മറ്റത്തൂരില്‍ കോണ്‍ഗ്രസുകാര്‍ ഒറ്റച്ചാട്ടത്തിന് കൂട്ടത്തോടെ ബിജെപി ആയെന്ന് മുഖ്യമന്ത്രി പറയുന്നത് പി ആര്‍ ഏജന്‍സിയുടെ തന്ത്രമോ ? സ്വതന്ത്രയായി ജയിച്ച ടെസിക്ക് പ്രസിഡന്റ് ആകാന്‍ കോണ്‍ഗ്രെസും ബിജെപിയും പിന്തുണ കൊടുത്തപ്പോള്‍ പൊലിഞ്ഞത് സിപിഎമ്മിന്റെ പര്‍ച്ചേസ് രാഷ്ട്രീയം; മറ്റത്തൂര്‍ കിട്ടാതെ പോയ മുന്തിരിയായപ്പോള്‍ പതിവ് പോലെ പച്ച കള്ളവുമായി സിപിഎം സൈബര്‍ ലോകവും
മറ്റത്തൂര്‍ കിട്ടാതെ പോയ മുന്തിരിയായപ്പോള്‍ പതിവ് പോലെ പച്ചകള്ളവുമായി സിപിഎം സൈബര്‍ ലോകവും
ലണ്ടന്‍: പറമ്പിക്കുളം കാടുകളിലേക്ക് കാല്‍നടയായി നടന്നു കയറാവുന്ന കേരളത്തിന്റെ അതിര്‍ത്തി പങ്കിടുന്ന മലയോര പഞ്ചായത്താണ് മറ്റത്തൂര്‍.ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നും. ആദിവാസി ജനസമൂഹം ഉള്‍പ്പെടെ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന വര്‍ഗം ജീവിക്കുന്ന ഈ പഞ്ചായത്തു വാസ്തവത്തില്‍ ഭരണവര്‍ഗത്തിന്റെ അവഗണന ഏറ്റവും നേരിട്ട പ്രദേശ്നങ്ങളില്‍ ഒന്നുകൂടി ആണെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി കേരള രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. ആ ചൂടേറ്റു വാടിപ്പോയത് നിലവില്‍ പഞ്ചായത്ത് ഭരിച്ചിരുന്ന സിപിഎം ആയതിനാല്‍ സൈബര്‍ ലോകവും ആ ചൂടിന്റെ പ്രഹരമറിയുകയാണ്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 24 സീറ്റില്‍ ഭരണകക്ഷി ആയിരുന്ന സിപിഎമ്മിന് ഇടതുപക്ഷ ലേബലില്‍ ജയിക്കാനായത് കേവലം പത്തു സീറ്റില്‍ മാത്രമാണ്. അതായതു കേവല ഭൂരിപക്ഷത്തിനു മൂന്നു അംഗങ്ങളുടെ കുറവ്. മറുഭാഗത്തും ആകട്ടെ കോണ്‍ഗ്രസിന് എട്ടു സീറ്റും ബിജെപിക്ക് നാലു സീറ്റും. അവശേഷിച്ച രണ്ടു സീറ്റുകള്‍ സ്വന്തമാക്കിയത് കോണ്‍ഗ്രസ് വിമതര്‍. ഇവിടെ തുടങ്ങുകയാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന മറ്റത്തൂര്‍ കളികള്‍.
മുഖ്യമന്ത്രി പറയുന്നത് പി ആര്‍ ഏജന്‍സി തയ്യാറാക്കിയ കളവോ? രാഷ്ട്രീയം പിണറായിയെ പഠിപ്പിക്കേണ്ട സാഹചര്യമോ ?
മഹാഭാരത യുദ്ധത്തില്‍ അശ്വത്ഥാമാവ് മരിച്ചെന്ന കളവ് യുദ്ധ തന്ത്രം ആയിരുന്നെകില്‍ സമാനമായ വിധം ഒരു കളവ് പറയുന്നതില്‍ തെറ്റില്ല എന്നായിരിക്കുമോ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതിയിരിക്കുക ? കാരണം കോണ്‍ഗ്രെസുകാര്‍ ഒന്നാകെ മറ്റത്തൂരില്‍ ബിജെപി ആയി എന്നത് ഒന്നുകില്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ടീമോ രാഷ്ട്രീയ ഉപദേശക സംവിധാനമോ നല്‍കിയ തെറ്റായ വിവരമാണ്.
മറ്റത്തൂരില്‍ ജയിച്ച എട്ടു കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാള്‍ പോലും ബിജെപി പക്ഷമായിട്ടില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയ കളിയില്‍ സിപിഎമ്മിനെ തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളില്‍ നിന്നും ഒരാളെ അടര്‍ത്തി എടുക്കാന്‍ പര്‍ച്ചേസ് രാഷ്ട്രീയത്തിന് തയാറായ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുക ആയിരുന്നു കോണ്‍ഗ്രസ് എതിര്‍ ചേരി എന്നതാണ് മറ്റത്തൂരില്‍ നടന്നത്. ഇത് കൃത്യമായി പറയാന്‍ ഡിസിസി ക്ക് കഴിയാതെ പോയത് കൊണ്ടാണ് രാഷ്ട്രീയ കാലുമാറ്റം എന്ന പേരില്‍ മാധ്യമങ്ങള്‍ പോലും വാര്‍ത്ത നല്‍കി തുടങ്ങിയത്.
ഈ പ്രചാരണം മുന്നില്‍ നില്‍ക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വെള്ളം കുടിപ്പിക്കും എന്ന് കൃത്യമായി മനസിലായതോടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ഒരാളും ബിജെപിയായിട്ടിയല്ല എന്ന് തുറന്നു വക്തമാക്കിയതും. പക്ഷെ തങ്ങളുടെ കുതിരക്കച്ചവട ശ്രമം മാധ്യമങ്ങള്‍ ചികഞ്ഞു പോകരുത് എന്ന ഉദ്ദേശത്തോടെയാണ് ഇന്ന് മുഖ്യമന്ത്രി ദേശീയ രാഷ്ട്രീയത്തിലെ ഉദാഹരണങ്ങള്‍ വരെ എടുത്തുകാട്ടി മറ്റത്തൂര്‍ രാഷ്ട്രീയം സംസഥാന വിഷയമാക്കി മാറ്റുന്നത്.
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പ്രെസിഡന്റ് ആക്കാന്‍ ധാരണയില്‍ എത്തിയ വിമതനായി ജയിച്ചു കയറിയ, കാലാവധി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ നേതാവായിരുന്ന ഔസേപ്പിനെ ചാക്കിട്ടു പിടിച്ചു പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി അവതരിപ്പിക്കാന്‍ നടത്തിയ സിപിഎം അതിബുദ്ധിയാണ് ഇപ്പോള്‍ നാണംകെട്ട രാഷ്ട്രീയമായി അവര്‍ക്ക് തന്നെ തിരിച്ചടിച്ചത്.
നിലവില്‍ ജയിച്ചവരില്‍ മറ്റൊരു വിമതയായ ടെസിയെ ഒരു കാരണവശാലും തങ്ങളുടെ ഭാഗത്തേക്ക് അടുപ്പിക്കാന്‍ കഴിയില്ല എന്ന് വക്തമായതോടെയാണ് തനി രാഷ്ട്രീയ ചുവയോടെ തങ്ങള്‍ക്കും വിശ്വാസ്യ യോഗ്യനായ ഔസേപ്പിനെ തന്നെ സിപിഎം കരുവാക്കിയത്. ഈ നീക്കങ്ങള്‍ ഒക്കെ പതിവ് പോലെ പൂര്‍ണ രഹസ്യമായിരിക്കുവാനും ഔസേപ്പും സിപിഎമ്മും ശ്രമിച്ചതും ഇപ്പോള്‍ ഉരുത്തിരിഞ്ഞ നീക്കങ്ങള്‍ക്ക് പ്രധാന കാരണമാണ്.
റിസള്‍ട് വന്ന ഉടന്‍ തന്നെ ഔസേപ്പ് പ്രെസിഡന്റ്‌റ് സ്ഥാനാര്‍ഥി ആയി സിപിഎം പ്രഖ്യാപിച്ചിരുന്നെകില്‍ തങ്ങള്‍ ഭരണ സമിതി ഉണ്ടാക്കാന്‍ പോലും ശ്രമിക്കില്ലായിരുന്നു എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവര്‍ പറയുന്നത്. തങ്ങളോടൊപ്പം കാലങ്ങളായി നില്‍ക്കുന്ന ഔസേപ് ഇത്തവണ പ്രത്യേക സാഹചര്യത്തില്‍ വിമതനായി മത്സരിക്കേണ്ടി വന്നെകിലും ജയിച്ചു കയറിയതോടെ പിണക്കം മറന്ന് തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മാറുന്നു എന്ന ഉറപ്പിലാണ് കോണ്‍ഗ്രെസുകാര്‍ ഭരണ സമിതി പിടിക്കാന്‍ നീക്കം നടത്തിയത്.
ടോസ് നേടി പോലും പ്രതിപക്ഷത്തു പോകാന്‍ തയാറാകാത്ത പിടിവാശി സിപിഎമ്മിന് മറ്റത്തൂരില്‍ ദുരന്തമായതു ഇങ്ങനെ
വിമതരായി ജയിച്ച ഔസേപ്പും ടെസിയും കൂടെ നില്‍കുമ്പോള്‍ ഇടതും വലതും പത്തു പേരെന്ന തുല്യതയിലെത്തും. ഇവിടെ ബിജെപി പിന്തുണ ഇല്ലാതായും നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെയും വൈസ് പ്രെസിഡന്റിനെയും തിരഞ്ഞെടുക്കാനാകും. സംസ്ഥാനത്തു ഒട്ടേറെ പഞ്ചായത്തുകളില്‍ നടന്നതും ഈ രീതി തന്നെയാണ്. ബിജെപി ബഹിഷ്‌കരിക്കുക എന്ന നീക്കത്തിലേക്കും ഇതിലേക്ക് സാഹചര്യം എത്തിച്ചേനെ.
എന്നാല്‍ അധികാരം ഒരു കാരണവശാലും നഷ്ടമാകരുതു , ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ ജയിച്ച വ്‌ലോഗര്‍ കൂടിയായ അതുല്‍ കൃഷ്ണ ഉള്‍പ്പെടുന്ന ഭരണ സംവിധാനം ഉണ്ടായാല്‍ പഴയകാല അഴിമതികള്‍ പുറത്തെത്തിക്കും എന്ന വെല്ലുവിളി കൂടി ആയതോടെയാണ് സിപിഎം കോണ്‍ഗ്രെസുകാര്‍ കരുതിവച്ച ഔസേപ്പിനെ തന്ത്രത്തില്‍ ചാക്കിട്ടു പിടിക്കാന്‍ അവസാന നിമിഷം ആരുമറിയാതെ ശ്രമം നടത്തിയത്. എന്നാല്‍ ഈ നീക്കം അവസാനം ചോര്‍ന്നപ്പോള്‍ സ്വന്തന്ത്രയായ ടെസി പ്രെസിഡന്റ്‌റ് ആയി മത്സരിച്ചാല്‍ തങ്ങളും പിന്തുണയ്ക്കും എന്ന ഉറപ്പ് വന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കാലുമാറ്റമായി മുഖ്യമന്ത്രി തന്നെ ചിത്രീകരിച്ചിരിക്കുന്നത്.
സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കത്തിന് ഏറ്റ തിരിച്ചടിയ്ക്ക് ഒരു കളവിലൂടെ പൊയ്മുഖം നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിച്ച് ചിരിക്കുന്നത് . മാത്രമല്ല വിമതനേ കൈക്കലാക്കാന്‍ പര്‍ച്ചേസ് രാഷ്ട്രീയം നടത്താന്‍ സിപിഎം തയാറായി എന്ന ആരോപണം സംസ്ഥാനത്തിന് പുറത്തു പോലും ഒതുങ്ങാത്ത നാണക്കേട് ആയി മാറുമെന്നും സിപിഎം സംസ്ഥാന നെതൃത്വം അതിവേഗം തിരിച്ചറിയുക ആയിരുന്നു. അതിനാലാണ് തങ്ങളുടെ രാഷ്ട്രീയ നീക്കത്തിന്റെ പുഴുക്കുത്തുകള്‍ മുഴുവന്‍ കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്ക്കാന്‍ അതിവേഗ നീക്കങ്ങള്‍ നടന്നത്.
പതിവ് പോലെ മാധ്യമങ്ങളിലും ഇത്തരം നരേഷനില്‍ തന്നെ വാര്‍ത്ത എത്തണം എന്നതും സിപിഎം സൈബര്‍ പോരാളികളിലൂടെ സാധ്യമാക്കുകയും ചെയ്തു. വ്യാപകമായ സൈബര്‍ കടന്നലാക്രമണം ഉണ്ടായതോടെ കോണ്‍ഗ്രസ് പക്ഷം നിര്‍വീര്യമായതും സിപിഎം നുണകള്‍ക്ക് എരിവും പുളിയും കൂടാനും കാരണമായി. ഈ സാഹചര്യത്തിലാണ് അല്പം മുന്‍പ് ജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങള്‍ എവിടെയും കൂറ് മാറിയിട്ടില്ല എന്ന് പത്രസമ്മേളനം വിളിച്ചു വിശദീകരിക്കാന്‍ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രന്റെയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സിയുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ തയ്യാറായത്.
ഒരു പ്രാദേശിക രാഷ്ട്രീയത്തെ വികലമാക്കി, തങ്ങളുടെ നീക്കങ്ങള്‍ പൊളിഞ്ഞിട്ടും അതിനെ ന്യായീകരിക്കാന്‍ നുണകളുടെ പുകമറ ഉയര്‍ത്തുന്ന സിപിഎം തന്ത്രം ഒരിക്കല്‍ കൂടി ദൃശ്യമായി എന്നത് മാത്രമേ മറ്റത്തൂരിലും ഇതുവരെ സംഭവിച്ചിട്ടുള്ളൂ. കോണ്‍ഗ്രെസുകാരായി ജയിച്ചു കയറിയ എട്ടു പേരെ കൂടി ചേര്‍ത്ത് ബിജെപിക്ക് 12 പേരുണ്ടെന്ന ഗീബലിസിയന്‍ നുണയാണ് സിപിഎം സൈബര്‍ കേന്ദ്രങ്ങളും മുഖ്യമന്ത്രി അടക്കം ഉള്ളവരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതും. അപ്പോഴും ഒരംഗത്തെ കുറച്ചാണ് അവര്‍ കണക്ക് കൂട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് വിമതനായ ഔസേപ് അടക്കം ഇടതു ഭാഗത്തു 11 പേരുള്ളപ്പോള്‍ സ്വാഭാവികമായും മറുഭാഗത്തും ബാക്കി 13 പേരുണ്ടാകണം.
എന്നാല്‍ കാപ്‌സ്യുള്‍ നിര്‍മിച്ചപ്പോള്‍ ബിജെപി ഭാഗത്തു 12 എന്നാണ് നല്‍കിയിരിക്കുന്നത്. ഇവിടെയാണ് ഏതു നുണയും പൊളിച്ചടുക്കാന്‍ സത്യം തെളിമയോടെ നിറഞ്ഞു നില്‍ക്കും എന്ന് തിരിച്ചറിയപ്പെടുന്നതും. ഒരു കാപ്‌സ്യുള്‍ പോലും വക്തതയോടെ നിര്‍മ്മിക്കാന്‍ അറിയാത്ത മണ്ടത്തരം തന്നെയാണ് പര്‍ച്ചേസ് രാഷ്ട്രീയത്തിന് ഇറങ്ങിയ മറ്റത്തൂരിലെ സിപിഎമ്മിനും സംഭവിച്ചിരിക്കുന്നത് .
