ങളാണ് ഇവരുടെ പുനസമാഗമത്തില്‍ നടന്നത്. മോചിപ്പിക്കപ്പെട്ടവര്‍ അവരുടെ മാതാപിതാക്കള്‍, കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, പ്രിയപ്പെട്ടവര്‍ എന്നിവരുമായി വീണ്ടും ഒന്നിച്ച കാഴ്ച ആരുടേയും കണ്ണ് നനയിക്കും.
2023 ഒക്ടോബര്‍ 7 ന് പിടിക്കപ്പെടുന്നതിന് മുമ്പ് എടുത്ത ഫോട്ടോകളില്‍ നിന്ന് ഇപ്പോള്‍ ബന്ദികള്‍ തികച്ചും വ്യത്യസ്തരായിട്ടാണ് കാണപ്പെടുന്നത്. ചിലര്‍ക്ക് വലിയ തോതില്‍ ഭാരക്കുറവ് ഉണ്ടായിട്ടുണ്ട്. ചിലര്‍ എല്ലും തോലുമായി തീരെ ദുര്‍ബലരായിട്ടാണ് കാണുന്നത്. ഹമാസിന്റെ ഭൂഗര്‍ഭ അറകളില്‍ മരണത്തെ മുന്നില്‍ കണ്ട് ജിവിച്ച ഇവരില്‍ പലരും മാനസികമായും ഏറെ തളര്‍ന്ന അവസ്ഥയിലാണ് എന്നാണ് കരുതപ്പെടുന്നത്. ഹമാസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ നോവ ഫെസ്റ്റിവലില്‍ നിന്ന് 24 കാരനായഅലോണ്‍ ഓഹലിനെ തീവ്രവാദികള്‍ കൊണ്ടുപോകുന്നത് കാണാം.
ഇപ്പോള്‍ ഈ യുവാവിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടമായിരിക്കുകയാണ്. ശരീരവും തീരെ മെലിഞ്ഞിരിക്കുകയാണ്. സെര്‍ഗേവ് കാല്‍ഫോന്‍ എന്ന 27 കാരനേയും നോവ മേളയില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയത്. എന്നാല്‍ മോചിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പുതിയ ഫോട്ടോയില്‍, മുഖത്തിന്റെ ആകൃതി തന്നെ നഷ്ടപ്പെട്ടതായിട്ടാണ് കാണുന്നത്. ഏരിയല്‍ കുനിയോ എന്ന 27 കാരന്‍ മോചിപ്പിക്കപ്പെട്ടപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുന്നത്.
ശരീരഭാരവും തീരെ കുറവാണ്. എവ്യാതര്‍ ഡേവിഡിന്റെ എല്ലും തോലുമായ ശരീരത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഹമാസ് പുറത്തു വിട്ടത്. ഒരു മനുഷ്യ അസ്ഥികൂടം എന്നാണ് പലരും എവ്യാതറിനെ അന്ന് വിശേഷിപ്പിച്ചത്. ഹമാസ് ആക്രമണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകള്‍ 24 വയസ്സുള്ള ആള്‍ എത്ര ഊര്‍ജ്ജസ്വലനായി കാണപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇപ്പോള്‍
പുറത്തിറങ്ങിയ ചിത്രത്തില്‍, അദ്ദേഹം ഇപ്പോഴും വളരെ ഭാരക്കുറവും പോഷകാഹാരക്കുറവും ഉള്ളതായിട്ടാാണ്് കാണപ്പെടുന്നത്. എയ്താന്‍ ഹോണ്‍ നോവ ഫെസ്റ്റിവലിലെ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു.
പിടിക്കപ്പെടുന്നതിന് മുമ്പ് പലരെയും ഇയാള്‍ രക്ഷിച്ചതായും പറയപ്പെടുന്നു. ആജാനബാഹു ആയിരുന്ന ഈ വ്യക്തി കഴിഞ്ഞ ദിവസം പുറത്തിറങ്ങുമ്പോള്‍ തീരെ ദുര്‍ബലനായിട്ടാണ് കാണപ്പെട്ടത്.. മതന്‍ സാന്‍ഗൗകെയെ നിര്‍ ഓസില്‍ നിന്ന് തന്റെ പങ്കാളിയായ ഇലാന ഗ്രിറ്റ്‌സെവ്‌സ്‌കിക്കൊപ്പമാണ് തട്ടിക്കൊണ്ടുപോയത്. 2024 ഡിസംബറില്‍, ത്വക്ക് രോഗങ്ങള്‍, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യം വിവരിക്കുന്ന 25 കാരനായ മതാന്റെ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടിരുന്നു.
എന്നാല്‍ മറ്റ് പല ബന്ദികളും വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെയാണ് കാണപ്പെട്ടത്. ഭൂരിഭാഗം പേര്‍ക്കും വൃത്തിഹീനമായ ്അന്തരീക്ഷത്തില്‍ കഴിഞ്ഞതിന്റെ ഭൃഫലമായി ത്വക്ക് രോഗങ്ങള്‍ പിടികൂടിയിരുന്നു. സമാധാന കരാറിന്റെ ഭാഗമായി 20 ബന്ദികളോടൊപ്പം, മരിച്ച 28 മൃതദേഹങ്ങളും കൈമാറാന്‍ ഹമാസിനോട് നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, ഇന്ന് നാലെണ്ണം മാത്രമേ കൈമാറൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
മരിച്ച എല്ലാ ബന്ദികളുടെയും അവശിഷ്ടങ്ങള്‍ എവിടെയാണെന്ന് അറിയില്ലെന്ന് ഭീകര സംഘം മുമ്പ് സമ്മതിച്ചിരുന്നു. തിരികെ നല്‍കാത്ത മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ഇസ്രായേല്‍, യുഎസ്, തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഒരു സംയുക്ത ബഹുരാഷ്ട്ര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്.