കത്തോ മറ്റ് തെളിവോ ഇല്ലാഞ്ഞിട്ടും പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന പി പി ദിവ്യ സ്ഥാനം രാജിവച്ചു; ആത്മഹത്യാ കുറിപ്പുള്ളതു കൊണ്ട് ബത്തേരി എംഎല്‍എയും രാജിവയ്ക്കണമെന്ന് സിപിഎം; ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തും; വയനാട്ടില്‍ കോണ്‍ഗ്രസിന് കരുക്ക് മുറുക്കാന്‍ സര്‍ക്കാര്‍

Update: 2025-01-08 02:39 GMT

തിരുവനന്തപുരം: വയനാട്ടിലെ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ കേസില്‍ ചടുല നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍. കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി. അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കും. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനും നീക്കം. സംഭവത്തില്‍ വിജിലന്‍സ് കേസും വരും. ഇതിനൊപ്പമാണ് ക്രിമിനല്‍ കേസും തുടങ്ങുന്നത്. ഐ.സി ബാലകൃഷ്ണന്‍ നിയമനത്തിന്റെ പേരില്‍ കോഴ വാങ്ങി എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഏഴ് പേജിലധികമുള്ള ആത്മഹത്യകുറിപ്പാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണു പോലീസിന്റെ അതിവേഗനീക്കം. വിജയന്റെ ബന്ധുക്കളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തേത്തുടര്‍ന്ന് സി.പി.എം. നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിനു കേസെടുത്തിരുന്നു അതേ സാഹചര്യം വിജയന്റെ ആത്മഹത്യാക്കേസിലും നിലനില്‍ക്കുന്നുവെന്നാണു പോലീസ് വിലയിരുത്തല്‍. കോണ്‍ഗ്രസിനെതിരേ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണി നീക്കം. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനിലേക്കും അന്വേഷണം നീളും. വിജയന്റെ കത്ത് സുധാകരന്‍ കൈയ്യില്‍ കിട്ടിയിട്ടും രഹസ്യമാക്കിയെന്ന ആരോപണം അന്വേഷിക്കും. കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ കേസുമായി കൂട്ടികെട്ടി കണ്ണൂരിലും മറ്റും വിജയന്റെ ആത്മഹത്യ ചര്‍ച്ചയാക്കുകയാണ് സിപിഎം ലക്ഷ്യം.

എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ മുന്നിലുള്ള ഏകപോംവഴി രാജിയാണെന്ന് സിപിഎം പറയുന്നു. തന്നെ സാമ്പത്തിക ബാധ്യതയിലാക്കിയത് ബാലകൃഷ്ണനാണെന്ന് പേരെടുത്ത് പറഞ്ഞാണ് കുറിപ്പ്. പ്രധാന തെളിവാണ് കത്ത്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ബാധ്യതയും ബാലകൃഷ്ണനുണ്ട്. വയകുറിപ്പിലെ വാചകങ്ങള്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള തെളിവാണ്. ബാലകൃഷ്ണന്‍ അനധികൃതമായി 17 പേരെ നിയമിക്കാന്‍ തന്നെ സമീപിച്ചെന്ന് ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഡോ. സണ്ണി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. നിയമന അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേതാക്കളെ അറിയിച്ചതായി ബാലകൃഷ്ണന്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നുവെന്നും സിപിഎം പറയുന്നു.

കത്തോ മറ്റ് തെളിവോ ഇല്ലാഞ്ഞിട്ടും പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന പി പി ദിവ്യ സ്ഥാനം രാജിവച്ചിരുന്നു. സിപിഐ എം നടപടിയുമെടുത്തു. ബഹുഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും അന്ന് വന്‍പ്രചാരണമാണ് നടത്തിയതെങ്കില്‍, വ്യക്തമായ തെളിവുണ്ടായിട്ടും ബത്തേരി ആത്മഹത്യ കണ്ട ഭാവമില്ലെന്ന കുറ്റപ്പെടുത്തലും ദേശാഭിമാനിയിലൂടെ സിപിഎം നടത്തുന്നു. ഫലത്തില്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ കൂട്ടികെട്ടുന്ന തെളിവൊന്നുമില്ലെന്ന് കൂടി പറയുകയാണ് സിപിഎം മുഖപത്രം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് ദിവ്യ രാജിവച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വച്ചിരുന്നില്ല. പ്രസിഡന്റ് പദം രാജിവച്ച ശേഷം ദിവ്യയ്ക്ക് സിപിഎം സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനവും നല്‍കി. അതുകൊണ്ട് തന്നെ ഐസി ബാലകൃഷ്ണന്റെ രാജിയ്ക്കായി ദിവ്യയുടെ രാജി ചര്‍ച്ചയാക്കുന്നത് ശരയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ഏതായാലും കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണു സുധാകരനുള്ള വിജയന്റെ കത്തുകളിലുള്ളത്. ബാങ്ക് നിയമനത്തിനായി പണം വാങ്ങാന്‍ നിര്‍ദേശിച്ചത് എം.എല്‍.എയാണെന്നും പ്രശ്നമായപ്പോള്‍ നേതൃത്വം കൈയൊഴിഞ്ഞെന്നും വിജയന്‍ വെളിപ്പെടുത്തുന്നു. സാമ്പത്തികബാധ്യതകളെക്കുറിച്ച് സുധാകരനുള്ള കത്തില്‍ ബാലകൃഷ്ണനും അപ്പച്ചനും പണം വാങ്ങിയെന്ന പരാമര്‍ശമുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ജീവനൊടുക്കേണ്ടിവരുമെന്നും പാര്‍ട്ടി നേതൃത്വത്തിനുള്ള കത്തില്‍ പറയുന്നു. അര്‍ബന്‍ ബാങ്ക് നിയമനത്തിന് വിജയന്‍ മുഖേന ഒട്ടേറെപ്പേരില്‍നിന്നു പണം വാങ്ങിയെന്നും അതില്‍ ബാലകൃഷ്ണനു പങ്കുണ്ടെന്നുമാണ് ആരോപണം. ബാങ്ക് നിയമനത്തിലെ അഴിമതിയാകും വിജിലന്‍സ് അന്വേഷിക്കുക.

ആത്മഹത്യക്കു മുമ്പ് കുടുംബത്തിനും കെ.പി.സി.സി. അധ്യക്ഷനുമായി വിജയന്‍ എഴുതിയ നാല് കത്തുകളാണു പുറത്തുവന്നത്. ലക്ഷങ്ങളുടെ സാമ്പത്തികബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പുപറഞ്ഞുമാണ് ഒരു കത്ത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ കെ.പി.സി.സി. അധ്യക്ഷനെഴുതിയ കത്തിലുണ്ട്. അരനൂറ്റാണ്ട് പാര്‍ട്ടിക്കു വേണ്ടി ജീവിതം തുലച്ചെന്നും മരണശേഷം പാര്‍ട്ടി തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കത്തുകള്‍ പുറത്തുവിടണമെന്നും കുടുംബത്തിനുള്ള കത്തില്‍ പറയുന്നു. മകന്‍ വിജിത്തിനെ അഭിസംബോധന ചെയ്ത് നാല് പേജ് കത്താണുള്ളത്. അര്‍ബന്‍ ബാങ്കിലെ കടബാധ്യത പാര്‍ട്ടി ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ എല്ലാ കത്തുകളും പരസ്യമാക്കണമെന്ന് അതില്‍ ആവശ്യപ്പെടുന്നു.

ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച നേതാവാണ് എന്‍.എം വിജയനെന്നും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെപിസിസിയുടെ ഒത്താശയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പല സഹകരണ ബാങ്കിലും നടക്കുന്നതെന്നും കെ.റഫീഖ് ചൂണ്ടിക്കാട്ടി. നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇടനിലക്കാരനായി നിന്നുകൊണ്ടാണ് എന്‍.എം വിജയന്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. എന്നാല്‍ ജോലി കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ പണം തിരികെ നല്‍കാന്‍ വേണ്ടി ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് എംഎല്‍എ ഉള്‍പ്പടെയുളളവരോട് കാര്യം അവതരിപ്പിക്കുകയും വേണ്ട നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്തത് -കെ. റഫീഖ് പറഞ്ഞു.

Similar News