'ഞാന്‍ ഗുരുവായൂര്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്; അല്ലാതെ ഞാന്‍ നടപ്പന്തലില്‍ റീലെടുത്തിട്ടില്ല; അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ എടുത്തിട്ടുണ്ട്, അത് എന്റെ ചാനലില്‍ ഉണ്ട്; മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്'; വിശദീകരണവുമായി ജസ്‌ന സലിം
'ഞാന്‍ ഗുരുവായൂര്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ പ്രതികരണവുമായി ജസ്‌ന രംഗത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഒരു ഷോപ്പിന്റെ വീഡിയോ മാത്രമാണ് എടുത്തതെന്നുമാണ് ജസ്‌ന വ്യക്തമാക്കുന്നത്. ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
'ഞാന്‍ നടപ്പന്തലില്‍ നിന്ന് വീഡിയോ എടുത്തിട്ടില്ല. ഞാന്‍ ഗുരുവായൂര്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്. അവരാണ് അത് പങ്കുവച്ചത്. അല്ലാതെ ഞാന്‍ റീല്‍സ് എടുത്തിട്ടില്ല. പിന്നെ അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ ഞാന്‍ എടുത്തിട്ടുണ്ട്. അത് എന്റെ ചാനലില്‍ ഉണ്ട്. ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കേസ് വന്ന കേക്ക് വിവാദത്തില്‍ ഞാന്‍ മുറിച്ചത് മുട്ട ഉപയോഗിക്കാത്ത കേക്കാണ്'- ജസ്‌ന വ്യക്തമാക്കി.
ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയെത്തുടര്‍ന്നായിരുന്നു ജസ്‌നക്കെതിരെ കേസെടുത്തത്. നേരത്തേ ക്ഷേത്രത്തില്‍ ജസ്‌ന റീല്‍സ് ചിത്രീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപ്പന്തലില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നവംബര്‍ അഞ്ചിനായിരുന്നു പരാതി നല്‍കിയത്.
നേരത്തെ, ജസ്ന സലീം ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍വെച്ച് ശ്രീകൃഷ്ണ ജയന്തി ദിവസം കേക്ക് മുറിച്ചത് വിവാദമായിരുന്നു. പിന്നീട് ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ വെച്ച് റീല്‍സ് ചിത്രീകരണവും വീഡിയോ ചിത്രീകരണവും പാടില്ലെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇവര്‍ത്തന്നെയാണ് ഇപ്പോള്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയിരിക്കുന്നത്. പടിഞ്ഞാറേ നടയില്‍ ആയിരുന്നു ഇത്തവണ റീല്‍സ് ചിത്രീകരണം. വീഡിയോ ചിത്രീകരിച്ചതില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ പോലീസിനാണ് അഡ്മിനിസ്ട്രേറ്റര്‍ പരാതി നല്‍കിയിരിക്കുന്നത്. കലാപാഹ്വാനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ആളാണ് ജസ്ന. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്നക്കെതിരെ ഏപ്രിലില്‍ പൊലീസ് കേസെടുത്തിരുന്നു.
ജസ്ന മുന്‍പ് ക്ഷേത്രനടപ്പുരയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയില്‍ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി നിര്‍ദേശം നല്‍കി. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയില്‍ വിഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിര്‍ദേശം. ഈ വിലക്ക് നിലനില്‍ക്കുമ്പോഴാണ് വീണ്ടും ചിത്രീകരണം നടത്തിയത്.
