എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, രണ്ട് വര്‍ഷത്തെ അധ്വാനമാണ്, മറ്റ് പലരും റിവ്യൂ ഇട്ടിട്ടുണ്ട്, അവരെയൊന്നും ഞാന്‍ വിളിച്ചില്ല, സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, അതിനാണ് വിളിച്ചത്; നിയമപരാമായി മുന്നോട്ട് പോകും; സിനിമയെ വിമര്‍ശിച്ചയാള്‍ക്ക് ഫോണില്‍ ഭീഷണി; ആദ്യ പ്രതികരണവുമായി ജോജു ജോര്‍ജ്
ജോജു ജോര്‍ജിന്റെ ആദ്യ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമാണ് പണി. നിരവധി ആളുകള്‍ പണി എന്ന ചിത്രത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. തിയേറ്ററില്‍ നല്ല രീതിയില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പണി. പണി എന്ന ചിത്രത്തിന്റെ സിനിമാ റിവ്യൂസ് ഇട്ടതിന് കഴിഞ്ഞ ദിവസം ജോജു ആദര്‍ശ് എന്നയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ജോജു ഭീഷണി മുഴക്കുന്ന ഓഡിയോ വൈറല്‍ ആയിരുന്നു. എന്നാല്‍ ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജോജു.
''എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയില്ല. പലരും ഈ സിനിമയക്ക് റിവ്യൂ ചെയ്തിട്ടുണ്ട്. എന്നാല്‍ അവരെ ഒന്നും ഞാന്‍ വിളിച്ചിട്ടില്ല.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാന്‍ ഇയാളെ വിളിച്ചത്. മനഃപൂര്‍വം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ചു സംസാരിച്ചത്. നിയമപരമായി ഇക്കാര്യത്തില്‍ ഞാന്‍ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികള്‍ മുടക്കിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്‌നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത്. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്'. ജോജുവിന്റെ വാക്കുകള്‍.
അതേസമയം ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവര്‍ ആദര്‍ശ് തന്നെ ഫേയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. 'ജോജു ജോര്‍ജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുന്‍പ് വിളിച്ചു. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും.
എന്തായാലും അത്തരം ഭീഷണികള്‍ ഇവിടെ വിലപോവില്ല എന്ന് വിനയപൂര്‍വം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോണ്‍ കോളില്‍ തന്നെ നല്‍കിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാള്‍ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്', ജോജുവിന്റെ ഫോണ്‍ കോളിന്റെ ഓഡിയോ സന്ദേശം പങ്കുവച്ചുകൊണ്ട് ആദര്‍ശ് കുറിച്ചിരുന്നു.