'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍; ജാനകി ഇനി ജാനകി വി; കോടതി രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യും; കൂടുതല്‍ നൂലാമാലകളിലേക്ക് പോകാതെ സിനിമ റിലീസ് ചെയ്യാന്‍ വഴിതേടി സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മാതാക്കള്‍
'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍
കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണ് എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനമറിയിച്ചത്. 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് മാറ്റാമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളില്‍ ജാനകി എന്നത് മ്യൂട്ട് ചെയ്യും.
നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞിരുന്നു.
മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങള്‍ വീണ്ടും സമര്‍പ്പിച്ചാല്‍ 3 ദിവസത്തിനുള്ളില്‍ ചിത്രത്തിന് അനുമതി നല്‍കാന്‍ സാധിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് മാറ്റി.
രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്കും കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള 'ജാനകി'ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി ചേര്‍ത്ത് സിനിമയുടെ പേര് 'വി.ജാനകി' എന്നോ 'ജാനകി. വി' എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് 'മ്യൂട്ട്' ചെയ്യുക തുടങ്ങിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് രാവിലെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ചേര്‍ന്നപ്പോള്‍ പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
സിനിമയുടെ ടീസര്‍ അടക്കമുള്ളവ ജാനകി എന്ന പേരില്‍ ആയതിനാല്‍ പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പേരു മാറ്റാമെന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ പേര് 'ജെഎസ്‌കെ ജാനകി.വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നായി മാറും.
ചിത്രം ഇതനുസരിച്ച് എഡിറ്റ് ചെയ്ത് വീണ്ടും സെന്‍സര്‍ ബോര്‍ഡ് അംഗീകാരത്തിനായി സമര്‍പ്പിക്കും. ടീസറും പോസ്റ്ററുകളും അടക്കം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കാര്യങ്ങള്‍ പിന്നീട് പ്രശ്‌നമാകരുതെന്നും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. കേസ് അന്തിമമായി പരിഗണിക്കുമ്പോള്‍ അക്കാര്യം വ്യക്തമാക്കാമെന്ന് കോടതി പറഞ്ഞു.
സിനിമയും സെന്‍സര്‍ ബോര്‍ഡ് തീരുമാനവും വിവാദമായപ്പോള്‍ ജസ്റ്റീസ് പ്രത്യേക സ്‌ക്രീനിങ് നടത്തി സിനിമ കണ്ടിരുന്നു. ജാനകി എന്ന പേരൊഴിവാക്കണമെന്ന നിലപാട് സെന്‍സര്‍ ബോര്‍ഡ് ശക്തമായി ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് എന്‍. നഗരേഷ് സിനിമകണ്ടത്. ശനിയാഴ്ച രാവിലെ പടമുഗള്‍ പാപ്പള്ളി സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ സ്വകാര്യ സ്റ്റുഡിയോയിലായിരുന്നു പ്രത്യേക പ്രദര്‍ശനം.
പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെപേരില്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി റിലീസിനുമുന്‍പ് സിനിമകാണുന്നത് അപൂര്‍വമാണ്. ജഡ്ജിയോടൊപ്പം കോടതിയിലെ മൂന്നുജീവനക്കാരും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരായ എസ്. ബിജു, അല്‍ക വാര്യര്‍, ഹര്‍ജിക്കാരുടെ അഭിഭാഷകനായ ആനന്ദ് ബി. മേനോന്‍ എന്നിവരും സിനിമകണ്ടു. സെന്‍സര്‍ ബോര്‍ഡ് അഭിഭാഷകന്‍ അഭിനവ് ചന്ദ്രചൂഢ് പ്രദര്‍ശനം കാണാനെത്തിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റുഡിയോ പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
നിര്‍മാതാക്കളായ 'കോസ്‌മോ എന്റര്‍ടെയ്ന്‍മെന്റ്സ്' നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിയും ജാനകി എന്ന പേര് മാറ്റണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സിനിമകാണാന്‍ കോടതി തീരുമാനിച്ചത്. കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായ സിനിമയുടെ റിലീസ് ജൂണ്‍ 27-ന് നിശ്ചയിച്ചിരുന്നതാണ്.