ഹിസ്ബുള്ളയെ ഒറ്റക്ക് പോരാടി തോല്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല; പാശ്ചാത്യ ശക്തികള്‍ക്കെതിരെ ലോകം ഒരുമിച്ചില്ലെങ്കില്‍ തിരിച്ചടിക്കും: ഹിസ്ബുള്ളയെ രക്ഷിക്കാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന സൂചനയുമായി ഇറാന്‍

ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന സൂചനയുമായി ഇറാന്‍

Update: 2024-09-25 07:11 GMT

ന്യൂയോര്‍ക്ക്: ഹിസ്ബുള്ള എന്ന ഭീകരസംഘടനയുടെ സൃഷ്ടിക്ക് പിന്നില്‍ ഇറാനാണെന്നത്് ലോകത്തിനെല്ലാം ബോധ്യമുള്ള കാര്യമാണ്. ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളെല്ലാം ഇറാന്റെ പിന്തുണയോടെയാണ്. ഹമാസിനെ ഏകദേശം തീര്‍ത്ത ശേഷം ഇപ്പോള്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ കടുത്ത ആക്രമണമാണ് നടത്തുന്നത്. പേജര്‍ സ്‌ഫോടനത്തില്‍ തുടങ്ങിയ ആക്രമണം ഇപ്പോള്‍ കടുത്ത വ്യോമാക്രമണത്തിലേക്ക് കടന്നിട്ടുണ്ട്. ഇസ്രായേലിനെ ചെറുക്കാന്‍ ഹിസ്ബുള്ള ശ്രമിക്കുമ്പോഴൊക്കെ അതൊന്നും പൂര്‍ണമായും ഫലം കാണുന്നുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങളെല്ലാം സങ്കീര്‍ണമായ അവസ്ഥയിലാണ്.

ഇതിനിടെ ഹിസ്ബുള്ളയെ ഒറ്റയ്ക്ക് പോരാടി തോല്‍ക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നു. ഹിസ്ബുള്ളയെ രക്ഷിക്കാനായി ഇസ്രയേലിനെ തങ്ങള്‍ നേരിട്ട് ആക്രമിക്കും എന്ന സൂചന തന്നെയാണ് ഈ മുന്നറിയിപ്പില്‍ ഉളളതെന്ന് ഉറപ്പാണ്. 2006 ല്‍ ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിതിന് ശേഷം നടക്കുന്ന ഏറ്റവും ശക്തമായ ആക്രണമാണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയത്. ഇറാന്‍ പ്രസിഡന്റ് മൗസൂദ് പെഷസ്‌ക്യാന്‍ സി.എന്‍.എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേലിന് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നത്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എല്ലാം പിന്തുണ നല്‍കുന്ന ഒരു രാജ്യം സര്‍വ്വ ശക്തിയുമെടുത്ത് ആക്രമിക്കുമ്പോള്‍ ഹിസ്ബുള്ളയെ ഒറ്റ്ക്ക് പോരാടി തോല്‍ക്കാന്‍ ഇറാന്‍ അനുവദിക്കില്ലെന്നാണ് പെഷസ്‌ക്യാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ലബനനെ മറ്റൊരു ഗാസയാക്കാന്‍ അനുവദിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഹിസ്ബുള്ളയുമായുള്ള ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവരോട് ഏറ്റുമുട്ടലില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പെഷസ്‌ക്യാന്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ഇസ്രയേല്‍ ഇന്നലെയും ലബനനില്‍ അതിശക്തമായ ആക്രമണമാണ് നടത്തിയത്്. ആയിരക്കണക്കിന് ആളുകള്‍ വീടുകളും മറ്റും ഉപേക്ഷിച്ച് ജീവനും കൊണ്ട് പലായനം ചെയ്യുന്ന കാഴ്ചകളാണ് കാണുന്നത്. ലബനന്റെ തെക്കും കിഴക്കും മേഖലകളില്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഹിസ്ബുളളയുടെ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വീടുകളില്‍ നിന്നും ഒഴിഞ്ഞു പോകാന്‍

ലബനനിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നല്‍കിയത്. ഇവിടങ്ങളില്‍ ജനങ്ങള്‍ കുട്ടികളേയും രോഗികളേയും എല്ലാം എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്.

ലബനനിലെ ഹൈവേകളില്‍ എല്ലാം വന്‍ ട്രാഫിക് ജാമാണ് ഇത് കാരണം ഉണ്ടായത്. എന്നാല്‍ തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ ആയുധപ്പുരകള്‍ക്ക് നേര്‍ക്കാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇന്നലെ ഒരു ഹിസ്ബുള്ള കമാന്‍ഡറെ തങ്ങള്‍ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു എങ്കിലും അയാളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. അതേ സമയം ഐക്യരാഷ്ട്ര പൊതുസഭയില്‍ ലോക നേതാക്കള്‍ ഇപ്പോള്‍ അഭിസംബോധന ചെയ്യുന്ന സമയമായത് കൊണ്ട് തന്നെ ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

രണ്ട് പതിറ്റാണ്ടിന് ശേഷം ലബനനിലേക്ക് ഇസ്രയേല്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഒരു യുദ്ധത്തിന് രാജ്യം ഒരിക്കലും താല്‍പ്പര്യം കാട്ടിയിട്ടില്ല എന്നും അതേസമയം രാജ്യത്തിന്റെ സുരക്ഷ കാത്ത് സൂക്ഷിക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങളായി ഹിസ്ബുള്ള ഭീകരര്‍ തങ്ങളുടെ രാജ്യത്തിന് നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കാണോ സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന ചോദ്യത്തിന് യുദ്ധം ചെയ്യാന്‍ ഇസ്രേയല്‍ എപ്പോഴും പൂര്‍ണ സജ്ജരാണെന്ന് ഹഗാരി വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞു പോയ സ്വന്തം നാട്ടുകാരെ എങ്ങനെയും സുരക്ഷിതരായി തിരികെ എത്തിക്കുക എന്നത് ഇസ്രയേല്‍ സേനയുടെ ദൗത്യമാണെന്ന് സൈനിക വക്താവ് പറഞ്ഞു. ഇസ്രായേല്‍ ലക്ഷ്യമാക്കി ഹിസ്ബുള്ളയോടെ റോക്കറ്റുകളും എത്തുന്നുണ്ട്. ഇതില്‍ പലതും അയണ്‍ ഡോം നിര്‍വീര്യമാക്കാറുണ്ട്. എന്നാല്‍, ചിലത് ഇസ്രായേല്‍ ഭൂമിയില്‍ വീണും പൊട്ടിച്ചിതറുന്ന അവസ്ഥയുമുണ്ട്.

Tags:    

Similar News