എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐ അന്വേഷണം ആരംഭിച്ചാല്‍ പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ ചോദ്യം ചെയ്യാന്‍ ആവില്ല; റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ കെ രഘുനാഥിന്റെ കൊലപാതക കേസില്‍ സുപ്രീം കോടതി വിധിച്ചത് ഇങ്ങനെ; അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിന്റെ കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെ വിധി ചര്‍ച്ചയാകുന്നു

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐ അന്വേഷണം ആരംഭിച്ചാല്‍ പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ ചോദ്യം ചെയ്യാന്‍ ആവില്ല

Update: 2025-04-29 16:44 GMT

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍, സിബിഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ നാളെ പരിഗണിക്കും. വരവില്‍ കവിഞ്ഞ സ്വത്ത് താന്‍ സമ്പാദിച്ചിട്ടില്ലെന്നും തന്റെ ഇടപാടുകളെല്ലാം ബാങ്കിലൂടെയാണ് നടന്നിരിക്കുന്നതെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. പബ്ലിക് സര്‍വന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞാല്‍, സിബിഐ പോലുള്ള ഒരു പ്രത്യേക ഏജന്‍സിയുടെ തുടര്‍ അന്വേഷണത്തിനുള്ള നിര്‍ദ്ദേശത്തെ പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ എതിര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ മുന്‍വിധി നിലവിലുണ്ട്.

ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരി കെ രഘുനാഥിന്റെ കൊലപാതകം അന്വേഷിക്കാന്‍ സി.ബി.ഐയോട് നിര്‍ദ്ദേശിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവാണ്് ഈ മാസം 24 ന് സുപ്രീം കോടതി ശരിവച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ' എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, അന്വേഷണം ആരംഭിക്കുകയോ ചെയ്തുകഴിഞ്ഞാല്‍ സിബിഐ അന്വേഷണത്തെ പ്രതിക്കോ, ആരോപണവിധേയനോ ചോദ്യം ചെയ്യാനാവില്ല. ഒരു പ്രത്യേക ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുന്നത് അടിസ്ഥാനപരമായി കോടതിയുടെ വിവേചനാധികാരത്തില്‍ പെടുന്ന കാര്യമാണ്'.

ആന്ധ്രപ്രദേശ് എംപിയായ ഡി കെ ആദികേശവലുമായി അടുത്ത ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ കെ രഘുനാഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. രഘുനാഥിന്റെ ഭാര്യ നല്‍കിയ കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. 2013 ല്‍ ആദികേശവലു അന്തരിച്ചതിനെ തുടര്‍ന്ന് രഘുനാഥും മുന്‍ എംപിയുടെ മക്കളും തമ്മില്‍ ചില വസ്തുക്കളുടെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും താനാണ് ഉടമയെന്ന വാദത്തില്‍ രഘുനാഥ് ഉറച്ചുനില്‍ക്കുകയും ചെയ്തു. 2019 ല്‍ രഘുനാഥിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെതിരെ ആദികേശവലുവിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

കെ എം എബ്രഹാമിന്റെ കേസ്

അതസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിന്റെ ഫയലുകള്‍ കൈമാറി വിജിലന്‍സ് സിബിഐക്ക് കൈമാറി. വിജിലന്‍സ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ എസ്പിയാണ് സിബിഐക്ക് ഫയലുകള്‍ കൈമാറിയത്

കെ എം എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍, തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ അന്വേഷണം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി കെ.എം ഏബ്രഹാമിന് ഇനി രക്ഷയില്ലെന്നും ഏബ്രഹാമിനെ സഹായിക്കാനുള്ള വിജിലന്‍സിന്റെ ശ്രമങ്ങള്‍ തകര്‍ന്നതായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രതികരിച്ചു.

അതേസമയം, കെ എം എബ്രഹാമിന്റെ 2003 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെയുള്ള 12 വര്‍ഷക്കാലത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന സി ബി ഐ തയ്യാറാക്കിയ എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്ത് വന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി ഇ ഒയുമാണ് എബ്രഹാം. 2016 ലാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ കെ എം എബ്രഹാമിന് എതിരായി വിജിലന്‍സിന് സമീപിച്ചത്. കെ എം എബ്രഹാം തിരുവനന്തപുരത്തും മുംബൈയിലും ഫ്‌ളാറ്റ് വാങ്ങിയതില്‍ അന്വേഷണം നടത്തുമെന്ന് എഫ് ഐ ആറില്‍ പറയുന്നു. കെ എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ ഇക്കഴിഞ്ഞ 25 നു സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ പകര്‍പ്പാണ് പുറത്തുവന്നത്.

തിരുവനന്തപുരത്ത് ഒരു കോടി രൂപയുടെ ഫ്‌ളാറ്റ് വാങ്ങിയത്, മുംബൈയിലെ മൂന്ന് കോടി രൂപയുടെ ഫ്‌ളാറ്റ്, കൊല്ലം കടപ്പാക്കടയിലെ എട്ടുകോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് ഇടപാട് എന്നിവ അടക്കമുള്ള കാര്യങ്ങള്‍ സി ബി ഐ വിശദമായി അന്വേഷിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്തത്.

അഴിമതി നിരോധന നിയമപ്രകാരമാണ് സി ബി ഐ എഫ് ഐ ആര്‍. കെ എം എബ്രഹാമിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നു കോടതിയെ സമീപിച്ചത്. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ.എം എബ്രഹാമിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെന്‍ ഡൗണ്‍ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ കെഎം എബ്രഹാമിന് കേസില്‍ ക്ലീന്‍ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നും. വരവില്‍ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്.

Tags:    

Similar News