യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ബെയ്ലിന്‍ ദാസിന് ജാമ്യം; കോടതി നല്‍കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ബെയ്‌ലിന്‍ ദാസ്; പ്രതിക്ക് ജാമ്യം നല്‍കിയാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് പ്രോസിക്യൂഷന്‍; കോടതി ജാമ്യം അനുവദിച്ചത് ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതുള്‍പ്പെടെ കര്‍ശന ഉപാധികളോടെ; സീനിയര്‍ അഭിഭാഷകന്‍ പൂജപ്പുര ജയിലില്‍ നിന്നും പുറത്തേക്ക്

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ബെയ്ലിന്‍ ദാസിന് ജാമ്യം

Update: 2025-05-19 06:41 GMT

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് റിമാന്‍ഡിലായി നാലാം ദിവസം കോടതി ബെയ്ലിന് ജാമ്യം നല്‍കിയിരിക്കുന്നത്. ഒരു തരത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഗൗരവമുള്ള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്നാണായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചത്.

എന്നാല്‍ ജൂനിയര്‍ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും, ഓഫീസിനുള്ളില്‍ നടന്ന നിസ്സാര സംഭവത്തെ പാര്‍വതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. കോടതി നല്‍കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിന്‍ ദാസിന്റെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിക്കു തൊഴിലിടത്തു സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാല്‍ ജാമ്യം നല്‍കുന്നതു നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ബെയ്ലിനും മര്‍ദ്ദനമേറ്റെന്നായിരുന്നുവെന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. അഭിഭാഷക ഓഫീസിനുള്ളില്‍ രണ്ടു ജൂനിയര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കമാണ് പ്രശ്‌നത്തില്‍ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.ബാര്‍ അസോസിയേനെ തള്ളി മര്‍ദ്ദനമേറ്റ വി.ശ്യാമിലി രംഗത്തെത്തിയതുള്‍പ്പടെ വിവാദമായിരുന്നു.

ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചതാണ് മര്‍ദ്ദനം. പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി. ലീഡിങ് വക്കീലാണ്. ജാമ്യത്തിന് വേണ്ടി കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഇതായിരുന്നു.

തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും കോടതിയില്‍ പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ നേരത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവാഴ്ചയാണു ഓഫിസില്‍ വച്ച് ബെയ്‌ലിന്‍ ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ചത്. ഇടതുകവിളില്‍ അടിയേറ്റു വീണ ശ്യാമിലി എഴുന്നേല്‍ക്കുന്നതിനിടയില്‍ കൈയില്‍പിടിച്ചു തിരിച്ച ശേഷം ബെയ്ലിന്‍ ദാസ് വീണ്ടും കവിളില്‍ അടിക്കുകയായിരുന്നുവെന്നാണു റിമാന്‍ഡ് അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ബെയ്ലിന്‍ ദാസിനെ വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Similar News