അപകീര്‍ത്തി, ക്രിമിനല്‍ കുറ്റം അല്ലാതാക്കേണ്ട സമയമായി; എത്രകാലം ഈ കേസൊക്കെ ഇങ്ങനെ നീട്ടി കൊണ്ടുപോകും? 'ദ വയര്‍' ന്യൂസ് പോര്‍ട്ടലിന് എതിരെ ജെ എന്‍ യുവിലെ പ്രൊഫസര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി; രാഹുല്‍ ഗാന്ധിക്കെതിരായ സമാനമായ കേസ് ശ്രദ്ധയില്‍ പെടുത്തി കപില്‍ സിബല്‍

അപകീര്‍ത്തി ക്രിമിനല്‍ കുറ്റം അല്ലാതാക്കേണ്ട സമയമായെന്ന് സുപ്രീംകോടതി

Update: 2025-09-22 11:14 GMT

ന്യൂഡല്‍ഹി: അപകീര്‍ത്തി ക്രിമിനല്‍ കുറ്റം അല്ലാതാക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല( ജെ എന്‍ യു) വിലെ വിരമിച്ച അദ്ധ്യാപിക, പ്രൊഫസര്‍ അമിത സിങ് നല്‍കിയ മാനനഷ്ടക്കേസില്‍ തങ്ങള്‍ക്കയച്ച സമന്‍സിനെ ചോദ്യം ചെയ്ത് ദ വയര്‍ ന്യൂസ് പോര്‍ട്ടല്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസുമാരായ എം എം സുന്ദരേശും, സതീശ് ചന്ദ്ര ശര്‍മ്മയും ഈ നിരീക്ഷണം നടത്തിയത്.

വയറിന്റെ നടത്തിപ്പുകാരായ ദ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസം നല്‍കിയ ഹര്‍ജിയില്‍ ഡോ.അമിത സിങ്ങിന് കോടതി നോട്ടീസ് അയച്ചു. ജെ.എന്‍.യുവിനെ 'സംഘടിത സെക്‌സ റാക്കറ്റിന്റെ ഗുഹ' എന്ന് വിശേഷിപ്പിക്കുന്ന 200 പേജുള്ള രേഖ തയ്യാറാക്കിയ അധ്യാപക സംഘത്തിന്റെ തലപ്പത്ത് പൊഫ. അമിത സിങ് എന്ന് പരാമര്‍ശിക്കുന്ന ലേഖനവുമായി ബന്ധപ്പെട്ട് 2016ലാണ് 'ദി വയറി'നും, റിപ്പോര്‍ട്ടറിനുമെതിരെ ക്രിമിനല്‍ മാനഷ്ട കേസ് ഫയല്‍ ചെയ്തത്.

2017 ഫെബ്രുവരിയില്‍ ഈ കേസില്‍ മജിസ്‌ട്രേറ്റ് കോടതി പോര്‍ട്ടലിന് സമന്‍സ് അയച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം സമന്‍സ് മാറ്റി വച്ച സുപ്രീം കോടതി ലേഖനം പരിശോധിച്ച ശേഷം സമന്‍സില്‍ പുനരാലോചന നടത്താന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം ജനുവരിയില്‍, ന്യൂസ് പോര്‍ട്ടലിനും പൊളിറ്റിക്കല്‍ അഫയേഴ്‌സ് എഡിറ്റര്‍ അജോയ് ആശിര്‍വാദ് മഹാപ്രഷസ്തയ്ക്കും മജിസ്‌ട്രേറ്റ് വീണ്ടും സമന്‍സ് അയച്ചു. മെയ് 7ന് ഡല്‍ഹി ഹൈക്കോടതി, മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ശരിവച്ചു. ഈ നടപടിയെ ചോദ്യം ചെയ്ത് വാര്‍ത്താ പോര്‍ട്ടല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

'ഇതെല്ലാം ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത് എത്രകാലം ഈ കേസൊക്കെ ഇങ്ങനെ നീട്ടി കൊണ്ടുപോകും? ജസ്റ്റിസ് സുന്ദരേശ് ചോദിച്ചു. ദ വയര്‍ ന്യൂസ് പോര്‍ട്ടലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതി നിരീക്ഷണം ശരിവച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ സമാനമായ കേസും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

പുതിയ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 356 അപകീര്‍ത്തി ക്രിമിനല്‍ കുറ്റമാക്കുന്നു. ഇത് ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 499ന് പകരമായാണ് നിലവില്‍ വന്നിട്ടുള്ളത്. ലോകത്തിലെ ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളില്‍ മാത്രമാണ് അപകീര്‍ത്തി ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നത്. മിക്ക രാജ്യങ്ങളിലും ഇത് സിവില്‍ കുറ്റം മാത്രമാണ്. അപകീര്‍ത്തി കേസില്‍ ക്രിമിനല്‍ നടപടികള്‍ക്ക് പകരം സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് മാറേണ്ട ആവശ്യകതയിലേക്കാണ് സുപ്രീം കോടതിയുടെ നിരീക്ഷണം സൂചിപ്പിക്കുന്നത്.

2016 ല്‍ ഐപിസിയിലെ സെക്ഷന്‍ 499 ന്റെ സാധുത സുപ്രീംകോടതി ശരിവച്ചിരുന്നു. സുബ്രഹ്‌മണ്യം സ്വാമി, രാജീവ് ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഈ സെക്ഷന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കോടതി വിധി വന്നത്.


Tags:    

Similar News