ഒരുതുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുക്കി വിടില്ല; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതോടെ മാര്‍ഗ്ഗരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍; വെള്ളമൊഴുക്ക് തടയാന്‍ ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല നടപടികള്‍; കരാര്‍ മരവിപ്പിക്കുന്നത് ലോക ബാങ്കിനെ അറിയിക്കും; അണക്കെട്ടുകളുടെ സംഭരണശേഷി കൂട്ടാനും തീരുമാനം; പാക്കിസ്ഥാന് വെളളം കൊടുക്കാതെ വെള്ളം കുടിപ്പിക്കാന്‍ ഇന്ത്യ

പാക്കിസ്ഥാന് വെളളം കൊടുക്കാതെ വെള്ളം കുടിപ്പിക്കാന്‍ ഇന്ത്യ

Update: 2025-04-25 14:59 GMT

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എങ്ങനെ നടപ്പാക്കും? വെറും പ്രതീകാത്മക നടപടി മാത്രമാണോ അത്? അല്ല എന്നുള്ളതാണ് ഏറ്റവും ഒടുവില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത്. 1960 ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കേണ്ടെന്ന ശക്തമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

അമിത് ഷാ വിളിച്ചുചേര്‍ന്ന യോഗത്തില്‍ ഇതിനായി മാര്‍ഗ്ഗരേഖ തയ്യാറാക്കി. മൂന്നുവഴികളാണ് ആലോചിച്ചത്. ഒരുതുള്ളി വെള്ളം പാക്കിസ്ഥാനിലേക്ക് ഒഴുകാത്ത വിധത്തില്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല നടപടികളാണ് തയ്യാറാക്കുന്നതെന്ന് കേന്ദ്ര ജല്‍ശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.

പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. കരാര്‍ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമര്‍ശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ സംഭരണ ശേഷി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി നദികളിലെ ചളി നീക്കും.

കരാര്‍ മരവിപ്പിച്ച ഔദ്യോഗിക വിജ്ഞാപനം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാന് കൈമാറി. ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജിയാണ് പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസയെ വിവരം അറിയിച്ചത്. അതേസമയം, നദികളുടെ കുറുകെയുള്ള അണക്കെട്ടുകള്‍ ഉപയോഗിച്ച് ജലത്തിന്റെ ഒഴുക്ക് തടഞ്ഞാല്‍ ശക്തമായ തിരിച്ചടി ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കരാര്‍ മരവിപ്പിച്ചതോടെ ഇന്ത്യക്ക് ഇനി പാക്കിസ്ഥാനുമായി ആലോചിക്കാതെ നദികളില്‍ അണക്കെട്ടുകള്‍ കെട്ടാം. ജമ്മു-കശ്മീരിനെ ലക്ഷ്യം വച്ച് അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനം സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ഇന്ത്യയുടെ അവകാശങ്ങളെ ഹനിക്കുന്നതായി ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജി എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. വെള്ളം തടയാന്‍ കിഷന്‍ ഗംഗാ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് പാക് സാമൂഹികമാധ്യമങ്ങള്‍ വഴി വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്.

പാക്കിസ്ഥാനെ തകര്‍ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ 1960 സെപ്തംബറില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് ഉടമ്പടി ഒപ്പിട്ടത്. ഒമ്പതുവര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്. കരാര്‍പ്രകാരം സിന്ധു, ഝലം, ചെനാബ് - പടിഞ്ഞാറന്‍ നദികള്‍ പാകിസ്ഥാന്. രവി, ബിയാസ്, സത്ലജ് - കിഴക്കന്‍ നദികള്‍ ഇന്ത്യയ്ക്ക്. അതിലെ ജലം ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരുപോലെ പ്രധാനമാണ്.സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ശരിക്കും ഉലയ്ക്കും.

കരാര്‍ മരവിപ്പിച്ചതോടെ പാക്കിസ്ഥാന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അത് ഗുരുതരമായി ബാധിക്കും. മുഖ്യ വിളകളുടെ സീസണ്‍ കാലത്ത് വെള്ളമൊഴുക്ക് തടയുകയും വെള്ളത്തിന്റെ ഡാറ്റ പങ്കുവയ്ക്കല്‍ തടസ്സപ്പെടുകയും ചെയ്താല്‍ എന്തുസംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.

ഇന്ത്യ മുന്നറിയിപ്പ് നല്‍കാതിരുന്നാല്‍ നദിയിലെ വെള്ളപ്പൊക്കം പാകിസ്ഥാനില്‍ കനത്ത നാശം വിതയ്ക്കും. സിന്ധു നദി ടിബറ്റന്‍ മേഖലയില്‍ നിന്ന് ഉത്ഭവിച്ച് ഇന്ത്യ വഴിയാണ് പാകിസ്ഥാനിലേക്ക് ഒഴുകുന്നത്. സിന്ധു നദീതടത്തെ അത്രയധികം ആശ്രയിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.


ജലസേചനം, കൃഷി, വൈദ്യുതി തുടങ്ങിയവയില്‍ അക്ഷരാര്‍ഥത്തില്‍ വെളളം കുടിക്കും. പഞ്ചാബ് പ്രവിശ്യ ജലസേചനത്തിനായി സിന്ധുവിനെയും അതിന്റെ പോഷകനദികളെയുമാണ് ആശ്രയിക്കുന്നത്. പാകിസ്ഥാന്റെ 85 ശതമാനം കാര്‍ഷിക ഉത്പന്നങ്ങളും വിളകളും ഉത്പാദിപ്പിക്കുന്നത് അവിടെയാണ്.

Tags:    

Similar News