യുഎസിന്റെ ബങ്കര്‍ ബസ്റ്റര്‍ ബോംബാക്രമണത്തില്‍ മൂന്നുസുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കും ഗുരുതര തകരാര്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്; ആക്രമണത്തിന് മുമ്പും ശേഷവുമുളള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സാരമായ തകരാര്‍ സംഭവിച്ചില്ലെന്ന സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തയെന്ന് ട്രംപ്; ഹിരോഷിമയിലെ ആക്രമണം പോലെ സംഘര്‍ഷം അവസാനിപ്പിച്ചെന്ന് യുഎസ് പ്രസിഡന്റ്
മൂന്നുസുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കും ഗുരുതര തകരാര്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്
ടെഹ്റാന്: അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബാക്രമണത്തില്‍, തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്. ജൂണ്‍ 21 നാണ് ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന് കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം അഴിച്ചുവിട്ടത്. നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ ഇറാന് വിദേശകാര്യ മന്ത്രി ഇസ്മയില്‍ ബാഗൈ വിസമ്മതിച്ചു. ബി-2 ബോംബറുകള്‍ ഉപയോഗിച്ചുളള ആക്രമണം വീര്യമേറിയതായിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചു.
അതിനിടെ, യുഎസ് ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന് ആണവകേന്ദ്രങ്ങളുടെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു. ഫോര്‍ദോ ആണവകേന്ദ്രത്തില്‍ വലിയ ഗര്‍ത്തങ്ങളും തകര്‍ന്ന പ്രവേശന കവാടങ്ങളും കാണാം. കേന്ദ്രത്തിലെ കൂറ്റന്‍ തൂണുകള്‍ക്ക് കേടുപാടു പറ്റിയതായി ചിത്രത്തില്‍ കാണാം. ഇസ്ഫഹാന് ആണവ കേന്ദ്രത്തിലെ പല കെട്ടിടങ്ങളും നശിച്ചതായി ചിത്രത്തില്‍ കാണാം.
ഭൂഗര്‍ഭ അറകളിലുള്ള ആണവകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, തുരങ്കത്തിനകത്തേക്ക് പ്രവേശിക്കുന്ന കവാടം തകരാറിലായി.
അതേസമയം, ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ നന്നായി പോകുന്നുവെന്ന് ഡൊണള്‍ഡ് ട്രംപ് നെതര്‍ലന്‍ഡ്സില്‍ നാറ്റോ ഉച്ചകോടിക്കിടെ പറഞ്ഞു. ' ഇറാന് ബോംബുണ്ടാക്കാന്‍ പോകുന്നില്ല. അവര്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാന്‍ കഴിയില്ല'.
നാഗസാക്കിയിലും ഹിരോഷിമയിലും നടന്ന ബോംബാക്രമണങ്ങള്‍ രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ചതുപോലെ അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം ഇസ്രയേല്‍-ഇറാന് സംഘര്‍ഷം അവസാനിപ്പിച്ചെന്ന് ട്രംപ് പറഞ്ഞു.
'ഞാന്‍ ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഉദാഹരണം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാന്‍ കാരണമായത് അതായിരുന്നു. ഞങ്ങള്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തില്ലായിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും യുദ്ധം ചെയ്യുമായിരുന്നു', ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തെ മുന്‍നിര്‍ത്തി ട്രംപ് പറഞ്ഞു.
യുഎസിന്റെ ബോംബിങ്ങില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് പരിമിതമായ തകരാര്‍ മാത്രമേ സംഭവിച്ചുളളുവെന്ന സിഎന്‍എന്‍, എംഎസ്എന്‍ബിസി, ന്യൂയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ വ്യാജ വാര്‍ത്തകളെന്ന് ട്രംപ് തള്ളുകയും ചെയ്തു.
എന്നാല്‍, തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്നാണ് ഇറാന് പാര്‍ലമെന്റ് വ്യക്തമാക്കിയത്. രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇറാനിലെ ആണവ സംവിധാനം പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതായി ഐ എ ഇ എ ഡയറക്ടര്‍ ജനറല്‍ മരിയാനോ ഗ്രോസി വിയന്നയില്‍ പറഞ്ഞു.
അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നിന്ന് ഇറാന് മാറ്റിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഗ്രോസിയുടെ പ്രതികരണം.