വഖഫ് ഭേദഗതി പാര്‍ലമെന്റില്‍ എത്തുമ്പോള്‍ യുഡിഎഫ് എംപിമാര്‍ എതിര്‍ക്കേണ്ടി വരുന്ന സാഹചര്യം ബിജെപി മുതലെടുക്കുമോ എന്ന ഭയം; കോണ്‍ഗ്രസ്സ് എംപിമാര്‍ക്കുള്ള ഭിന്നത പണിയാകുമെന്ന ആശങ്ക; മുനമ്പം പ്രശ്‌നത്തില്‍ എന്ത് വിട്ടുവീഴ്ച്ചക്കും തയ്യാറായി സാദിഖലി തങ്ങള്‍ തന്നെ അരമനയിലേക്ക് നേരിട്ട് പോയതിന്റെ പിന്നാമ്പുറ കഥ
സാദിഖലി തങ്ങള്‍ തന്നെ അരമനയിലേക്ക് നേരിട്ട് പോയതിന്റെ പിന്നാമ്പുറ കഥ
കൊച്ചി: വിവാദമായ മുനമ്പം വിഷയത്തില്‍ പരിഹാരം തേടി രംഗത്തിറങ്ങിയവരില്‍ മുന്നിലുള്ളത് മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമ നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടു അദ്ദേഹം പ്രശ്‌നപരിഹാരത്തിനായി രംഗത്തുവന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ചര്‍ച്ച ചെയ്യാനാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലുള്ള ബില്ലിനെ പിന്തുണയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം കൂടി മുന്നില്‍ കണ്ടായിരുന്നു കൂടിക്കാഴ്ച്ച.
പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അതിന് മുമ്പേ ഈ വിഷയത്തില്‍ ഇടപെട്ട് തങ്ങളാണ് സമവായ ഫോര്‍മുല ഉണ്ടാക്കിയതെന്ന് കൂടി വരുത്തുകയാണ് ലീഗിന്റെ ലക്ഷ്യം. അതേസമയം വഖഫ് ബില്‍ പാര്‍ലമെന്റില്‍ എത്തുന്ന വേളയില്‍ ലീഗിന് രാഷ്ട്രീയമായി അതിനെ എതിര്‍ക്കേണ്ട സാഹചര്യം വരുമെന്ന് ഉറപ്പാണ്. എന്നാല്‍, മുനമ്പം വിഷയത്തില്‍ അടക്കം വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസിന്റെ എംപിമാാണ്. ഇവര്‍ക്ക് ഈ വിഷയത്തില്‍ ഭിന്ന നിലപാട് എടുക്കേണ്ട സാഹചര്യം വരുമോ എന്ന ആശങ്കയും ശക്തമാണ്. ബിജെപി എന്തായാലും ലീഗ് നിലപാട് മുതലെടുക്കുമെന്നകര്യം ഉറപ്പാണ്. ഇതോടെയാണ് മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് സിദാഖലി തങ്ങള്‍ അരമനയില്‍ നേരിട്ടുപോയി പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്തിയത്.
അതേസമയം മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് സമ്പൂര്‍ണ പരിഹാരമുണ്ടാകണമെന്ന യോജിച്ച തീരുമാനമാണ് ചര്‍ച്ചയിലുണ്ടായത്. മതമൈത്രി സംരക്ഷിക്കപ്പെടണമെന്ന അഭിലാഷം യോഗത്തിലുടനീളം എല്ലാവരും ഒറ്റക്കെട്ടായി പ്രകടിപ്പിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടയാളുകളുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശനത്തിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണം. നേരത്തെ ഫാറൂഖ് കോളജ് കമ്മിറ്റിയുമായും മതസംഘടനകളുമായും ചര്‍ച്ച ചെയ്തപ്പോളും സമാനമായ അഭിപ്രായമാണ് ഉയര്‍ന്നത്. സര്‍ക്കാരിന്റെ ഇടപെടല്‍ വൈകരുത്. മുനമ്പം ഒരു നോവിന്‍ തീരമാകാതെ പരിഹരിക്കാന്‍ എല്ലാവരുടെയും ഉപേക്ഷയില്ലാത്ത പിന്തുണയുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അതിന് മുന്നിട്ടിറങ്ങുകയെന്ന ബാധ്യത ഇനിയും വൈകാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൊച്ചിയിലെത്തിയാണ് ലത്തീന്‍ സഭാ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ലീഗ് - ലത്തീന്‍ സഭ ചര്‍ച്ചയില്‍ സമവായ ധാരണയായിട്ടുണ്ട്. നിര്‍ദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കള്‍ എത്തിയത് എന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്‌നമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ലീഗ് നേതാക്കള്‍ മുനമ്പം നിവാസികളോട് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. കോടതിയിലേക്ക് വിഷയം കൊണ്ടുപോയി പരിഹരിക്കാന്‍ ശ്രമിക്കും. ഇവിടെ വേണ്ടത് മത മൈത്രിയാണ്. ഇത് മാനുഷിക പ്രശ്‌നമാണ്. അറുന്നൂറിലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്. ഞങ്ങളോടൊപ്പം നിന്നതില്‍ നന്ദിയുണ്ട്.'' ബിഷപ് ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു.
അതേസമയം സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് ബിഷപ് ഹൗസില്‍ നടന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ''തങ്ങളും അഭിവന്ദ്യ പിതാവും പറഞ്ഞത് കൃത്യമാണ്. വളരെ സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നത്. മുനമ്പം വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഫാറുഖ് കോളജ് അധികാരികളുടെയും മുസ്ലിം സംഘടനകളെയും യോഗം തങ്ങള്‍ വിളിച്ചിരുന്നു. വിഷയം രമ്യമായി പരിഹരിക്കാന്‍ യോഗത്തില്‍ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പിതാവ് പറഞ്ഞപോലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ കൂടി വിഷയത്തില്‍ മുന്‍കയ്യെടുക്കണം. തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മുനമ്പം വിഷയത്തില്‍ യോജിച്ച അഭിപ്രായമാണ് ഉള്ളത്. ഇന്ന് നടന്ന ചര്‍ച്ച വളരെ സൗഹാര്‍ദപരമായാണ് നടന്നത്. മുനമ്പം പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ വിളിക്കുന്ന യോഗത്തില്‍ പരിഹരിക്കാനുള്ള നിര്‍ദേശം ഞങ്ങള്‍ മുന്നോട്ട് വയ്ക്കും.'' പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.