നയതന്ത്ര മര്യാദ പാലിച്ചില്ല; 24 മണിക്കൂറിനകം രാജ്യം വിടണം; ഡല്‍ഹിയിലെ പാക്ക് ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ; നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന് കര്‍ശന താക്കീത്
പാക്ക് ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക്കിസ്ഥാനി ഹൈക്കമ്മീഷനിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാന്‍ ഇയാള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന് കര്‍ശന താക്കീതും ഇന്ത്യ നല്‍കി. ചാരപ്രവര്‍ത്തിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
ഹൈക്കമ്മീഷനിലെ ചാര്‍ജ് ഡെ അഫയേഴ്‌സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഇന്ത്യയിലുള്ള ഒരു പാകിസ്ഥാനി നയതന്ത്ര ഉദ്യോഗസ്ഥനും തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടരുതെന്നാണ് നിര്‍ദേശം.
ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയിലെ പാക്കിസ്ഥാന്‍ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പ്രത്യേകാവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കര്‍ശനമായി ഉറപ്പാക്കാന്‍ പാക്ക് ഹൈകമ്മീഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരില്‍ ഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാന്‍ പുറത്താക്കിയിരുന്നു.